ഗെയിമിംഗ് കരിയറാക്കാന്‍ വനിതകള്‍ മുന്നില്‍
- എച്ച്പി ഇന്ത്യ ഗെയിമിംഗ് ലാന്‍ഡ്സ്‌കേപ്പ് റിപ്പോര്‍ട്ട്
- ഇന്ത്യയില്‍ ഗെയിമിംഗ് ആവശ്യങ്ങള്‍ക്കായി പിസികള്‍ക്ക് പ്രാധാന്യം വര്‍ധിച്ചുവരുന്നു
കൊച്ചി: ഇന്ത്യയില്‍ ഗെയിമിംഗ് ആവശ്യങ്ങള്‍ക്കായി പിസികള്‍ക്ക് പ്രാധാന്യം വര്‍ധിച്ചുവരുന്നതായി എച്ച്പി ഇന്ത്യ ഗെയിമിംഗ് ലാന്‍ഡ്സ്‌കേപ്പ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ മികച്ച ഗെയിമിംഗ് അനുഭവം പിസി നല്‍കുമെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 89 ശതമാനം ആളുകളുടെയും പ്രതികരണം. മികച്ച പ്രോസസിംഗ് വേഗത, ഡിസ്‌പ്ലേ, ശബ്ദം എന്നിവയാണ് ഗെയിമര്‍മാര്‍ പിസി ഗെയിമിംഗിലേക്ക് മാറാനുള്ള പ്രധാന കാരണങ്ങള്‍. ഗെയിമിംഗ് വ്യവസായം ലാഭകരമായ കരിയര്‍ ഓപ്ഷനാണെന്ന് പഠനത്തില്‍ പങ്കെടുത്തവരില്‍ 90 ശതമാനം പേര്‍ പറയുന്നു. 84 ശതമാനം വനിതകളും ഗെയിമിംഗ് കരിയര്‍ ഓപ്ഷനായി പിന്തുടരാന്‍ ആഗ്രഹിക്കുന്നവരാണ്. മാത്രമല്ല, 80 ശതമാനം പുരുഷന്മാരും 91 ശതമാനം ജനറേഷന്‍ എക്‌സ് പ്രായക്കാരും 88 ശതമാനം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഇതേ അഭിപ്രായം പങ്കുവെയ്ക്കുന്നു.
ആളുകള്‍ കൂടുതല്‍ സമയം വീട്ടില്‍ ചെലവഴിക്കുന്നതിനാല്‍ വിനോദത്തിനും പലവിധ സമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നതിനും സാമൂഹിക ബന്ധങ്ങള്‍ക്കും പുതിയ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഗെയിമിംഗ് പുതിയ സ്വീകാര്യത കൈവരിച്ചത്. ഇതോടെ സമഗ്രമായ ഗെയിമിംഗ് അനുഭവം നല്‍കുന്ന പ്രിയപ്പെട്ട ഉപകരണമായി പിസി മാറി. മൊബീല്‍ ഫോണുകളില്‍നിന്ന് പിസികളിലേക്കുള്ള ഗെയിമര്‍മാരുടെ ഒഴുക്ക് വലിയ ബിസിനസ് അവസരമാണ് നല്‍കുന്നതെന്ന് എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്റ്റര്‍ കേതന്‍ പട്ടേല്‍ പറഞ്ഞു.
ഗെയിമിംഗിനുപുറമെ, സര്‍വെയില്‍ പങ്കെടുത്തവരില്‍ 54 ശതമാനം വിനോദം, 54 ശതമാനം ഫോട്ടോ / വീഡിയോ എഡിറ്റിംഗ്, 48 ശതമാനം ഗ്രാഫിക് ഡിസൈന്‍ എന്നീ ആവശ്യങ്ങള്‍ക്കായി പിസി ഉപയോഗിക്കുന്നു. ഇത് ഗെയിമിംഗ് ശേഷിയുള്ള പിസികളുടെ വൈവിധ്യം വ്യക്തമാക്കുന്നതാണ്. രാജ്യത്തെ മെട്രോ, ഒന്നാം ശ്രേണി, രണ്ടാം ശ്രേണി നഗരങ്ങളില്‍ ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് സര്‍വെ നടത്തിയത്. 15 നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് സര്‍വെയുടെ ഭാഗമായി സമീപിച്ചത്. ഇവര്‍ എല്ലാവരും പിസികളിലും സ്മാര്‍ട്ട്ഫോണുകളിലും ആക്ഷന്‍, അഡ്വഞ്ചര്‍ ഗെയിമുകള്‍ കളിക്കുന്നവരായിരുന്നു.