ഇന്ത്യ – അബുദാബി യാത്രാവിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂലൈ 21 വരെ തുടരും: ഇത്തിഹാദ്
1 min readനിലവിലെ കോവിഡ്-19 സാഹചര്യം കണക്കിലെടുത്താണ് തീരുമാനം
അബുദാബി: ഇന്ത്യയില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രാ വിമാന സര്‍വ്വീസുകള്‍ ജൂലൈ 21 വരെ റദ്ദ് ചെയ്തതായി അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസ്. നിലവിലെ കോവിഡ്-19 സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും ജൂലൈ 21 വരെ നീട്ടിയതായും യാത്രക്കാരന്റെ ചോദ്യത്തിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയില്‍ ഇത്തിഹാദ് വ്യക്തമാക്കി.
ഇന്ത്യ, പാക്കിസ്ഥാന്‍, ലൈബീരിയ, നമീബിയ, സെയ്‌റ ലിയോണ്‍. റിപ്പബ്ലിക് ഓപ് കോംഗോ,ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് നീട്ടാന്‍ യുഎഇ തീരുമാനിച്ചതായി രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിട്ടി (ജിസിഎഎ) പുറത്തിറക്കിയ അറിയിപ്പ് ഉദ്ധരിച്ച് ചില സാമൂഹ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇന്ത്യ-യുഎഇ യാത്രാ വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയതായി ജിസിഎഎ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ ഏഴ് മുതല്‍ ഇന്ത്യ – ദുബായ് സര്‍വ്വീസുകള്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി. അതേസമയം ഇതുമായി ബന്ധപ്പെട്ട യാത്രാ നിബന്ധനകള്‍, ആവശ്യമായ അനുമതികള്‍ എന്നിവ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.