സ്റ്റാര്‍ട്ടപ്പ് നിക്ഷേപ മേഖലയില്‍ നേട്ടമുണ്ടാക്കി സൗദി അറേബ്യ, മെയില്‍ എത്തിയത് 110 മില്യണ്‍ ഡോളര്‍
1 min readകോവിഡ്-19 പകര്‍ച്ചവ്യാധി സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന് ശമനമുണ്ടായതോടെ സൗദി അറേബ്യയില്‍ വിസി ഫണ്ടിംഗ് ഇടപാടുകള്‍ കൂടുന്നു
റിയാദ്: പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ സ്റ്റാര്‍ട്ടപ്പ് നിക്ഷേപ വിപണിയില്‍ കഴിഞ്ഞ മാസം ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത് സൗദി അറേബ്യ. 35 ഇടപാടുകളിലായി മെയില്‍ 110 മില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങളാണ് സൗദി അറേബ്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചതെന്ന് സംരംഭകത്വ പ്ലാറ്റ്‌ഫോമായ വംദ വെളിപ്പെടുത്തി.
ഭൂരിപക്ഷ നിക്ഷേപങ്ങളും സൗദി അറേബ്യയില്‍ നിന്ന് തന്നെയാണ് വന്നത്. ഒമ്പത് സ്റ്റാര്‍ട്ടപ്പുകള്‍ സൗദി നിക്ഷേപകരില്‍ നിന്ന് ഏതാണ്ട് 46.6 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ഇവയില്‍ മിക്കതും ബിടുബി മാര്‍ക്കറ്റ്‌പ്ലേസായ സരി മുഖേനയുള്ള സിരീസ് ബി ഫണ്ടിംഗിലൂടെയുള്ള ധനസമാഹരണമായിരുന്നു.
സൗദി വിപണിയില്‍ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതില്‍ അതിശയപ്പെടാനില്ലെന്നും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും കരകയറിയതിന് ശേഷം മുന്‍ മാസങ്ങളിലും സൗദി അറേബ്യയില്‍ അത്തരം ഇടപാടുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നുവെന്നും സൗദി അരാംകോയിലെ സംരംഭകത്വ വിഭാഗമായ വയെദിന്റെ മാനേജിംഗ് ഡയറക്ടര്‍ വസ്സീം ബസ്രാവി പറഞ്ഞു. ബ്ലോക്ക്‌ചെയിന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് കമ്പനിയായ ഐആര്‍4ലാബ്, ഡ്രോണ്‍ നിര്‍മാതാക്കളായ ഫാല്‍ക്കണ്‍വിസ്, ഹൈഡ്രോപോണിക് സാങ്കേതികവിദ്യ ബിസിനസായ റെഡ് സീ ഫാംസ് തുടങ്ങി 2021 രണ്ടാംപാദത്തില്‍ ഇതുവരെ വയെദ് നിരവധി സൗദി കമ്പനികളില്‍ വെന്‍ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപങ്ങള്‍ നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. പകര്‍ച്ചവ്യാധിക്കാലത്ത് സൗദി സംരംഭകര്‍ക്ക് സര്‍ക്കാരില്‍ നിന്നുമുള്ള പിന്തുണ വര്‍ധിച്ചെന്നും റെഡ്‌സീ ഫാംസ് പോലുള്ള നിരവധി സൗദി സ്റ്റാര്‍ട്ടപ്പുകള്‍ അന്താരാഷ്ട്ര നിക്ഷേപകരെ തേടാന്‍ ശ്രമം ആരംഭിച്ചെന്നും ബസ്രാവി കൂട്ടിച്ചേര്‍ത്തു.
ബി2ബി ഇ-കൊമേഴ്‌സ് മേഖലയാണ് ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചിരിക്കുന്നത്. ഏതാണ്ട് 37.6 മില്യണ്‍ ഡോളറാണ് പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലുടനീളമുള്ള ബി2ബി ഇ-കൊമേഴ്‌സ് കമ്പനികള്‍ ആകര്‍ഷിച്ചത്. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (ഫിന്‍ടെക്) ആണ് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിച്ച രണ്ടാമത്തെ മേഖല. മൊത്തത്തില്‍ 18.5 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിലേക്ക് കഴിഞ്ഞ മാസം എത്തിയത്. ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസ സാങ്കേതികവിദ്യ, ടൂറിസം എന്നിവ യഥാക്രമം പത്ത് മില്യണ്‍ ഡോളര്‍, 6.9 മില്യണ്‍ ഡോളര്‍, 6 മില്യണ്‍ ഡോളര്‍ വീതവും നിക്ഷേപം സ്വന്തമാക്കി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പശ്ചിമേഷ്യയില്‍ സൗദി അറേബ്യ മുന്നോട്ട് വന്നതില്‍ അതിശയിക്കാനില്ലെന്ന് സൂറിച്ച് ആസ്ഥാനമായ ലയന, ഏറ്റെടുക്കല്‍ സ്ഥാപനമായ മില്ലേനിയം അസോസിയേറ്റ്‌സിലെ ആഗോള ഉപദേശക ബോര്‍ഡംഗവും അന്താരാഷ്ട്ര പങ്കാളിയുമായ ഹുസ്സൈന്‍ അല്‍ അലാവിയും അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിലും ആഗോളതലത്തിലും വെന്‍ച്വര്‍ കാപ്പിറ്റലുകളില്‍ നിന്നുള്ള നിക്ഷേപം കൂടുതലായും ടെക്‌നോളജി കമ്പികളില്‍ പ്രത്യേകിച്ച്, ഫിന്‍ടെക്, മെഡ്‌ടെക്, അഗ്രിടെക് കമ്പനികളിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിപണികളിലും ഈ വര്‍ഷം നടന്ന ഇടപാടുകളില്‍ 70 ശതമാനവും ടെക്‌നോളജി നിക്ഷേപങ്ങളായിരുന്നുവെന്നും സൗദി അറേബ്യയിലും ഇത് തന്നെയാണ് നടന്നിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിയോം പോലുള്ള പദ്ധതികളും വിഷന്‍ 2030 യാഥാര്‍ത്ഥ്യമാക്കുന്നതിനായി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നടത്തുന്ന ശ്രമങ്ങളും പുതിയ കണ്ടെത്തലുകള്‍ക്ക് അവസരം തേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. പുരോഗനപരമായ ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപം തദ്ദേശീയ സംരംഭകരെയും വ്യക്തികളെയും സ്ഥാപനങ്ങളെയും വളര്‍ച്ചയിലേക്ക് നയിക്കുന്നത് നല്ല സൂചനയാണ്. രാജ്യത്തെ യുവാക്കളായ, ഇന്റെര്‍നെറ്റ് കണക്ടിവിറ്റി കൂടിയ ജനതയും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഫലമായുണ്ടായ പുരോഗതിയും കൂടുതല്‍ അവസരങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ സാഹചര്യമാണ് രാജ്യത്ത് സൃഷ്ടിച്ചതെന്നും അല്‍ അലവി പറഞ്ഞു.
വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് നിക്ഷേപത്തിലും മെയില്‍ സൗദി അറേബ്യ ഒന്നാമതെത്തി. എയിര്‍ബിഎന്‍ബിക്ക സമാനമായ സൗദി പ്ലാറ്റ്‌ഫോമായ ഗാതേണിനെ തേടി 6 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കഴിഞ്ഞ മാസം എത്തിയത്. പശ്ചിമേഷ്യയില്‍ ഒരു വനിതയുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പില്‍ കഴിഞ്ഞ മാസം എത്തിയ ഏക നിക്ഷേപമാണിത്. പുരുഷന്മാര്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ 100 മില്യണ്‍ ഡോളറോളം നിക്ഷേപം ആകര്‍ഷിച്ച സ്ഥാനത്താണിത്.അതേസമയം ഇത് പ്രാദേശികമായ ഒരു പ്രശ്‌നമല്ലെന്നും, പുരുഷന്മാരേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ആഗോളതലത്തില്‍ 2019ല്‍ സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആ വര്‍ഷത്തെ മൊത്തം വിസി ഫണ്ടിംഗിന്റെ കേവലം 2.6 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും ക്രഞ്ച്‌ബേസ് വ്യക്തമാക്കുന്നു. എന്നാല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്ന് അല്‍ അലവി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെ സ്ത്രീകള്‍ നയിക്കുന്ന ബിസിനസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാകുന്നുണ്ട്. വിജയകരമായ കുടുംബ ബിസിനസുകളില്‍, പ്രത്യേകിച്ച് ഇ-കൊമേഴ്‌സ് മേഖലയില്‍ സ്ത്രീകള്‍ സ്വന്തമായി കമ്പനികള്‍ ആരംഭിക്കുന്നുണ്ട്. പക്ഷേ അവരില്‍ പലരും വിസി ഫണ്ടിംഗ് തേടുന്നതിന് പകരം സ്വന്തമായി ഫണ്ട് ചെയ്യുന്നവരോ അല്ലെങ്കില്‍ കുടുംബത്തില്‍ നിന്നുള്ള ഫണ്ടംിഗ് ഉള്ളവരോ ആണെന്ന് അല്‍ അലവി പറഞ്ഞു.