2021 ട്രയംഫ് ബോണവില്‍ ബോബര്‍ ഇന്ത്യയില്‍
ഇന്ത്യ എക്‌സ് ഷോറൂം വില 11.75 ലക്ഷം രൂപ
ന്യൂഡെല്‍ഹി: 2021 മോഡല്‍ ട്രയംഫ് ബോണവില്‍ ബോബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.75 ലക്ഷം രൂപയാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. പുതുതായി മാറ്റ് സ്‌റ്റോം ഗ്രേ മാറ്റ് അയേണ്‍സ്‌റ്റോണ്‍, പുതുതായി കോര്‍ഡോവന്‍ റെഡ്, ജെറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ 2021 ട്രയംഫ് ബോണവില്‍ ബോബര്‍ ലഭിക്കും.
വീതിയേറിയ പരന്ന ഹാന്‍ഡില്‍ബാറുകള്‍, കുറച്ചുമാത്രം ഫെന്‍ഡറുകള്‍, റബ്ബര്‍ ഗെയ്റ്ററുകള്‍, ഡ്രം ബ്രേക്കില്‍നിന്ന് പ്രചോദിതമായ റിയര്‍ ഹബ്ബ്, ഒരു വശത്തായി ഇഗ്നിഷന്‍ ബാരല്‍, കറുത്ത പെയിന്റ് ലഭിച്ച ബാര്‍ എന്‍ഡ് മിററുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിങ്ങനെ ബോബറിന്റെ തനത് രൂപകല്‍പ്പന ലഭിച്ചു. ഉയര്‍ന്ന ഹാന്‍ഡിബാര്‍ സംവിധാനം, ലഗേജ് ആന്‍ഡ് സീറ്റിംഗ് ഓപ്ഷനുകള്‍ ഉള്‍പ്പെടെ നിരവധി ആക്‌സസറികള്‍ ലഭിക്കുമെന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് മോട്ടോര്‍സൈക്കിള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. സീറ്റ് കൂടാതെ റൈഡര്‍മാര്‍ക്ക് ഫൂട്ട്‌പെഗിന്റെ സ്ഥാനവും ക്രമീകരിക്കാം.
2021 മോഡലിനായി ബോണവില്‍ ബോബറില്‍ ട്രയംഫ് ചില പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ വരുത്തി. ഇതോടെ എന്‍ജിന്‍ പെര്‍ഫോമന്‍സ് മെച്ചപ്പെട്ടതായി കമ്പനി അവകാശപ്പെട്ടു. 1,200 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,100 ആര്‍പിഎമ്മില്‍ 77 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 106 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. റൈഡ് ബൈ വയര്‍ ത്രോട്ടില്‍ കൂടാതെ റോഡ്, റെയ്ന്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ നല്‍കി. ത്രോട്ടില്‍ റെസ്‌പോണ്‍സ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ കഴിയുന്നതാണ് ഈ മോഡുകള്‍.
2021 ബോണവില്‍ ബോബറില്‍ മുന്നില്‍ 47 എംഎം ഫോര്‍ക്കുകള്‍ സഹിതം 16 ഇഞ്ച് വ്യാസമുള്ള ചക്രം നല്‍കി. പിറകിലെ ചക്രം മുമ്പത്തേക്കാള്‍ വീതിയേറിയതാണ്. എവണ്‍ കോബ്ര ടയറുകളാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്നുനില്‍ക്കുന്ന അലുമിനിയം സീറ്റ്, മോണോഷോക്ക് സസ്‌പെന്‍ഷന്‍, ‘സ്വിംഗ് കേജ്’ റിയര്‍ സ്വിംഗ്ആം എന്നിവ നല്‍കിയതോടെ ഹാര്‍ഡ് ടെയ്ല്‍ ലുക്ക് പൂര്‍ണമായി. 690 മില്ലിമീറ്ററാണ് സീറ്റ് ഉയരം. മുന്നില്‍ ഇരട്ട ഡിസ്‌ക്കുകളും പിന്നില്‍ സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ലഭിച്ചു. പുതുതായി 12 ലിറ്റര്‍ ടാങ്ക് നല്‍കിയതോടെ, പൂര്‍ണമായും ഇന്ധനം നിറച്ചാല്‍ 33 ശതമാനം അധികം സഞ്ചരിക്കാന്‍ കഴിയും.