കിലയുടെ പങ്കാളിത്തത്തോടെ ഓൺലൈൻ ടിഒടി വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
ഒരു മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ പരിശീലന പരിപാടിയാണ് കിലയിലെ ഫാക്കൽറ്റി അംഗങ്ങൾ തയ്യാറാക്കിയിരുന്നത്
ന്യൂഡെൽഹി: സങ്കൽപ്പ് പദ്ധതിക്ക് കീഴിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേറ്റീവുമായി (കില)ചേർന്ന് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ഒരു മാസം നീണ്ടുനിൽക്കുന്ന വർച്വൽ പരിശീലന പരിപാടി പരിശീലകർക്ക് (ടിഒടി) വേണ്ടി സംഘടിപ്പിച്ചു. കിലയിൽ നിന്നുള്ള 24 ഫാക്കൽറ്റി അംഗങ്ങളെ ഉൾപ്പെടുത്തി പരിശീലന പരിപാടി മെയ് 31 ന് ആരംഭിച്ചിരുന്നു. പരിശീലനം ലഭിച്ച ഇവർ സംസ്ഥാന ജില്ലാതല ഫാക്കൽറ്റികൾക്ക് നൈപുണ്യ വികസന പരിശീലനം നൽകും. കേരളം, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കായിരിക്കും കിലയിലെ പരിശീലകർ ക്ലാസ് എടുക്കുന്നത്.
വികേന്ദ്രീകൃതമായി എങ്ങനെയാണ് നൈപുണ്യ വികസന പദ്ധതികൾ തയ്യാറാക്കുക, തന്ത്രപ്രധാനമായി വിദഗ്ധ പരിശീലന പരിപാടികളൊരുക്കുന്നത്, അവയുടെ നടത്തിപ്പ്, സംസ്ഥാന ജില്ലാ തലങ്ങളിൽ നൈപുണ്യ വികസന പരിപാടികളുടെ നിരീക്ഷണം തുടങ്ങിയ വിഷയങ്ങളിലാണ് വർക്ക് ഷോപ്പ് നടത്തിയത്. വിദഗ്ധ തൊഴിലന്തരീക്ഷത്തിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ പ്രത്യേക ഗസ്റ്റ് സെഷനുകളിൽ അനുഭവം പങ്കുവെയ്ക്കുകയും ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയ്നിംഗ് മേഖലയെക്കുറിച്ച് അടിസ്ഥാനപരമായ അറിവുകൾ പങ്കുവെയ്ക്കുകയും ജില്ലാതല നൈപുണ്യാന്തരീക്ഷത്തിലെ വെല്ലുവിളികൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഇൻഫർമേഷൻ എജ്യുക്കേഷൻ കമ്യൂണിക്കേഷൻ, ബിഹേവിയർ ചെയ്ഞ്ച് കമ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിൽ പ്രത്യേക ഊന്നൽ നൽകിയായിരുന്നു പരിശീലന പരിപാടി. നിലവിൽ നൈപുണ്യ പരിശീലന പരിപാടികൾ നേരിടുന്ന വെല്ലുവിളികൾ, അഭിരുചി പരിശോധനകൾ, കാംപെയ്നുകൾ, കൗൺസലിംഗ് തുടങ്ങിയവയെ സമഗ്ര വീക്ഷണത്തോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്യുന്ന തരത്തിലാണ് പരിശീലനം നടന്നത്.