Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020 ല്‍ ഇന്ത്യക്കാരുടെ ശരാശരി സമ്പത്തില്‍ 6.1% ഇടിവ്: ക്രെഡിറ്റ് സ്യൂസ്

1 min read

ഇന്ത്യന്‍ പൗരന്‍മാരുടെ സ്വത്തില്‍ മൊത്തം 594 ബില്യണ്‍ ഡോളര്‍ കുറവ് 2020ല്‍ ഉണ്ടായെന്നാണ് ക്രെഡിറ്റ് സ്യൂസ് കണക്കാക്കുന്നത്

ന്യൂഡെല്‍ഹി: 2020ല്‍ ആഗോള തലത്തില്‍ ജീവിതം സ്തംഭിപ്പിച്ച കോവിഡ് -19 മഹാമാരി ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരുടെ ശരാശരി സമ്പത്തില്‍ 6.1 ശതമാനം ഇടിവ് വരുത്തിയെന്ന് ക്രെഡിറ്റ് സ്യൂസ് ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട്. 2020ല്‍ ഒരു ഇന്ത്യക്കാരന്‍റെ ശരാശരി സമ്പത്ത് 14,252 ഡോളറായി കുറഞ്ഞു. പ്രീ-പാന്‍ഡെമിക് നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020-അവസാനത്തില്‍ 6.1 ശതമാനം ഇടിവാണ് ഇന്ത്യക്കാരുടെ ശരാശരി ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ പൗരന്‍മാരുടെ സ്വത്തില്‍ മൊത്തം 594 ബില്യണ്‍ ഡോളര്‍ കുറവ് 2020ല്‍ ഉണ്ടായെന്നാണ് ക്രെഡിറ്റ് സ്യൂസ് കണക്കാക്കുന്നത്. “യഥാര്‍ത്ഥ മൂല്യത്തില്‍ പറഞ്ഞാല്‍, 2020 ല്‍ ഇന്ത്യയിലെ ശരാശരി സമ്പത്തിന്‍റെ അളവ് 70 വര്‍ഷം മുമ്പ് അമേരിക്കയില്‍ കണ്ട തലത്തിലായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ഇന്ത്യന്‍ പൗരന്‍റെ ശരാശരി സ്വത്ത് 20,000 ഡോളര്‍ കടക്കും, അതായത് 40 ശതമാനത്തിലധികം വര്‍ധന “സാമ്പത്തിക വിദഗ്ധനും ക്രെഡിറ്റ് സ്യൂസിലെ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് 2021ന്‍റെ രചയിതാവുമായ ആന്‍റണി ഷോര്‍റോക്സ് പറഞ്ഞു.

  ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഐപിഒ

ക്രെഡിറ്റ് സൂയിസിന്‍റെ കണക്കനുസരിച്ച് 2020ല്‍ ഇന്ത്യക്കാരുടെ സമ്പത്തിന്‍റെ മൂല്യത്തില്‍ ഉണ്ടായ ഇടിവ് രൂപയുടെ വിനിമയ മൂല്യത്തിനുണ്ടായ തകര്‍ച്ചയുടെ കൂടി ഫലമാണ്. വിനിമയ നിരക്കില്‍ മാറ്റം ഇല്ലായിരുന്നുവെങ്കില്‍ നഷ്ടം 2.1 ശതമാനം മാത്രമാകുമായിരുന്നു. ലാറ്റിനമേരിക്കയാണ് പൗരന്‍മാരുടെ സമ്പത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. മൊത്തം സമ്പത്ത് 11.4 ശതമാനം അഥവാ 1.2 ട്രില്യണ്‍ ഡോളര്‍ കുറഞ്ഞു. 200 രാജ്യങ്ങളിലായി 5.2 ബില്യണ്‍ പൗരന്‍മാരുടെ ആസ്തികളുമായി ബന്ധപ്പെട്ട ഡാറ്റയാണ് ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് 2021നായി പരിശോധിച്ചത്.

  എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് യുപിഐ സംവിധാനവുമായി ഐസിഐസിഐ

ഇന്ത്യയിലെ സമ്പത്ത് അസമത്വം ചൈനയെ അപേക്ഷിച്ച് കുറഞ്ഞ വേഗതയിലാണ് 2020ല്‍ വളര്‍ന്നത്. പക്ഷേ ഇന്ത്യയിലെ അസമത്വം 2000ല്‍ തന്നെ വളരെ ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. സമ്പത്തിന്‍റെ അസമത്വം അളക്കാന്‍ ഉപയോഗിക്കുന്ന സൂചികയില്‍ 74.7ലായിരുന്നു 200ല്‍ ഇന്ത്യ. ഇത് 2019 ല്‍ 82.0 ആയും 2020ല്‍ 82.3 ആയും മാറി. സമ്പന്നതയില്‍ ഏറ്റവും മുകളിലുള്ള 1 ശതമാനത്തിന് രാജ്യത്തിന്‍റെ മൊത്തം സമ്പത്തിലുള്ള വിഹിതം 2000ല്‍ 33.5 ശതമാനം ആയിരുന്നുവെങ്കില്‍ 2019ല്‍ അത് 39.5 ശതമാനമായി ഉയര്‍ന്നു, 2020 അവസാനത്തോടെ ഇത് 40.5 ശതമാനമായി ഉയര്‍ന്നുവെന്നും ക്രെഡിറ്റ് സ്യൂസ് റിപ്പോര്‍ട്ട് പറയുന്നു.

  ഐസിഐസിഐ പ്രൂ പ്ലാറ്റിനം പോളിസി

മഹാമാരിക്കിടയിലും മൊത്തം ആഗോള സമ്പത്ത് 2020 അവസാനത്തോടെ 28.7 ട്രില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 418.3 ട്രില്യണ്‍ ഡോളറിലെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ യുഎസ് ഡോളറിന്‍റെ കണക്കനുസരിച്ച് മൊത്തം സമ്പത്ത് 7.4 ശതമാനവും പൗരന്‍മാരുടെ ശരാശരി സമ്പത്ത് 6.0 ശതമാനവും ഉയര്‍ന്നു. വിനിമയ നിരക്ക് 2019ലെ അതേ നിലയിലായിരുന്നുവെങ്കില്‍, മൊത്തം സമ്പത്തിലെ വര്‍ധന 4.1 ശതമാനവും പൗരന്‍മാരുടെ സമ്പത്തിലെ വര്‍ധന 2.7 ശതമാനവും ആകുമായിരുന്നെന്ന് ക്രെഡിറ്റ് സ്യൂസ് പറഞ്ഞു.

വികസിത പ്രദേശങ്ങള്‍ 2020ല്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. മൊത്തം സമ്പത്ത് വടക്കേ അമേരിക്കയില്‍ 12.4 ട്രില്യണ്‍ ഡോളറും യൂറോപ്പില്‍ 9.2 ട്രില്യണ്‍ ഡോളറും ഉയര്‍ന്നു. മറിച്ച്, മൊത്തം കടം ചൈനയിലും യൂറോപ്പിലുമാണ് ഗണ്യമായി ഉയര്‍ന്നത്.

Maintained By : Studio3