കൊച്ചി വിമാനത്താവളത്തില്‍ കോവിഡ് പരിശോധന പൂര്‍ത്തിയാക്കി 146 പേര്‍ യുഎഇ-യിലേക്ക് തിരിച്ചു
1 min readജൂണ്‍ 28നാണ് പ്രവാസികളുടെ പ്രയാസം കണക്കിലെടുത്ത് റാപ്പിഡ് പിസിആര്‍ പരിശോധനാ സംവിധാനം സിയാലില്‍ സ്ഥാപിച്ചത്
കൊച്ചി: പ്രവാസികളുടെ തൊഴിലിടങ്ങളിലേക്കുള്ള മടക്കം സംബന്ധിച്ച ആശങ്കകള്‍ ഇനിയും വിട്ടുമാറിയിട്ടില്ലെന്നിരിക്കെ കൊച്ചി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (സിയാല്‍) നിന്ന് അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. വിമാനത്താവളത്തില്‍ തന്നെ നടന്ന നിര്‍ബന്ധിത റാപ്പിഡ് പിസിആര്‍ പരിശോധനയ്ക്ക് ശേഷം 146 ഓളം യാത്രക്കാര്‍ ഇന്നലെ യുഎഇയിലേക്ക് യാത്രയായി. പ്രവാസികളെ സംബന്ധിച്ച് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.
കോവിഡ് -19 ന്‍റെ രണ്ടാം തരംഗം കാരണം ജൂലൈ അവസാനം വരെ അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള നിരോധനം പ്രാബല്യത്തിലാണെങ്കിലും, ഇന്ത്യയും ചില രാജ്യങ്ങളും തമ്മില്‍ നടത്തിയ പ്രത്യേക ക്രമീകരണത്തിന്‍റെ ഭാഗമായി എയര്‍ ബബിള്‍ സുരക്ഷയോടെ ചില അന്താരാഷ്ട്ര മേഖലകളിലേക്ക് യാത്രക്കാരെ അനുവദിക്കുന്നു.
‘സിയാല്‍ അതിന്‍റെ അന്താരാഷ്ട്ര ടെര്‍മിനലില്‍ സ്ഥാപിച്ച റാപ്പിഡ് പിസിആര്‍ ടെസ്റ്റിംഗ് സൗകര്യം യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു വലിയ അനുഗ്രഹമായി മാറുകയാണ്. തിങ്കളാഴ്ച 146 യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് പോകാന്‍ അരമണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി ഫലം നല്‍കാന്‍ കഴിഞ്ഞു, “സിയാല്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള യാത്രാ പ്രോട്ടോക്കോള്‍ ജൂണ്‍ 19 ലെ സര്‍ക്കുലറില്‍ ഭേദഗതി ചെയ്തിരുന്നു. റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നടത്തിയ ഇന്ത്യന്‍ യാത്രികര്‍ക്ക് രാജ്യത്ത് പ്രവേശിപ്പിക്കാം എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂറിനുള്ളിലായിരിക്കണം പരിശോധന നടത്തേണ്ടതെന്നും യുഎഇ നിഷ്കര്‍ഷിക്കുന്നു. യുഎഇ അധികൃതര്‍ അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിനിന്‍റെ മുഴുവന്‍ ഡോസും സ്വീകരിച്ചവരും ആയിരിക്കണം യാത്രക്കാര്‍.
ഇതിന്‍റെ അടിസ്ഥാനത്തില്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് അനുയോജ്യമായ ലാബുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. റാപ്പിഡ് ദ്രുത പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ അധികാരപ്പെടുത്തി. ജൂണ്‍ 28നാണ് സിയാല്‍ ഈ സൗകര്യം വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ 200 യാത്രക്കാരെ പരിശോധിക്കാനുള്ള ശേഷി വിമാനത്താവളത്തിലെ ടെസ്റ്റിംഗ് സെന്‍ററിനുണ്ട്.
പ്രവാസികള്‍ തൊഴിലിടങ്ങളിലേക്ക് മടങ്ങുന്നതില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ പലരുടെയും തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയുണര്‍ത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍, വിവിധ രാജ്യങ്ങളിലേക്ക് പോകാന്‍ തയാറെടുക്കുന്നവര്‍ക്കായി വാക്സിന്‍ ബുക്ക് ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കുന്നതിനും പ്രത്യേക സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസികളുടെ തിരിച്ചുപോക്കില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു.