11 ബംഗാള്‍ മലയോര ഗോത്രവിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി ലഭിക്കുമെന്ന് ബിജെപി
1 min readന്യൂഡെല്‍ഹി: ഡാര്‍ജിലിംഗ് കുന്നുകള്‍, തെരായ്, ദൂവാര്‍സ് മേഖലയിലെ 11 മലയോര ഗോത്ര വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ (എസ്ടി) പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. പ്രദേശത്തെ ആദിവാസി ജനതയുടെ ദീര്‍ഘകാല ആവശ്യംകൂടിയാണിത്. മോദി സര്‍ക്കാര്‍ ഇക്കാര്യം സജീവമായി പരിഗണിക്കുന്നതായി ഒരു ബിജെപി നേതാവ് പറഞ്ഞു. ഗോര്‍ഖ പ്രശ്നത്തിന് സ്ഥിരമായ രാഷ്ട്രീയ പരിഹാരം (പിപിഎസ്) കണ്ടെത്താമെന്ന ബിജെപിയുടെ വാഗ്ദാനത്തിന്‍റെ ഭാഗമാണ് ഈ നീക്കം. 2019 ലോക്സഭ, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ഗോര്‍ഖകളെ പട്ടികവര്‍ഗക്കാരായി മാറ്റാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് ഡാര്‍ജിലിംഗില്‍ നിന്നുള്ള ബിജെപി എംപി രാജു ബിസ്ത പറയുന്നു. അതിനാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. അത് തീര്‍ച്ചയായും സംഭവിക്കും- ബസ്ത കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ ബംഗാളില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന കേന്ദ്രഭരണ പ്രദേശമോ സ്വയംഭരണാധികാരമോ ആവശ്യപ്പെട്ട് ബിജെപി മുതിര്‍ന്ന നേതാക്കളില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഉയര്‍ന്നുവരുന്ന പ്രതികരണങ്ങളെത്തുടര്‍ന്നാണ് ഈ നീക്കം. പ്രത്യേകിച്ചും ഗോര്‍ഖകളും മറ്റ് മലയോര ഗോത്രങ്ങളും ആധിപത്യം പുലര്‍ത്തുന്ന കുന്നുകളാണിത്. തദ്ദേശീയ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് എസ്ടി പദവിയും പ്രാദേശിക പാര്‍ട്ടിയായ ഗോര്‍ഖാലാന്‍ഡ് ജന്‍മുഖി മോര്‍ച്ചയുടെ (ജിജെഎം -2) ഒരു വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള ഗോര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷന്‍റെ ഫണ്ടുകളുടെ കേന്ദ്ര ഓഡിറ്റും നേതാക്കള്‍ തേടിയിട്ടുണ്ട്. ഈ കോലാഹലത്തിനിടയിലാണ് വടക്കന്‍ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി അലിപൂര്‍ദുവാറിലെ ജോണ്‍ ബാര്‍ല – ബംഗാളിലെ നാല് ജില്ലകളെ കേന്ദ്രഭരണ പ്രദേശമായി രൂപപ്പെടുത്താന്‍ ആഹ്വാനം ചെയ്തത്.
വടക്കന്‍ ബംഗാളില്‍ ഡാര്‍ജിലിംഗ് മുതല്‍ ദിനാജ്പൂര്‍ വരെ ആറ് ലോക്സഭാ സീറ്റുകളാണുള്ളത്, ഇതെല്ലാം 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയിരുന്നു. ഗോത്രവര്‍ഗക്കാര്‍ക്ക് എസ്ടി പദവി നല്‍കിക്കൊണ്ട് ബിജെപി ഈ മേഖലയിലെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഗോര്‍ഖാ പാര്‍ട്ടികളായ ജിജെഎമ്മിന്‍റെ രണ്ട് വിഭാഗങ്ങളും ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചയെ വിഢിത്തരമെന്ന് വിശേഷിപ്പിച്ചു. അത്തരമൊരു നീക്കത്തിന് രജിസ്ട്രാര്‍ ജനറലിന് നിരവധി ഭേദഗതികള്‍ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായാണ് എസ്ടി വിഭാഗത്തെ കാണുന്നത്. ഒരു ഗോത്രത്തെ എസ്ടി ആയി തരംതിരിക്കുന്നത് സമുദായങ്ങള്‍ക്ക് സംവരണവും മറ്റ് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത ക്ഷേമ നടപടികളും പോലുള്ള ആനുകൂല്യങ്ങള്‍ നേടാന്‍ അവരെ അനുവദിക്കുന്നു. ഗോര്‍ഖകളെ ചരിത്രപരമായി “മലയോര ഗോത്രവര്‍ഗക്കാര്‍” എന്ന് അംഗീകരിച്ചിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം പദവിയില്‍ നിന്ന് അവരെ മാറ്റിയിരുന്നു. 1941 ലെ സെന്‍സസ് വരെ ഗോര്‍ഖകള്‍ മലയോര ഗോത്രവര്‍ഗക്കാരായിരുന്നു. ആ സമൂഹവുമായി യാതൊരു കൂടിയാലോചനയും നടത്താതെയായിരുന്നു ഈ നീക്കം. കാലക്രമേണ, 18 ഉപ ഗോത്രങ്ങളില്‍ ഏഴെണ്ണം എസ്ടി ആയി. 11 വിഭാഗങ്ങള്‍ ഇപ്പോഴും ഗോര്‍ഖ ഉപ ഗോത്രങ്ങളില്‍ അവശേഷിക്കുന്നു.ഗുരുങ്, മംഗര്‍, റായ്, സണ്‍വാര്‍, മുഖിയ, ജോഗി, താമി, യഖ, ബാഹുന്‍, ചെത്രി, നെവാര്‍ എന്നിവയാണ് 11 ഗോത്രങ്ങള്‍. ഇവ അയല്‍രാജ്യമായ സിക്കിമില്‍ കാണപ്പെടുന്നു.
2014 ല്‍ പശ്ചിമ ബംഗാള്‍ മന്ത്രിസഭ എസ്ടിമാരായി ഉള്‍പ്പെടുത്തുന്നതിനുള്ള കരാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായും 2021 ജനുവരിയില്‍ “സിക്കിം സര്‍ക്കാര്‍ ഒരു പ്രമേയം പാസാക്കിയെന്നും”പാര്‍ട്ടി നേതാക്കള്‍ പറയുന്നു. “ഉത്തര ബംഗാളിനെതിരായ വിവേചനം ആരില്‍ നിന്നും മറച്ചുവെക്കപ്പെടുന്നില്ല. പശ്ചിമ ബംഗാളില്‍ ചെറിയ പുരോഗതി സംഭവിച്ചതെല്ലാം ദക്ഷിണ ബംഗാള്‍ കേന്ദ്രീകൃതമാണ് ‘ എന്നതാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ്, സിപിഎം, ടിഎംസി എന്നിവരെല്ലാം ഉത്തര ബംഗാളിനോട് വിവേചനം കാണിച്ചതായാണ് ആരോപണം. ഡാര്‍ജിലിംഗ് കുന്നുകള്‍, ടെറായി, ദൂരാര്‍ എന്നിവിടങ്ങളിലെ ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നീതി പുലര്‍ത്തുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് ബിസ്റ്റ പറയുന്നു.”ഞങ്ങളുടെ പാര്‍ട്ടി സ്ഥിരമായ ഒരു രാഷ്ട്രീയ പരിഹാരത്തിന് പ്രതിജ്ഞാബദ്ധമാണ്, അതിനാല്‍ എല്ലാ ഓപ്ഷനുകളും ചര്‍ച്ചകള്‍ക്കായി തുറന്നിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
11 മലയോര ഗോത്രവര്‍ഗക്കാര്‍ക്ക് എസ്ടി പദവി നല്‍കുന്ന വിഷയം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സ്വരാജ് താപ്പയും പറഞ്ഞു.