ബിജെപിയുടെ യാത്രയില്‍ കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്നു
തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാനവ്യാപക യാത്രയുടെ സമാപന ദിനമായ മാര്‍ച്ച് 7 ന് തിരുവനന്തപുരത്ത് നടക്കുന്ന പൊതു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള യാത്ര ഫെബ്രുവരി 21 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍ഗോഡില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഏപ്രില്‍ /മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമായാണ് ഇത് കാണപ്പെടുന്നത്.
മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ഉന്നത ദേശീയ ബിജെപി നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാന ബിജെപി നേതൃത്വം വലിയ ആവേശത്തിലാണ്. യാത്രയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ ദേശീയ ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉള്‍പ്പെടുന്നു.
അഴിമതിയില്‍ നിന്ന് മുക്തമായ ഒരു പുതിയ കേരളമാണ് യാത്രയുടെ മുദ്രാവാക്യം എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. “പാര്‍ട്ടിയുടെ മുന്‍നിര ദേശീയ നേതാക്കളെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, മോദിയുടെ സന്ദര്‍ശനത്തിന്‍റെ സ്ഥിരീകരണം കാത്തിരിക്കുന്നു. ഈ യാത്ര അടിസ്ഥാനപരമായി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കമാണ്. സ്ഥാനാര്‍ത്ഥിപട്ടികയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നില്ല. ഇതു സംബന്ധിച്ച തീരുമാനം ഉചിതമായ സമയത്ത് സ്വീകരിക്കും” രമേശ് പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന യൂണിറ്റിനെ സംബന്ധിച്ചിടത്തോളം നിയമസഭാ തെരഞ്ഞെടുപ്പ് ഒരു പരീക്ഷണമാണ്. കാരണം നിയമസഭയില്‍ തങ്ങളുടെ സീറ്റുകള്‍ വര്‍ധിപ്പിക്കാനാകുമോ എന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റില്‍ വിജയിച്ച് എക്കൗണ്ട് തുറന്നിരുന്നു. ഇക്കുറി പാര്‍ട്ടിയുടെ ലക്ഷ്യം വളരെ വലുതാണ്.