കോവിഡ് പ്രതിസന്ധി, 200 ജീവനക്കാരെ പിരിച്ചുവിട്ട് ബുക്ക് മൈ ഷോ
1 min readന്യൂഡെല്‍ഹി: സിനിമാ ടിക്കറ്റുകളും വിനോദ പരിപാടികളും ബുക്ക് ചെയ്യുന്നതിനുള്ള പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോ 200 ജീവനക്കാരെ പിരിച്ചുവിട്ടു. നേരത്തേ കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ ആദ്യ തരംഗത്തില്‍ 270പേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ രാജ്യത്തെ പ്രധാന ചലച്ചിത്ര വിപണികളിലെല്ലാം തിയറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് പ്ലാറ്റ്ഫോം വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്.
തങ്ങളുടെ ബിസിനസിനെ സാരമായി ബാധിച്ച രണ്ടാം കോവിഡ് തരംഗത്തിന്‍റെ ഫലമാണ് അടുത്തിടെയുള്ള പിരിച്ചുവിടലെന്നും അവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ തന്നെയായിരുന്നു എന്നും ബുക്ക് മൈ ഷോ സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ ആശിഷ് ഹെമ്റജാനി പറഞ്ഞു. അവര്‍ക്ക് മറ്റ് അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം മുന്നോട്ടുവെച്ചു.
മൂവി ടിക്കറ്റിംഗില്‍ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍ നിന്നുമാണ് വരുമാനത്തിന്‍റെ 65 ശതമാനവും ബുക്ക് മൈഷോ സ്വന്തമാക്കിയിരുന്നത്. സിനിമാ ഹാളുകള്‍ മിക്കവാറും അടച്ചിട്ടിരിക്കുന്നതിനാല്‍ പാന്‍ഡെമിക് അതിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. സാഹചര്യം കണക്കിലെടുത്ത്, ബുക്ക് മൈ ഷോ ഒരു പേ-പെര്‍ വ്യൂ മൂവി സ്ട്രീമിംഗും ആരംഭിച്ചു, പക്ഷേ ഇത് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.