മഹീന്ദ്ര ഗ്രൂപ്പ് ചീഫ് ഡിസൈന്‍ ഓഫീസറായി പ്രതാപ് ബോസ് രംഗത്ത്
യുകെയില്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുന്ന മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ സെന്റര്‍ ആസ്ഥാനമായി പ്രതാപ് ബോസ് പ്രവര്‍ത്തിക്കും
മുംബൈ: ടാറ്റ മോട്ടോഴ്‌സ് വിട്ട പ്രതാപ് ബോസ് മഹീന്ദ്ര ഗ്രൂപ്പില്‍ ചേരും. മഹീന്ദ്ര ഗ്രൂപ്പ് പുതുതായി രൂപീകരിച്ച ഗ്ലോബല്‍ ഡിസൈന്‍ ഓര്‍ഗനൈസേഷനെ നയിക്കുന്നതിന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും ചീഫ് ഡിസൈന്‍ ഓഫീസറായും അദ്ദേഹത്തെ നിയമിച്ചു. യുകെയില്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുന്ന മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ സെന്റര്‍ ആസ്ഥാനമായി പ്രതാപ് ബോസ് പ്രവര്‍ത്തിക്കും. ടാറ്റ മോട്ടോഴ്‌സില്‍നിന്ന് രാജിവെച്ച പ്രതാപ് ബോസ് മഹീന്ദ്രയില്‍ ചേരുമെന്ന് നേരത്തെ പ്രചരിച്ചിരുന്നു.
മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ സെന്റര്‍ കൂടാതെ മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോയുടെയും ഉത്തരവാദിത്തം പ്രതാപ് ബോസിനായിരിക്കും. ബോണ്‍ ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന എസ്‌യുവികള്‍, 3.5 ടണ്ണിന് താഴെ വരുന്ന എല്‍സിവികള്‍, ലാസ്റ്റ് മൈല്‍ മൊബിലിറ്റി വാഹനങ്ങള്‍, വലിയ വാണിജ്യ വാഹനങ്ങള്‍, പ്യൂഷോ സ്‌കൂട്ടറുകള്‍, ട്രാക്ടറുകള്‍, ഫാം മഷീനുകള്‍ തുടങ്ങി എല്ലാ പ്രധാന ബിസിനസ് സെഗ്‌മെന്റുകളിലെയും വാഹനങ്ങളുടെ രൂപകല്‍പ്പനയില്‍ പ്രതാപ് ബോസ് മേല്‍നോട്ടം വഹിക്കും. ഈ മാസം 24 ന് അദ്ദേഹം മഹീന്ദ്രയില്‍ ചേരും.
ആഗോള ഓട്ടോമോട്ടീവ് ഡിസൈന്‍ രംഗത്ത് ഇരുപത് വര്‍ഷത്തിലധികം വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് പ്രതാപ് ബോസ്. യുകെയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റായി ഒടുവില്‍ പ്രവര്‍ത്തിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ കാറുകളുടെയും എസ്‌യുവികളുടെയും മേക്ക്ഓവറില്‍ പ്രതാപ് ബോസ് സുപ്രധാന പങ്കാണ് വഹിച്ചത്. ഇറ്റലിയില്‍ പിയാജിയോ, ജപ്പാനില്‍ ഡൈംമ്‌ലര്‍ ക്രൈസ്‌ലര്‍ എന്നിവര്‍ക്കുവേണ്ടിയും അദ്ദേഹം ജോലി ചെയ്തിരുന്നു.