പൊതുമേഖലക്കായി പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തും: പി. രാജീവ്
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മികവിന്‍റെ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു.
മികച്ച പൊതുമേഖലാ സ്ഥാപനം, മികച്ച മാനേജിംഗ് ഡയറക്ടര്‍, മികച്ച മാനേജ്മെന്‍റ് – ഗവേഷണപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഓഫീസര്‍, മാതൃകാ തൊഴിലാളി എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും പുരസ്കാരങ്ങള്‍ നല്‍കുക. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും തെരഞ്ഞെടുപ്പു രീതി നിര്‍ദ്ദേശിക്കുന്നതിനും കോഴിക്കോട് ഐ ഐ എമ്മിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
മാനേജിംഗ് ഡയറക്ടര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അക്കാദമിക – മാനേജ്മെന്‍റ് മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ ഗവേഷണ, മാനേജ്മെന്‍റ് സ്ഥാപനങ്ങളുമായി ചേര്‍ന്നായിരിക്കും പരിശീലന പരിപാടി സംഘടിപ്പിക്കുക. പുതിയ സാങ്കേതിക, മാനേജ്മെന്‍റ് രീതികള്‍ പരിചയപ്പെടുത്തുന്നതിനുള്ള റിഫ്രഷര്‍ കോഴ്സുകളും സംഘടിപ്പിക്കുമെന്നും പി. രാജീവ് പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം വര്‍ധിപ്പിക്കാന്‍ സാധിച്ചിരുന്നു. സാധ്യമായ സ്ഥാപനങ്ങളില്‍ വൈവിധ്യവത്കരണം നടപ്പാക്കി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്.