September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആമസോണ്‍ വെബ്  സര്‍വ്വീസ് യുഎഇയില്‍ മൂന്ന് ഡാറ്റ സെന്ററുകള്‍ തുറക്കും 

1 min read

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് എഡബ്ല്യൂഎസ് യുഎഇയില്‍ ഡാറ്റ സെന്ററുകള്‍ തുറക്കുക

അബുദാബി: അടുത്ത വര്‍ഷം യുഎഇയില്‍ മൂന്ന് ഡാറ്റ സെന്ററുകള്‍ തുറക്കുമെന്ന് ആമസോണ്‍ വെബ് സര്‍വ്വീസ്. ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള രാജ്യത്തെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്താണ് ആമസോണ്‍ വെബ് സര്‍വ്വീസ് യുഎഇയില്‍ ഡാറ്റ സൗകര്യങ്ങള്‍ ആരംഭിക്കുന്നത്. യുഎഇയിലെ പൊതു, സ്വകാര്യ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡാറ്റ സ്റ്റോറേജ് സൗകര്യം ലഭ്യമാക്കാന്‍ പുതിയ സെന്ററുകളിലൂടെ ആമസോണിന് സാധിക്കും. കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം ക്ലൗഡ് സേവനങ്ങള്‍ക്ക് യുഎഇയില്‍ വന്‍തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ചിരുന്നു.

സീറ്റില്‍ ആസ്ഥാനമായ ആമസോണ്‍ വെബ് സര്‍വ്വീസ്(എഡബ്ല്യൂഎസ്) 2019ല്‍ ബഹ്‌റൈനില്‍ മൂന്ന് ഡാറ്റ സെന്ററുകള്‍ ആരംഭിച്ചിരുന്നു. പശ്ചിമേഷ്യയില്‍ ആമസോണിന്റെ ആദ്യ ഡാറ്റ സെന്ററുകളാണ് ബഹ്‌റൈനിലേത്. 2019ന് ശേഷം മേഖലയില്‍ കമ്പനി തുടര്‍ച്ചയായ നിക്ഷേപങ്ങള്‍ നടത്തിയിരുന്നുവെന്നും ക്ലൗഡ് കംപ്യൂട്ടിംഗ് ആവശ്യങ്ങളിലെ അതിവേഗ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആരംഭിക്കാതിരിക്കാന്‍ കഴിയില്ലെന്നും എഡബ്ല്യൂഎസിലെ പബ്ലിക് സെക്ടര്‍ വൈസ് പ്രസിഡന്റ് മാക്‌സ് പീറ്റേഴ്‌സണ്‍ പറഞ്ഞു.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

അന്താരാഷ്ട്ര ഡാറ്റ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം പബ്ലിക് ക്ലൗഡ് സര്‍വ്വീസ് ഡൊമൈനില്‍ അതിവേഗ വളര്‍ച്ച പ്രകടമാകുന്ന ലോകത്തിലെ മൂന്ന് മേഖലകളില്‍ ഒന്നാണ് പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക വിപണി. പ്രതിവര്‍ഷം 25.5 ശതമാനം വളര്‍ച്ച നിരക്കോടെ മേഖലയുടെ പബ്ലിക് ക്ലൗഡ് സേവനങ്ങളിലെ ചിലവിടല്‍ 2025ഓടെ 11.6 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് ഐഡിസി കണക്ക് കൂട്ടുന്നത്. പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയില്‍ യുഎഇ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളായിരിക്കും ക്ലൗഡില്‍ ഏറ്റവും കൂടുതല്‍ ചിലവിടല്‍ നടത്തുന്ന മൂന്ന് പ്രധാന വിപണികള്‍.

ഫസ്റ്റ് അബുദാബി ബാങ്ക്, ഫ്‌ളൈദുബായ്, യൂണിയന്‍ ഇന്‍ഷുറന്‍സ്, കരീം, സ്റ്റാര്‍സ്‌പ്ലേ, അങ്കാമി, സര്‍വ്വ എന്നീ കമ്പനികളെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലൗഡ് സേവന ദാതാവായ എഡബ്ലൂഎസ് യുഎഇയിലെ പ്രധാന ഉപഭോക്താക്കളായി കണക്കാക്കുന്നത്. ആധുനിക ക്ലൗഡ് കംപ്യൂട്ടിംഗിലൂടെ  പശ്ചിമേഷ്യയ്ക്ക് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ആഗോള വിപണിയില്‍ എത്തിപ്പെടുന്നതിന് വേണ്ടിയാണ് മേഖലയിലെ മിക്ക ബിസിനസുകളും ക്ലൗഡ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎഇയിലെ ഡാറ്റ സെന്ററുകള്‍ക്ക് വേണ്ടി എത്ര തുകയാണ് നിക്ഷേപിക്കുകയെന്നോ കൃത്യമായി എവിടെയാണ് ഡാറ്റ സെന്ററുകള്‍ തുറക്കുകയെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

ലോകത്ത് 25ഓളം സ്ഥലങ്ങളിലായി 80 ഡാറ്റ സെന്ററുകള്‍ എഡബ്ല്യൂഎസിന് ഉണ്ട്. യുഎഇക്ക് പുറമേ, ഓസ്‌ട്രേലിയ, ഇന്ത്യ, ഇന്തോനേഷ്യ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലായി വരുംമാസങ്ങളില്‍ 18 ഡാറ്റ സെന്ററുകള്‍ കൂടി തുറക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ വര്‍ഷം ആദ്യപാദത്തില്‍ 13.5 ബില്യണ്‍ ഡോളറാണ് എഡബ്ല്യൂഎസ് വരുമാനമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് 6.2 ശതമാനം അധികമാണത്. ലോകത്ത് ക്ലൗഡ് കംപ്യൂട്ടിംഗിനുള്ള ഡിമാന്‍ഡ് ഉയര്‍ന്നതാണ് വരുമാനം ഉയരാനുള്ള കാരണം. വരും മാസങ്ങളിലും ക്ലൗഡ് സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുഎഇയില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് എഡബ്ല്യൂഎസ് ഡാറ്റ സെന്ററുകള്‍ ആരംഭിക്കുന്നത്. മേഖലയിലെ സാങ്കേതിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നതിനായി ആഗോള കമ്പനികളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ താരിഖ് ബിന്‍ ഹെന്‍ഡി പറഞ്ഞു. എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ആത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി എണ്ണയിതര മേഖലയില്‍ വികസനം കൊണ്ടുവരാനാണ് യുഎഇ ശ്രമിക്കുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിച്ചും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും സമ്പദ് വ്യവസ്ഥയില്‍ സ്വകാര്യമേഖലയ്ക്കുള്ള പങ്ക് വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുത്ത് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസും സര്‍ക്കാരിന്റെ വൈവിധ്യവല്‍ക്കര പദ്ധതികള്‍ക്ക് ഒപ്പമുണ്ട്.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

എസ്എപി, മൈക്രോസോഫ്റ്റ്, ആലിബാബ, ഒരാക്കിള്‍ തുടങ്ങിയ ആഗോള ടെക് ഭീമന്മാരും പശ്ചിമേഷ്യയില്‍ ഡാറ്റ സെന്ററുകള്‍ തുറന്നിട്ടുണ്ട്. പ്രാദേശിക കമ്പനികളെ സംബന്ധിച്ചെടുത്തോളം ക്ലൗഡ് സേവനങ്ങളില്‍ സ്പഷ്യലൈസ് ചെയ്യുന്ന കമ്പനികളുടെ ക്ലൗസ് സംവിധാനം ഉപയോഗപ്പെടുത്തുന്നത് സ്വന്തമായി സെര്‍വറുകളും ഹാര്‍ഡ്‌വെയര്‍, സുരക്ഷ ശൃംഖലകളും ആരംഭിക്കുന്നതിനേക്കാള്‍ ലാഭകരമാണ്.

Maintained By : Studio3