ഇന്നു മുതല്‍ 15 വരെ വിള ഇന്‍ഷുറന്‍സ് പക്ഷാചരണം
1 min readതിരുവനന്തപുരം: വിള ഇന്‍ഷുറന്‍സ് ദിനമായ ഇന്നു മുതല്‍ 15 വരെ സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സ് പക്ഷാചരണം സംഘടിപ്പിക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനുള്ള ശ്രമങ്ങളാണ് പക്ഷാചരണത്തിന്‍റെ ഭാഗമായി നടപ്പാക്കുന്നത്.
ഇന്‍ഷുറന്‍സ് എടുക്കുന്നതിന് എഐഎംഎസ് (AIMS) മൊബൈല്‍ ആപ്ലിക്കേഷനും www.aims.kerala.gov.in എന്ന വെബ്സൈറ്റും സന്ദര്‍ശിക്കാം. പ്രകൃതിക്ഷോഭം, വന്യജീവികളുടെ ആക്രമണം എന്നിവ മൂലം സംഭവിക്കുന്ന വിള നഷ്ടങ്ങള്‍ക്ക് ആനുപാതികമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് വിള ഇന്‍ഷുറന്‍സ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്ക് പിഎംഎഫ്ബിഐ, ആര്‍ഡബ്ല്യുബിസിഐസ് തുടങ്ങിയ ഇന്‍ഷുറന്‍സ് പദ്ധതികളിലും അംഗമാകുന്നതിന് തടസമില്ലെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ് 19-മായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കുന്നതിനും കൂടിയാലോചനകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും കൃഷി വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.