October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൂടുതല്‍ പരിഷ്‌കാരങ്ങളോടെ 2021 മിനി കാറുകള്‍

മിനി 3 ഡോര്‍ ഹാച്ച്ബാക്കിന് 38 ലക്ഷം രൂപയും മിനി 3 ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ മോഡലിന് 44 ലക്ഷം രൂപയും മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് മോഡലിന് 45.50 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില  

2021 മോഡല്‍ മിനി 3 ഡോര്‍ ഹോട്ട് ഹാച്ച്ബാക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിനി 3 ഡോര്‍ ഹാച്ച്ബാക്കിന് 38 ലക്ഷം രൂപയും മിനി 3 ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ മോഡലിന് 44 ലക്ഷം രൂപയും മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് മോഡലിന് 45.50 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും പുതിയ മിനി കാറുകള്‍ ലഭിക്കുന്നത്. പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി.

പുതിയ ഡിസൈന്‍ ഭാഷ ലഭിച്ചതോടെ മുമ്പത്തേക്കാള്‍ മികച്ച ലുക്കിലാണ് മിനി 3 ഡോര്‍ ഹാച്ച്, മിനി കണ്‍വെര്‍ട്ടിബിള്‍ മോഡലുകള്‍ വരുന്നത്. പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയതോടെ അല്‍പ്പം കൂടുതല്‍ അഗ്രസീവാണ്. മുന്നില്‍ വൃത്താകൃതിയുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഷഡ്ഭുജ ആകൃതിയുള്ള റേഡിയേറ്റര്‍ ഗ്രില്‍ എന്നിവ ഇപ്പോഴും തുടരുന്നു. വലിയ എയര്‍ ഓപ്പണിംഗ്‌സ് നല്‍കി ബംപര്‍ പരിഷ്‌കരിച്ചു. ഇതോടെ ഒരേസമയം പവര്‍ട്രെയ്ന്‍, ബ്രേക്കുകള്‍ എന്നിവയിലെ ചൂട് പരമാവധി നിയന്ത്രിക്കപ്പെടുമെന്ന് ഉറപ്പാക്കി. ഡ്രാഗ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മുന്നിലെ സൈഡ് പാനലുകളുടെ സൈഡ് സ്‌കട്ടിലുകള്‍ റീഡിസൈന്‍ ചെയ്തു. പിറകിലെ ഫോഗ് ലൈറ്റ് ഇപ്പോള്‍ പിറകിലെ ഏപ്രണുമായി യോജിപ്പിച്ചു. എല്‍ഇഡിയാണ് ഇപ്പോള്‍ ഫോഗ് ലൈറ്റ്. എയ്‌റോഡൈനാമിക്‌സ് വര്‍ധിപ്പിക്കുന്നതിന് ബോഡിവര്‍ക്കുമായി പുതിയ എയര്‍ ഇന്‍ടേക്കുകള്‍ കുത്തനെ നല്‍കി. മിനി 3 ഡോര്‍ ഹാച്ചിനും മിനി കണ്‍വെര്‍ട്ടിബിളിനും ഭാരം കുറഞ്ഞ പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍ സ്റ്റാന്‍ഡേഡായി ലഭിച്ചു.

കാബിനില്‍ ചെറിയ ചില പരിഷ്‌കാരങ്ങള്‍ വരുത്തി. പരിഷ്‌കരിച്ച 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് ഒരുപക്ഷേ കാറിനകത്തെ ഏറ്റവും വലിയ പരിഷ്‌കാരം. ഇപ്പോള്‍ പുതിയ സോഫ്റ്റ്‌വെയര്‍, മികച്ച ഗ്രാഫിക്‌സ് നല്‍കി. പുതിയ ആംബിയന്റ് ലൈറ്റ് ഓപ്ഷനുകളും ലഭിച്ചു.   ഓഡിയോ കണ്‍ട്രോള്‍ യൂണിറ്റ്, ഫംഗ്ഷന്‍ ബട്ടണുകള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍ എന്നിവ വൃത്താകൃതിയുള്ള കണ്‍ട്രോള്‍ യൂണിറ്റില്‍ ചേര്‍ത്തു. സ്റ്റിയറിംഗ് കോളത്തില്‍ ഓപ്ഷണല്‍ 5.0 ഇഞ്ച് മള്‍ട്ടി ഫംഗ്ഷണല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ നല്‍കി. നാവിഗേഷന്‍ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, മെച്ചപ്പെടുത്തിയ ബ്ലൂടൂത്ത് മൊബീല്‍ സംവിധാനം എന്നിവ സഹിതം ഓപ്ഷണല്‍ ‘മിനി വയേര്‍ഡ് പാക്കേജ്’ ലഭിച്ചു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ പൊരുത്തപ്പെടുന്നതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം കൂടി നല്‍കി.

മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് തുടര്‍ന്നും 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 228 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 6.1 സെക്കന്‍ഡ് മതി.

3 ഡോര്‍ ഹാച്ച്ബാക്കില്‍ ഇതേ എന്‍ജിനുമായി 7 സ്പീഡ് ഡിസിടിയാണ് ഘടിപ്പിച്ചത്. ഈ മോട്ടോര്‍ 189 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. മൂന്നക്ക വേഗം കൈവരിക്കാന്‍ 3 ഡോര്‍ ഹാച്ച്ബാക്കിന് 6.7 സെക്കന്‍ഡും കണ്‍വെര്‍ട്ടിബിള്‍ മോഡലിന് 7.1 സെക്കന്‍ഡും മതി. പാഡില്‍ ഷിഫ്റ്ററുകള്‍ ലഭിച്ചതാണ് മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ്. സ്റ്റാന്‍ഡേഡ് എംഐഡി മോഡ് കൂടാതെ സ്‌പോര്‍ട്ട്, ഗ്രീന്‍ എന്നീ മോഡുകളും നല്‍കി.

ക്രൂസ് കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്റ്, റിയര്‍ വ്യൂ കാമറ, ഹെഡ്അപ്പ് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുന്നതാണ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങള്‍. മുന്നില്‍ പാസഞ്ചര്‍ എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റുകള്‍, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ക്രാഷ് സെന്‍സര്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, റണ്‍ ഫ്‌ളാറ്റ് ടയറുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. അധിക സുരക്ഷാ ഫീച്ചറായി മിനി കണ്‍വെര്‍ട്ടിബിള്‍ മോഡലിന് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം ലഭിച്ചു.

Maintained By : Studio3