300 മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് ഒല ഇലക്ട്രിക്
1 min readലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഫാക്റ്ററി തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സ്ഥാപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്
ബെംഗളൂരു: സോഫ്റ്റ്ബാങ്കില്‍ നിന്ന് 250 ബില്യണ്‍ ഡോളര്‍ അഥവാ 1,725 കോടി രൂപയുടെ നിക്ഷേപം സ്വന്തമാക്കി ഒന്നര വര്‍ഷത്തിനുശേഷം, ഒല ഇലക്ട്രിക് കൂടുതല്‍ വലിയ നിക്ഷേപ സമാഹരണത്തിന് തയാറെടുക്കുന്നു. നിലവിലുള്ളതും പുതിയതുമായ നിക്ഷേപകരില്‍ നിന്ന് 300 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
റൈഡ്-ഹെയ്ലിംഗ് മേഖലയിലെ പ്രമുഖ ആഭ്യന്തര കമ്പനിയായ ഒല ക്യാബിനിന്‍റെ ഇലക്ട്രിക് വാഹന വിഭാഗമാണ് ഒല ഇലക്ട്രിക്. മോട്ടോര്‍ സൈക്കിളുകള്‍, ത്രീ-വീലറുകള്‍, ഗതാഗതത്തിന്‍റെ മറ്റ് മാര്‍ഗങ്ങള്‍ എന്നിവ തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂട്ടിച്ചേര്‍ത്ത് ഒരു സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന നിര്‍മാാതാവായി മാറാനുള്ള കമ്പനിയുടെ നീക്കത്തിന്‍റെ ഭാഗമാണ് പുതിയ നിക്ഷേപ സമാഹരണം.
2400 കോടി രൂപ മുതല്‍മുടക്കില്‍ ലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഫാക്റ്ററി തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സ്ഥാപിക്കുമെന്ന് ഒല ഇലക്ട്രിക്കല്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വര്‍ഷം 2 മില്യണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശേഷിയാണ് ഇവിടെ ഉണ്ടാവുക. രണ്ട് മാസത്തിനുള്ളില്‍ മുഖ്യധാരാ പെട്രോള്‍ പവര്‍ സ്‌കൂട്ടറുകളെ വെല്ലുവിളിക്കുന്ന തരത്തില്‍ നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിനാണ് കമ്പനി തയാറെടുക്കുന്നത്.
പുതിയ നിക്ഷേപം പ്രധാനമായും ബ്രാന്‍ഡ് പ്രചാരണത്തിനും വിതരണത്തിനുമായി ഉപയോഗിക്കുന്നതിനാണ് ഒല ഇലക്ട്രിക്കല്‍ ഒരുങ്ങുന്നത്. സ്വന്തം ബാറ്ററി മാനേജ്‌മെന്‍റ് സംവിധാനവും സോഫ്റ്റ് വെയറും ആയിരിക്കും കമ്പനി ഉപയോഗിക്കുക എന്നും ഇന്ത്യയെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനാണ് ശ്രമമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. 2019-ലാണ് ഒല തങ്ങളുടെ ഇവി ബിസിനസ്സ് ഒരു പ്രത്യേക സ്ഥാപനമാക്കി മാറ്റിയത്. എറ്റെര്‍ഗോ ബിവി എന്ന ഡച്ച് സ്റ്റാര്‍ട്ടപ്പിനെ ഇതിന്‍റെ വിപുലീകരണത്തിന് ഏറ്റെടുക്കുകയും ചെയ്തു.
കമ്പനിയുടെ 45 ശതമാനം ഓഹരി ഒലയുടെ സഹസ്ഥാപകനായ ഭവിഷ് അഗര്‍വാളിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഒലയുടെ ഹോള്‍ഡിംഗ് കമ്പനിയായ എഎന്‍ഐ ടെക്‌നോളജീസിന്‍റേതാണ് 10 ശതമാനം. മറ്റൊരു 10 ശതമാനം ജീവനക്കാരുടെ സ്റ്റോക്ക് ഓപ്ഷന്‍ വിഹിതമാണ്. മറ്റൊരു 35 ശതമാനം നിലവിലുള്ള മറ്റു നിക്ഷേപകരുടെ കൈവശമാണ്. സോഫ്റ്റ്ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍, മാട്രിക്‌സ് പാര്‍ട്‌ണേര്‍സ്, രത്തന്‍ ടാറ്റ, മുഞ്ജല്‍ ഫാമിലി, ഹ്യുണ്ടായ് തുടങ്ങിയ നിക്ഷേപകരാണ് നിലവില്‍ ഒല ഇലക്ട്രിക്കല്‍സില്‍ നിക്ഷേപിച്ചിട്ടുള്ളത്.