പഞ്ചാബ് കോണ്‍ഗ്രസിലെ കലഹത്തിനിടെ സിദ്ധു പ്രിയങ്കയെ സന്ദര്‍ശിച്ചു
ന്യൂഡെല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ കലാപത്തിന്‍റെ കൊടി ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് നവജോത് സിംഗ് സിദ്ധു ബുധനാഴ്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചു. താനും സിദ്ധുവും തമ്മില്‍ ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുമായി ക്രിക്കറ്റ് താരം രാഷ്ട്രീയക്കാരന്‍റെ കൂടിക്കാഴ്ച നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനായി എത്തിയപ്പോഴാണ് സിദ്ധുവുമായുള്ള കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്.
അമരീന്ദര്‍ സിംഗിനെതിരായ നിലപാടിലുറച്ചുനില്‍ക്കുന്ന ക്രിക്കറ്റ് താരമായിരുന്ന സിദ്ധുവിന് രാഹുല്‍ സമാധാനത്തിന്‍റെ വഴി നിര്‍ദ്ദേശിച്ചുകൊടുക്കും എന്ന് പഞ്ചാബിലെ കോണ്‍ഗ്രസിനുള്ളില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് പരാജയപ്പെട്ടതായിവേണം കരുതാന്‍. കഴിഞ്ഞയാഴ്ച പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാക്കര്‍, ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍, എംപിമാരായ പ്രതാപ് സിംഗ് ബജ്വ, മനീഷ് തിവാരി എന്നിവര്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിക്കുകയും സംസ്ഥാന കോണ്‍ഗ്രസില്‍ കലഹങ്ങള്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ അതിരൂക്ഷമാണ്. അടുത്തവര്‍ഷം സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന് പോകുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ പാാരോട്ടം അവസാനിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ഇപെട്ടിലിലെങ്കില്‍ വ്യക്തമായി ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന പാര്‍ട്ടി പ്രതിപക്ഷത്തേക്ക് മാറുമെന്ന സ്ഥിതിയിലാണ്.
സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എംഎല്‍എമാരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനത്തില്‍ ചില തെറ്റായ ആളുകള്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുകയാണെന്നും യോഗത്തില്‍ സുനില്‍ ജഖാര്‍ പറഞ്ഞിരുന്നു.സിദ്ധുവിന്‍റെ വിഷയം പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രതാപ് സിംഗ് ബജ്വയും രാഹുല്‍ ഗാന്ധിയെ കണ്ടു, സംസ്ഥാനത്തെ അടിസ്ഥാന യാഥാര്‍ത്ഥ്യത്തെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായി പറഞ്ഞു. അടുത്ത വര്‍ഷം ആംആദ്മി പാര്‍ട്ടിയും മോഹിപ്പിക്കുന്ന വാഗ്ദാനം നല്‍കി സംസ്ഥാനത്ത് എല്ലാ സീറ്റിലും മത്സരിക്കാന്‍ സാധ്യതയേറെയാണ്. ബിജെപി എല്ലാ സീറ്റഇലും ഒറ്റയ്ക്ക് മത്സരിക്കും. അതിനുപുറമേയാണ് അകാലദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ . അതിനാല്‍ പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെങ്കില്‍ മാത്രമെ മുന്നോട്ടുള്ള പ്രവര്‍ത്തനം സുഗമമാകുകയുള്ളു.