ദമക് പ്രോപ്പര്‍ട്ടീസ് പുതിയ ചെയര്‍മാനെ നിയമിച്ചു, സജ്‌വാനിയുടെ ഓഫര്‍ സ്വതന്ത്ര കമ്മിറ്റി പരിഗണിക്കും
ഫാറൂഖ് അര്‍ജോമന്ദ് ചെയര്‍മാന്‍, അലി മലള്ള ബിന്‍ജബ് വൈസ് ചെയര്‍മാന്‍
ദുബായ്: ദുബായ് ആസ്ഥാനമായ കെട്ടിട നിര്‍മാതാക്കളായ ദമക് പ്രോപ്പര്‍ട്ടീസ് ഫാറൂഖ് അര്‍ജോമന്ദിനെ പുതിയ ചെയര്‍മാനായി നിയമിച്ചു. കഴിഞ്ഞ ആഴ്ച ഹുസ്സൈന്‍ സജ്‌വാനി ദമക് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാന്റെ നിയമനം. അലി മലള്ള ബിന്‍ജബിനെ പുതിയ വൈസ് ചെയര്‍മാനായും നിയമിച്ചതായി കമ്പനി അറിയിച്ചു.
ദമകില്‍ 72 ശതമാനം ഉടമസ്ഥാവകാശമുള്ള ഹുസ്സൈന്‍ സജ്‌വാനി തന്റെ നിക്ഷേപക സ്ഥാപനമായ മേപ്പിള്‍ ഇന്‍വെസ്റ്റിലൂടെ ലിസ്റ്റഡ് കമ്പനിയായ ദമകിന്റെ നൂറ് ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. ദമകിന്റെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഓഹരികള്‍ക്ക് 2.2 ബില്യണ്‍ ദിര്‍ഹത്തിന്റെ ഉപാധികളോടെയുള്ള ഓഫറാണ് മേപ്പിള്‍ മുന്നോട്ടുവെച്ചത്. ആശയക്കുഴപ്പം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സജ്‌വാനി ദമക് ചെയര്‍മാന്‍ ്സ്ഥാനം രാജിവെച്ചത്.
മേപ്പിളിന്റെ ഓഫര്‍ വിലയിരുത്തുന്നതിനായി അല്‍ തമീമിയെ നിയമ ഉപദേഷ്ടാവായും കെപിഎംജി ലോവര്‍ ഗള്‍ഫിനെ മൂല്യനിര്‍്ണ്ണയ സ്ഥാപനമായും അര്‍ഖാം കാപ്പിറ്റലിനെ സാമ്പത്തിക ഉപദേഷ്ടാവായും നിയമിച്ചതായി ദമക് ദുബായ് ഓഹരി വിപണിയെ അറിയിച്ചിരുന്നു. ഓഫര്‍ വിലയിരുത്തുന്നതിനായി സ്വതന്ത്ര കമ്മിറ്റിക്കും ദമക് രൂപം നല്‍കിയിട്ടുണ്ട്.
2013ല്‍ ലണ്ടന്‍ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന ഓഹരികള്‍ 2015ലാണ് ദമക് ദുബായ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. യുകെയില്‍ നടന്ന പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ379 മില്യണ്‍ ഡോളറാണ് കമ്പനി സമാഹരിച്ചത്. ദുബായ് പ്രോപ്പര്‍ട്ടി വിപണിയിലെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ 2019ലും 2020ലും ദമക് നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.