ഐടി ചട്ടങ്ങളില്‍ സ്വകാര്യതാ ലംഘനമെന്ന് വാട്ട്സാപ്പ്; കേന്ദ്രസര്‍ക്കാരിനെതിരെ നിയമ പോരാട്ടം
1 min readസര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതൊരു സന്ദേശത്തിന്‍റെയും ഉത്ഭവ സ്ഥാനം വ്യക്തമാക്കണമെന്ന വ്യവസ്ഥക്കെതിരേയാണ് വാട്ട്സാപ്പ് പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത്
ന്യൂഡെല്‍ഹി: ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയ ഐടി റൂള്‍സ് 2021ന് എതിരേ ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ നിയമങ്ങള്‍ പാലിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കാലപരിധി മേയ് 26ന് അവസാനിച്ച സാഹചര്യത്തിലാണ് വാട്ട്സാപ്പ് നിയമ പോരാട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. പുതിയ ചട്ടങ്ങളുമായി ഒത്തുപോകാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഫേസ്ബുക്കും വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതൊരു സന്ദേശത്തിന്‍റെയും ഉത്ഭവ സ്ഥാനം വ്യക്തമാക്കണമെന്ന വ്യവസ്ഥക്കെതിരേയാണ് വാട്ട്സാപ്പ് പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടേത് പോലുള്ള ഒരു മെസേജിംഗ് പ്ലാറ്റ്ഫോമില്‍ ഇത് നടപ്പാക്കുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിലേക്കും കടന്നുകയറുന്നതിന് ഇടയാക്കുമെന്ന് ഹര്‍ജിയില്‍ വാട്ട്സാപ്പ് ചൂണ്ടിക്കാണിക്കുന്നു.
ഉള്ളടക്കങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന നിബന്ധന സിഗ്നല്‍, ടെലിഗ്രാം, സ്നാപ്ചാറ്റ്, വയര്‍ എന്നിവ പോലുള്ള മിക്ക മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. സിഗ്നലും ടെലിഗ്രാമും അടുത്തിടെയാണ് വിപണിയില്‍ ജനപ്രീതി നേടിയത്. സിഗ്നല്‍ പൂര്‍ണ്ണമായും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് സുരക്ഷ സന്ദേശങ്ങള്‍ക്ക് നല്‍കുന്നു. സിഗ്നല്‍ പ്രോട്ടോക്കോളിനെ ആശ്രയിച്ച് വാട്ട്സാപ്പും തങ്ങളുടെ പ്ലാറ്റ്ഫോമിലെ സന്ദേശങ്ങള്‍ക്ക് എന്‍ക്രിപ്ഷന്‍ സുരക്ഷ നല്‍കുന്നു.
ഇന്ത്യയില്‍ 450 മില്യണിലധികം ഉപയോക്താക്കളുള്ള വാട്ട്സാപ്പിനെ സംബന്ധിച്ചിടത്തോളം പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കും എന്നാണ് കമ്പനി വിലയിരുത്തുന്നത്.
2017 ജസ്റ്റിസ് കെ എസ് പുട്ടസ്വാമിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചാണ് വാട്ട്സാപ്പ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്വകാര്യതയ്ക്കുള്ള ജനങ്ങളുടെ മൗലികാവകാശം ഈ കേസിലെ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഉള്ളടക്കങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ചട്ടം ഭരണഘടനാവിരുദ്ധമാണെന്നും വാട്ട്സാപ്പ് വാദിക്കുന്നുണ്ട്. ഈ ചട്ടങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ ജീവനക്കാര്‍ക്ക് “ക്രിമിനല്‍ ബാധ്യത” ചുമത്തുന്ന വ്യവസ്ഥയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ വ്യവസ്ഥ എന്തുകൊണ്ട് പാലിക്കാനാകില്ലെന്ന് വിശദീകരിക്കുന്ന ഒരു വിശദമായ ബ്ലോഗ് പോസ്റ്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. “വാട്ട്സ്ആപ്പില്‍ അയയ്ക്കുന്ന ഓരോ സന്ദേശത്തിന്‍റെയും രേഖ സൂക്ഷിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമാണിത്. പ്ലാറ്റ്ഫോമിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ തകര്‍ക്കേണ്ടിവരുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇത് ഡിഫോള്‍ട്ടായി എല്ലാ സന്ദേശങ്ങള്‍ക്കും ഓണായിരിക്കും. ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതാണിത്,’ വാട്ട്സാപ്പ് വക്താവ് വ്യക്തമാക്കി.
മാത്രമല്ല, ഇന്ത്യന്‍ വിപണിയില്‍ മാത്രമായി, സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിന് ആപ്ലിക്കേഷന്‍ വീണ്ടും എഞ്ചിനീയറിംഗ് ചെയ്യുകയെന്നത് പ്രായോഗികമല്ലെന്നും വാട്ട്സാപ്പ് കൂട്ടിച്ചേര്‍ക്കുന്നു.