November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പൂര്‍വാധികം പ്രൗഢിയോടെ പുതിയ എസ് ക്ലാസ്

400ഡി വേരിയന്റിന് 2.17 കോടി രൂപയും 450 4മാറ്റിക് വേരിയന്റിന് 2.19 കോടി രൂപയുമാണ് എക്‌സ് ഷോറൂം വില  

പുതു തലമുറ മെഴ്‌സേഡസ് ബെന്‍സ് എസ് ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 400ഡി വേരിയന്റിന് 2.17 കോടി രൂപയും 450 4മാറ്റിക് വേരിയന്റിന് 2.19 കോടി രൂപയുമാണ് എക്‌സ് ഷോറൂം വില. ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പതിനഞ്ച് ഉല്‍പ്പന്നങ്ങളിലൊന്നാണ് 2021 എസ് ക്ലാസ്. ആഗോള അരങ്ങേറ്റം നടത്തി ഏകദേശം ഒരു വര്‍ഷത്തിനുശേഷമാണ് ഫ്‌ളാഗ്ഷിപ്പ് സെഡാന്‍ ഇന്ത്യയിലെത്തുന്നത്. കൊവിഡ് മഹാമാരിയാണ് ഈ കാലതാമസത്തിന് ഇടയാക്കിയത്. വിപണി വിടുന്ന മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ തലത്തിലും വലിയ മാറ്റങ്ങളോടെയാണ് പുതിയ എസ് ക്ലാസ് വരുന്നത്. ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകളില്‍ വേള്‍ഡ് ലക്ഷ്വറി കാറായി തെരഞ്ഞെടുത്തത് എസ് ക്ലാസിനെയാണ്.

പുതിയ എസ് ക്ലാസിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 5289 എംഎം, 1954 എംഎം, 1503 എംഎം എന്നിങ്ങനെയാണ്. 3216 മില്ലിമീറ്ററാണ് വീല്‍ബേസ്. അതായത്, നീളം 34 എംഎം, വീതി 51 എംഎം, ഉയരം 12 എംഎം, വീല്‍ബേസ് 50 എംഎം എന്നിങ്ങനെ വര്‍ധിച്ചു. മാത്രമല്ല, മുന്നിലെയും പിന്നിലെയും ട്രാക്ക് യഥാക്രമം 35 എംഎം, 51 എംഎം വര്‍ധിച്ചു. പുതിയ ഡിസൈന്‍ ഭാഷയിലാണ് സെഡാന്‍ വരുന്നത്. മുന്‍ഗാമിയേക്കാള്‍ നീളം കൂടിയതാണ് ബോണറ്റ്. പുതിയ ഡിജിറ്റല്‍ ലൈറ്റ് സാങ്കേതികവിദ്യ സഹിതം സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ നല്‍കി. എല്‍ഇഡി ടെയ്ല്‍ലൈറ്റ് സംബന്ധിച്ച ഡിസൈനിലാണ് വലിയ മാറ്റം. ലക്ഷ്വറി സെഡാനില്‍ ഇതാദ്യമായി ടെയ്ല്‍ലൈറ്റ് തിരശ്ചീനമായി സ്ഥാപിച്ചു. എയര്‍ഫ്‌ളോ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫ്‌ളഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകളാണ് മറ്റൊരു വലിയ മാറ്റം. മാത്രമല്ല, പുറത്തെ റിയര്‍വ്യൂ കണ്ണാടികളില്‍ എയ്‌റോസ്‌ട്രൈപ്പുകള്‍ നല്‍കി. ഈ തീരുമാനം എയര്‍ഫ്‌ളോ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ ഡ്രാഗ് കോഎഫിഷ്യന്റ് കുറഞ്ഞു.

പുതിയ സ്‌ക്രീനുകള്‍ നല്‍കിയതോടെ കാബിന്‍ നിലവാരം പിന്നെയും വര്‍ധിച്ചു. മാത്രമല്ല, ഇപ്പോള്‍ കൂടുതല്‍ ഫ്യൂച്ചറിസ്റ്റിക് ആണ്. 12.8 ഇഞ്ച് വലുപ്പമുള്ളതാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. ഡിജിറ്റല്‍ കണ്‍സോള്‍ കൂടെ നല്‍കി. മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതു തലമുറ എസ് ക്ലാസ് സെഡാനില്‍ 27 നോബുകളും ഡയലുകളും എടുത്തുകളഞ്ഞതായി മെഴ്‌സേഡസ് അറിയിച്ചു. മുന്‍ നിരയില്‍ 38 എംഎം കൂടുതല്‍ എല്‍ബോ റൂം, പിന്‍ നിരയില്‍ 24 എംഎം കൂടുതല്‍ ലെഗ്‌റൂം, അല്‍പ്പം കൂടുതല്‍ എല്‍ബോ റൂം, ഹെഡ്‌റൂം എന്നിവ ലഭിച്ചു.

ഇക്യു ബൂസ്റ്റ് 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം സഹിതം 3.0 ലിറ്റര്‍ ഇന്‍ ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഓപ്ഷനുകള്‍. 400ഡി വേരിയന്റിലെ 3.0 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 325 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മൂന്നക്ക വേഗം കൈവരിക്കുന്നതിന് 5.4 സെക്കന്‍ഡ് മതി. 450 4മാറ്റിക് പെട്രോള്‍ വേരിയന്റ് ഉപയോഗിക്കുന്ന 3.0 ലിറ്റര്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 362 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമാണ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.1 സെക്കന്‍ഡ് മതി. രണ്ട് എന്‍ജിനുകളുമായും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തി. 4മാറ്റിക് എന്ന ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം കൂടാതെ പുതിയ എസ് ക്ലാസില്‍ റിയര്‍ വീല്‍ സ്റ്റിയറിംഗ് നല്‍കി.

Maintained By : Studio3