ബിഎസ് 6 എന്‍ജിനുമായി 2021 ഇസുസു ഡി മാക്‌സ്, എംയു എക്‌സ്
![](https://futurekerala.in/wp-content/uploads/2021/05/Future-Kerala-2021-Isuzu-D-Max-V-Cross-Hi-Lander-MU-X-BS6-India-launch.jpeg)
2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തില്‍ വന്നതോടെ രണ്ട് മോഡലുകളും നിര്‍ത്തിയിരുന്നു
2021 ഇസുസു ഡി മാക്‌സ് പിക്ക്അപ്പ്, 2021 ഇസുസു എംയു എക്‌സ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തില്‍ വന്നതോടെ രണ്ട് മോഡലുകളും നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ബിഎസ് 6 എന്‍ജിന്‍ നല്‍കിയാണ് തിരികെ വിപണിയില്‍ എത്തിച്ചത്. വിദേശങ്ങളില്‍ ഇതിനകം പുതു തലമുറ എംയു എക്‌സ്, ഡി മാക്‌സ് എന്നിവ അവതരിപ്പിച്ചെങ്കില്‍ ഇന്ത്യയില്‍ ബിഎസ് 6 എന്‍ജിന്‍ നല്‍കി മുന്‍ തലമുറ മോഡലുകള്‍ തുടരാനാണ് ഇസുസു തീരുമാനിച്ചത്. ഹൈലാന്‍ഡര്‍, വി ക്രോസ് സെഡ്, വി ക്രോസ് സെഡ് പ്രെസ്റ്റീജ് എന്നീ മൂന്ന് വേരിയന്റുകളില്‍ 2021 ഇസുസു ഡി മാക്‌സ് ലഭിക്കും. പരിഷ്‌കരിച്ച പിക്ക്അപ്പിന് 16.98 ലക്ഷം മുതല്‍ 24.49 ലക്ഷം രൂപ വരെയാണ് വില. 2 വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് വകഭേദങ്ങളില്‍ 2021 ഇസുസു എംയു എക്‌സ് ലഭ്യമാണ്. യഥാക്രമം 33.23 ലക്ഷം രൂപയും 35.19 ലക്ഷം രൂപയുമാണ് പരിഷ്‌കരിച്ച 7 സീറ്റര്‍ എസ്‌യുവിയുടെ വില. എല്ലാം തമിഴ്‌നാട് എക്‌സ് ഷോറൂം വില.
നേരത്തെ ഉപയോഗിച്ചിരുന്ന 1.9 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നത്. ഈ മോട്ടോര്‍ ഇപ്പോള്‍ 163 എച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 പാലിച്ചിരുന്ന എന്‍ജിനേക്കാള്‍ 13 എച്ച്പി, 10 എന്‍എം കൂടുതല്‍. 2 വീല്‍ ഡ്രൈവ്, 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമായിരിക്കും ഹൈലാന്‍ഡര്‍ വേരിയന്റ് ലഭിക്കുന്നത്. അതേസമയം, 4 വീല്‍ ഡ്രൈവ് സിസ്റ്റം, 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വി ക്രോസ് വേരിയന്റുകള്‍ ലഭിക്കും.
മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഐസോഫിക്‌സ് ആങ്കറുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കിയാണ് പുതിയ ഹൈലാന്‍ഡര്‍ വേരിയന്റ് വിപണിയിലെത്തിക്കുന്നത്. വീല്‍ കവറുകള്‍ സഹിതം 16 ഇഞ്ച് ചക്രങ്ങള്‍, ആറ് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 60:40 അനുപാതത്തില്‍ സ്പ്ലിറ്റ് ആന്‍ഡ് ഫോള്‍ഡ് സാധ്യമാകുന്ന റിയര്‍ സീറ്റുകള്‍ എന്നിവ നല്‍കി. അനലോഗ് ഡയലുകള്‍ക്കിടയില്‍ പുതുതായി ഡിജിറ്റല്‍ കളര്‍ എംഐഡി, മുന്‍, പിന്‍ നിരകളില്‍ യുഎസ്ബി പോര്‍ട്ടുകള്‍, പവര്‍ വിന്‍ഡോകള്‍, പിന്‍ നിരയില്‍ എസി വെന്റുകള്‍ സഹിതം മാന്വല്‍ എസി യൂണിറ്റ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
ഓട്ടോ ലെവലിംഗ് എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി, ബ്ലൂടൂത്ത്, ഓക്‌സ് ഇന്‍, ഡിവിഡി കംപാറ്റിബിലിറ്റി സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗില്‍ നല്‍കിയ കണ്‍ട്രോളുകള്‍, പിറകില്‍ പാര്‍ക്കിംഗ് കാമറ എന്നിവ ലഭിച്ചതാണ് 2021 ഇസുസു ഡി മാക്‌സ് വി ക്രോസ് സെഡ് വേരിയന്റ്. സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഇഎസ്‌സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് അസിസ്റ്റ്, ഷിഫ്റ്റ് ഓണ്‍ ദ ഫ്‌ളൈ 4 വീല്‍ ഡ്രൈവ്, തുകല്‍ സീറ്റുകള്‍, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ക്രൂസ് കണ്‍ട്രോള്‍ എന്നിവ വി ക്രോസ് സെഡ് പ്രെസ്റ്റീജ് വേരിയന്റിലെ അധിക ഫീച്ചറുകളാണ്.
ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നതും 163 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്നതുമായ 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് 2021 ഇസുസു എംയു എക്‌സ് എസ്‌യുവി ഉപയോഗിക്കുന്നത്. എന്‍ജിനുമായി 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. 2 വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് വകഭേദങ്ങളില്‍ ലഭിക്കും. ഷിഫ്റ്റ് ബൈ വയര്‍ 4 വീല്‍ ഡ്രൈവ് സിസ്റ്റത്തിന്റെ അഭാവം ഒഴിച്ചാല്‍ എല്ലാ വേരിയന്റുകളും സമാനമാണ്. ഒരേ ഫീച്ചറുകള്‍ ലഭിച്ചു. ആറ് എയര്‍ബാഗുകള്‍, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ കാമറ, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, രണ്ടാം നിരയിലും മൂന്നാം നിരയിലും പവേര്‍ഡ് സ്പ്ലിറ്റ് ഫോള്‍ഡിംഗ് സീറ്റുകള്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി.