September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു

 5 സീറ്റര്‍ എസ്‌യുവി വൈകാതെ അവതരിപ്പിക്കും. 26 ലക്ഷം മുതല്‍ 29 ലക്ഷം രൂപ വരെ ഇന്ത്യ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നു  

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു. ഒരു വര്‍ഷത്തിനുശേഷം 5 സീറ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുകയാണ്. മുന്‍ഗാമിയേക്കാള്‍ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ വരുത്തിയും ഫീച്ചറുകള്‍ പരിഷ്‌കരിച്ചും കൂടുതല്‍ നല്‍കിയുമാണ് പുതിയ ടിഗ്വാന്‍ വരുന്നത്.

കഴിഞ്ഞ വര്‍ഷം ടിഗ്വാന്‍ ഓള്‍സ്‌പേസ് എന്ന 7 സീറ്റര്‍ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോഴാണ് ടിഗ്വാന്‍ 5 സീറ്റര്‍ നിര്‍ത്തിയത്. ഫേസ്‌ലിഫ്റ്റ് ചെയ്ത ടിഗ്വാന്‍ എസ്‌യുവിയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2021 ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യും. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും പുതിയ ടിഗ്വാന്‍ വരുന്നത്. നേരത്തെ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭിച്ചിരുന്നത്.

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ എസ്‌യുവികള്‍ ഒന്നൊന്നായി അവതരിപ്പിക്കുന്ന വര്‍ഷമായിരിക്കും 2021. പുതിയതും പരിഷ്‌കരിച്ചതുമായ നാല് എസ്‌യുവികള്‍ ഇന്ത്യയില്‍ ഈ വര്‍ഷം അവതരിപ്പിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടിഗ്വാന്‍ എന്ന 5 സീറ്റര്‍ എസ്‌യുവി ഇതില്‍ ഉള്‍പ്പെടുന്നു. 2017 ലാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. എംക്യുബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഇന്ത്യയില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു ടിഗ്വാന്‍. ഫേസ്‌ലിഫ്റ്റ് ചെയ്ത പുതിയ മോഡല്‍ അടിസ്ഥാനമാക്കിയിരിക്കുന്നത് ഇതേ പ്ലാറ്റ്‌ഫോമാണ്.

ഫേസ്‌ലിഫ്റ്റ് ആയതുകൊണ്ടുതന്നെ ഡിസൈന്‍ മാറ്റങ്ങള്‍ കുറവായിരിക്കും. എസ്‌യുവിയുടെ മൊത്തത്തിലുള്ള ഛായാരൂപവും അളവുകളും മുന്‍ഗാമിയുടേതിന് സമാനമായിരിക്കും. ഗ്രില്ലിന് വലുപ്പം കുറവായിരിക്കും. ഹെഡ്‌ലൈറ്റുകളുമായി ഗ്രില്‍ മികച്ച രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്നു. ഹെഡ്‌ലൈറ്റുകള്‍ മുമ്പത്തേക്കാള്‍ സ്ലീക്ക് ആണ്. മുന്നിലെ ബംപര്‍ നവീകരിച്ചു. പിറകില്‍ കുറേക്കൂടി മെലിഞ്ഞ ടെയ്ല്‍ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഇതോടെ എസ്‌യുവിയുടെ മൊത്തം ലുക്ക് വര്‍ധിച്ചു.

നേരത്തെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും 2021 മോഡല്‍ വില്‍ക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍ സ്‌പേസ്, സ്‌കോഡ സൂപ്പര്‍ബ് എന്നീ മോഡലുകളില്‍ ഈ 1,984 സിസി, 4 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍ 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെയ്ക്കും. ഫോക്‌സ്‌വാഗണിന്റെ ‘4മോഷന്‍’ ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം നല്‍കും.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ടൈഗുന്‍ വരുന്നതിനുമുന്നേ ടിഗ്വാന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 26 ലക്ഷം മുതല്‍ 29 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ടൂസോണ്‍, ജീപ്പ് കോംപസ് മോഡലുകളുടെ പെട്രോള്‍ വേരിയന്റുകളായിരിക്കും എതിരാളികള്‍

Maintained By : Studio3