കോവിഡ് വാക്സിനേഷന്‍ റോക്കോഡ് നേട്ടവുമായി ഇന്ത്യ
1 min read- ജൂണ്‍ 21-നും 26-നും ഇടയില്‍ ഇന്ത്യയില്‍ വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ് വാക്സിന്‍
- ജൂണ്‍ 21-നു മാത്രം 80 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇന്ത്യ കോവിഡ് വാക്സിന്‍ നല്‍കിയത്
- സ്വിറ്റ്സര്‍ലന്‍ഡിലെ ആകെ ജനസംഖ്യയോളം ആളുകള്‍ക്കാണ് ഇന്ത്യ ഒരു ദിവസം മാത്രം വാക്സിന്‍ വിതരണം ചെയ്തത്
ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് പ്രതിരോധ വാക്സിന്‍റെ പ്രതിവാര വിതരണത്തില്‍ റെക്കോഡ് വര്‍ധന. ജൂണ്‍ 21-നും 26-നും ഇടയില്‍ ഇന്ത്യയില്‍ വിതരണം ചെയ്തത് 3.3 കോടിയില്‍ അധികം ഡോസ് വാക്സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു. ഏപ്രില്‍ മൂന്നിനും ഒന്‍പതിനും ഇടയില്‍ 2.47 കോടി ഡോസുകള്‍ നല്‍കിയതാണ് ഇതിനു മുന്‍പുള്ള റെക്കോഡ് വാക്സിനേഷന്‍.
ജൂണ്‍ 21-നു മാത്രം 80 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇന്ത്യ കോവിഡ് വാക്സിന്‍ നല്‍കിയത്. യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്സര്‍ലന്‍ഡിലെ ആകെ ജനസംഖ്യയോളം ആളുകള്‍ക്കാണ് ഇന്ത്യ അന്നു മാത്രം വാക്സിന്‍ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,698 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ 19-ാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.
ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് 5,95,565 പേരാണ്. 86 ദിവസത്തിനുശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയാകുന്നത്.
ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,303-ന്‍റെ കുറവാണുണ്ടായത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.97% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനാല്‍, രാജ്യത്ത് തുടര്‍ച്ചയായ 44-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,818 പേരാണ് രോഗമുക്തരായത്.
പുതിയ പ്രതിദിന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,000-ത്തിലധികമാണ് (16,120) രോഗമുക്തരുടെ എണ്ണം.
രാജ്യത്തിതുവരെ ആകെ 2,91,93,085 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,818 പേര്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 96.72% ആയി.
രാജ്യത്തൊട്ടാകെ പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൊത്തം 17,35,781 പരിശോധനകള്‍ നടത്തി. ആകെ 39.78 കോടി (39,95,68,448) പരിശോധനകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.97 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.79 ശതമാനവുമാണ്. തുടര്‍ച്ചയായ 19-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.