പുതിയ ഹയബൂസ പ്രത്യക്ഷപ്പെട്ടു
1 min readഈ മാസം അവസാനത്തോടെ യൂറോപ്പില്‍ വില്‍പ്പന ആരംഭിക്കും
ടോക്കിയോ: 2021 മോഡല്‍ സുസുകി ഹയബൂസ ആഗോളതലത്തില്‍ അനാവരണം ചെയ്തു. മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും പുതിയ പതിപ്പ് ലോകമെങ്ങും വില്‍ക്കും. ഈ മാസം അവസാനത്തോടെ യൂറോപ്പിലായിരിക്കും വില്‍പ്പന ആരംഭിക്കുന്നത്. തുടര്‍ന്ന് വടക്കേ അമേരിക്കയിലും ജപ്പാനിലും അവതരിപ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വിവരം സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ പിന്നീട് പ്രഖ്യാപിച്ചേക്കും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ലോഞ്ച് പ്രതീക്ഷിക്കാം.
മൂന്നാം തലമുറ മോഡലാണ് ഇപ്പോള്‍ ആഗോള അരങ്ങേറ്റം നടത്തിയത്. പതിമൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സമ്പൂര്‍ണ മാറ്റങ്ങളുമായി സുസുകി ഹയബൂസ വരുന്നത്. ഡിസൈന്‍ കാണുമ്പോള്‍ത്തന്നെ ഹയബൂസയാണെന്ന് ഉടന്‍ തിരിച്ചറിയാം. ഡുവല്‍ ടോണ്‍ നിറങ്ങളിലാണ് 2021 മോഡല്‍ വരുന്നത്. എല്‍ഇഡി ഹെഡ്‌ലൈറ്റിനൊപ്പം ടേണ്‍ സിഗ്നലുകളും ബില്‍റ്റ്-ഇന്‍ പൊസിഷന്‍ ലൈറ്റുകളും നല്‍കി.
യൂറോ 5 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1,340 സിസി, ഇന്‍ലൈന്‍ 4 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. റൈഡ് ബൈ വയര്‍ ഇലക്ട്രോണിക് ത്രോട്ടില്‍ സിസ്റ്റം, നവീകരിച്ച ഇന്‍ടേക്ക്, എക്‌സോസ്റ്റ് മെക്കാനിസം എന്നിവ നല്‍കി. ഈ മോട്ടോര്‍ 9,700 ആര്‍പിഎമ്മില്‍ 187.7 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 264 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ്. ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ 14.9 കിലോമീറ്റര്‍ സഞ്ചരിക്കാം.
പുതിയ സുസുകി ഇന്റലിജന്റ് റൈഡ് സിസ്റ്റം 2021 ഹയബൂസയില്‍ നല്‍കി. അഞ്ച് റൈഡിംഗ് മോഡുകള്‍, പവര്‍ മോഡ് സെലക്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എന്‍ജിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം, ആന്റി-ലിഫ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. ‘ആക്റ്റീവ് സ്പീഡ് ലിമിറ്റര്‍’ അനുസരിച്ച് റൈഡര്‍ക്ക് മോട്ടോര്‍സൈക്കിളിന്റെ വേഗത പരിമിതപ്പെടുത്താന്‍ കഴിയും.