മുന്‍മന്ത്രിക്കെതിരെ വധഭീഷണി; ശശികലക്കെതിരെ കേസ്
ചെന്നൈ: മുന്‍ മന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസില്‍ എഐഎഡിഎംകെയുടെ മുന്‍ ഇടക്കാല ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍മന്ത്രിയും വില്ലുപുരം ജില്ല സെക്രട്ടറിയുമായ സി വി ഷണ്‍മുഖവും എഐഎഡിഎംകെയും നല്‍കിയ പരാതിയില്‍ വില്ലുപുരം ജില്ലയിലെ റോസനൈ പോലീസ് ആണ് നടപടി സ്വീകരിച്ചത്. ശശികലയും മറ്റ് 500 പേരും ചേര്‍ന്ന് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്നാണ് പരാതി. ശശികലയ്ക്കും മറ്റുള്ളവര്‍ക്കെതിരെയും ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എ.ഐ.എ.ഡി.എം.കെയില്‍ ഒരിക്കലും പ്രവേശനം അനുവദിക്കില്ലെന്ന് ശശികലയ്ക്കെതിരെ പത്രക്കുറിപ്പ് ഇറക്കിയതിനെത്തുടര്‍ന്ന് മുന്‍മന്ത്രി നിരവധി വധ ഭീഷണികളും ടെലിഫോണിലൂടെ എത്തി. തുടര്‍ന്ന് ജൂണ്‍ 9 ന് ആണ് അദ്ദേഹം പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടായത് ഇപ്പോഴാണ്. തന്‍റെ മൊബീല്‍ ഫോണില്‍ അഞ്ഞൂറിലധികം കോളുകള്‍ ലഭിച്ചതായും അതില്‍ ഭൂരിഭാഗവും വധ ഭീഷണികളാണെന്നും ഷണ്‍മുഖം പരാതിയില്‍ പറഞ്ഞിരുന്നു.
വകുപ്പ് 506 (1) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 507 (ഒരു അജ്ഞാത ആശയവിനിമയത്തിലൂടെ ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ (ഐപിസി) 109 (സഹായിച്ചതിന് ശിക്ഷ), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്‍റെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഐഎഡിഎംകെയെ പിന്‍വാതില്‍ മാര്‍ഗങ്ങളിലൂടെ ഏറ്റെടുക്കാന്‍ ശ്രമിച്ചതായി ശശികലക്കെതിരെ നേരത്തെതന്നെ പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴും പാര്‍ട്ടിയിലെ അസംതൃപ്തരെ കണ്ടെത്തി ഔദ്യോഗിക വിഭാഗത്തിനെതിരെ കരുക്കള്‍ നീക്കാനുള്ള ശ്രമത്തിലാണ് അവര്‍.