November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ട്രയംഫ് ബോണവില്‍ ബൈക്കുകള്‍ ഇന്ത്യയില്‍  

വിവിധ മോഡലുകളുടെ ഇന്ത്യ എക്സ് ഷോറൂം വില 7.95 ലക്ഷം മുതല്‍ 11.75 ലക്ഷം രൂപ വരെ  

2021 മോഡല്‍ ട്രയംഫ് ബോണവില്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.95 ലക്ഷം മുതല്‍ 11.75 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ ഇന്ത്യ എക്സ് ഷോറൂം വില. ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളുടെ പരിഷ്‌കരിച്ച 2021 ബോണവില്‍ മോഡലുകള്‍ ഈയിടെ ആഗോളതലത്തില്‍ അനാവരണം ചെയ്തിരുന്നു. 2020 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ പരിഷ്‌കാരങ്ങള്‍ മാത്രമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്.

2021 ട്രയംഫ് ബോണവില്‍ സ്ട്രീറ്റ് ട്വിന്‍  

മുന്‍ഗാമിയുടെ അതേ ബോഡി പാനലുകളാണ് 2021 സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. അതേസമയം കാഴ്ച്ചാഭംഗി വര്‍ധിപ്പിക്കുന്നതിന് ചെറിയ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ വരുത്തി. ബ്രഷ്ഡ് അലുമിനിയം ഹെഡ്ലാംപ് ബ്രാക്കറ്റ്, ബ്രഷ്ഡ് അലുമിനിയം ത്രോട്ടില്‍ ബോഡി കവറുകള്‍, സവിശേഷ ഫിന്‍ഡ് ഹെഡ്, ഹെഡ്ഡര്‍ ക്ലാമ്പുകള്‍ എന്നിവയാണ് നല്‍കിയത്. സൈഡ് പാനലുകളില്‍ മെഷ് ഇന്‍സര്‍ട്ട് കാണാം. ട്രയംഫ് സ്പീഡ് ട്വിന്‍ മോട്ടോര്‍സൈക്കിളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണെന്ന് തോന്നുന്നു. പഴയ അലോയ് വീലുകള്‍ മാറ്റി മഷീന്‍ ഫിനിഷ്ഡ് അലോയ് വീലുകള്‍ നല്‍കി. ഇതോടെ രൂപകല്‍പ്പന കൂടുതല്‍ പ്രീമിയമായി. അവസാനമായി, കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്നതിന് 10 എംഎം കനമുള്ള ഫോം നല്‍കിയ പുതിയ സീറ്റ് സവിശേഷതയാണ്. തടിച്ച സീറ്റ് നല്‍കിയതോടെ സീറ്റ് ഉയരം 5 എംഎം വര്‍ധിച്ചു. ഇപ്പോള്‍ 765 മില്ലിമീറ്ററാണ് സീറ്റ് ഉയരം.

2021 ട്രയംഫ് ബോണവില്‍ സ്ട്രീറ്റ് ട്വിന്‍ ഗോള്‍ഡ് ലൈന്‍  

ബോണവില്‍ സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ വകഭേദമാണ് ഗോള്‍ഡ് ലൈന്‍. ആഗോളതലത്തില്‍ ആയിരം യൂണിറ്റ് മാത്രമാണ് നിര്‍മിക്കുന്നത്. ഇതിലെ മുപ്പത് എണ്ണമാണ് ഇന്ത്യയില്‍ വരുന്നത്. മെക്കാനിക്കല്‍ കാര്യങ്ങളില്‍ സ്റ്റാന്‍ഡേഡ് 2021 സ്ട്രീറ്റ് ട്വിന്‍ മോട്ടോര്‍സൈക്കിളുമായി സാമ്യം പുലര്‍ത്തുന്നു. സവിശേഷ ‘മാറ്റ് സഫയര്‍ ബ്ലാക്ക്’ പെയിന്റ് സ്‌കീമിലാണ് ഗോള്‍ഡ് ലൈന്‍ വരുന്നത്. ഇന്ധന ടാങ്കിന്റെ ഭാഗത്ത് കാല്‍മുട്ടുകള്‍ വെയ്ക്കുന്നതിന് സൗകര്യമൊരുക്കി. ഈ ഭാഗത്തുമാത്രം കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ വെളുത്ത പെയിന്റ് നല്‍കി. പുതിയ സൈഡ് പാനലില്‍ കസ്റ്റം ‘സ്ട്രീറ്റ് ട്വിന്‍’ ലോഗോ, ട്രയംഫ് ഹെറിറ്റേജ് ലോഗോ, കൈകൊണ്ട് പെയിന്റ് ചെയ്ത ഗോള്‍ഡ് ലൈനിംഗ് എന്നിവ കാണാം. മഷീന്‍ഡ് വീലുകളിലും സമാനമായ ഗോള്‍ഡ് പിന്‍ സ്ട്രൈപ്പ് കാണാന്‍ കഴിയും.

2021 ട്രയംഫ് ബോണവില്‍ ടി100  

ചെറുതെങ്കിലും പ്രധാന പരിഷ്‌കാരങ്ങളാണ് 2021 ട്രയംഫ് ബോണവില്‍ ടി100 മോട്ടോര്‍സൈക്കിളിന് ലഭിച്ചത്. യൂറോ 5 (ബിഎസ് 6) പാലിക്കുന്ന എന്‍ജിന്‍, പുതിയ സസ്പെന്‍ഷന്‍, പുതിയ ചക്രങ്ങള്‍ എന്നിവയാണ് ഈ പരിഷ്‌കാരങ്ങളില്‍ പ്രധാനം. 900 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ ഇപ്പോള്‍ മുന്‍ഗാമിയേക്കാള്‍ 10 എച്ച്പി അധികം കരുത്ത് ഉല്‍പ്പാദിപ്പിക്കും. ഇപ്പോള്‍ 7,400 ആര്‍പിഎമ്മില്‍ 65 എച്ച്പി കരുത്താണ് പരമാവധി പുറപ്പെടുവിക്കുന്നത്. 3,750 ആര്‍പിഎമ്മില്‍ 80 എന്‍എം ടോര്‍ക്ക് പരമാവധി പുറത്തെടുക്കും! വെറും 2,000 ആര്‍പിഎമ്മില്‍ ഈ ടോര്‍ക്കിന്റെ 80 ശതമാനവും ലഭിക്കും.

2021 ട്രയംഫ് ബോണവില്‍ ടി120, ടി120 ബ്ലാക്ക്  

മുന്‍ തലമുറയിലെന്ന പോലെ, ടി120, ടി120 ബ്ലാക്ക് എന്നീ രണ്ട് വകഭേദങ്ങളില്‍ ഈ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. കാഴ്ച്ചാഭംഗിയില്‍ മാത്രമാണ് രണ്ട് വേര്‍ഷനുകളും തമ്മില്‍ വ്യത്യാസമുള്ളത്. മറ്റ് ട്രയംഫ് മോഡലുകള്‍ പോലെ, പരിഷ്‌കരിച്ച 1,200 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ ഇപ്പോള്‍ യൂറോ 5 (ബിഎസ് 6) പാലിക്കും. ഈ മോട്ടോര്‍ ഇപ്പോള്‍ കൂടുതല്‍ റെസ്പോണ്‍സീവ് ആയിരിക്കുമെന്ന് പറയപ്പെടുന്നു. 80 എച്ച്പി കരുത്തും 105 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. കരുത്തില്‍ മാറ്റമില്ലെങ്കിലും പരമാവധി ടോര്‍ക്ക് ഒരു ന്യൂട്ടണ്‍ മീറ്റര്‍ വര്‍ധിച്ചു. 2021 മോഡല്‍ ടി120 മോട്ടോര്‍സൈക്കിളില്‍ പൂര്‍ണമായും പുതിയ അലുമിനിയം വീല്‍ റിമ്മുകള്‍ നല്‍കിയിരിക്കുന്നു. ഇതോടെ മോട്ടോര്‍സൈക്കിളിന്റെ ഭാരം 7 കിലോഗ്രാം കുറഞ്ഞു. മുന്‍ ചക്രത്തില്‍ ഉയര്‍ന്ന സ്‌പെസിഫിക്കേഷനുള്ള ബ്രെംബോ ബ്രേക്ക് ലഭിച്ചതിനാല്‍ മികച്ച സ്‌റ്റോപ്പിംഗ് കരുത്ത് നല്‍കുമെന്ന് പറയപ്പെടുന്നു. ട്രയംഫിന്റെ പുതു തലമുറ എബിഎസ് സംവിധാനമാണ് ബൈക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

2021 ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍  

1,200 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ ഇപ്പോള്‍ കൂടുതല്‍ റെസ്‌പോണ്‍സീവ് ആണ്. മെച്ചപ്പെട്ട റൈഡിംഗ് സുഖം നല്‍കുന്നതിന് 2021 മോഡലിനായി ഉയര്‍ന്ന സ്‌പെസിഫിക്കേഷനുള്ള ഫോര്‍ക്ക് നല്‍കി. 2021 ട്രയംഫ് ബോണവില്‍ സ്പീഡ്മാസ്റ്റര്‍ ഇപ്പോള്‍ പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

സ്ട്രീറ്റ് ട്വിന്‍ 7.95 ലക്ഷം രൂപ

സ്ട്രീറ്റ് ട്വിന്‍ ഗോള്‍ഡ് ലൈന്‍ 8.25 ലക്ഷം രൂപ  

ബോണവില്‍ ടി100 9.29 ലക്ഷം രൂപ  

ബോണവില്‍ ടി120 10.65 ലക്ഷം രൂപ  

ബോണവില്‍ ടി120 ബ്ലാക്ക് 10.65 ലക്ഷം രൂപ  

ബോണവില്‍ സ്പീഡ്മാസ്റ്റര്‍ 11.75 ലക്ഷം രൂപ  

Maintained By : Studio3