December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാക്കിസ്ഥാനില്‍ താലിബാന്‍റെ ചാവേറാക്രമണം

1 min read

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ക്വറ്റ നഗരത്തില്‍ താലിബാന്‍റെ ചാവേറാക്രമണം. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് സ്ഥോടക വസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ച് നാല് പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അഹ്മദ് സ്ഥിരീകരിച്ചു. ഈ ഹോട്ടലില്‍ ചൈനീസ് നയതന്ത്ര പ്രതിനിധിയടക്കമുള്ള ഉന്നതര്‍ താമസിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ സ്ഥോടനം നടക്കുമ്പോള്‍ പ്രതിനിധി ഹോട്ടലിലുണ്ടായിരുന്നില്ല. നേരത്തെ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്വറ്റയിലും മറ്റ് പ്രധാന നഗരങ്ങളിലും ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ് ഉണ്ടായിരുന്നു. ബലൂചിസ്ഥാനിലെ നഗരങ്ങള്‍ ഉള്‍പ്പെടെ സുരക്ഷ അതീവ ജാഗ്രതയിലാണെന്ന് റഷീദ് മാധ്യമങ്ങളോട് പറഞ്ഞു.

സുരക്ഷാ നടപടികള്‍ ഉണ്ടായിരുന്നിട്ടും, സ്ഫോടകവസ്തുക്കള്‍ വഹിച്ച വാഹനം സെറീന ഹോട്ടലിന്‍റെ പ്രധാന ഗേറ്റില്‍ നിന്ന് പാര്‍ക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇവിടെ സുരക്ഷാ വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.സ്ഫോടനത്തിന് തൊട്ടുപിന്നാലെ ഹോട്ടലിന്‍റെ പാര്‍ക്കിംഗ് ഏരിയ തീവ്രവാദ വകുപ്പ് മുദ്രവെച്ചു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ തെഹ്രിക്-ഇ-താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. നാട്ടുകാരെയും വിദേശികളെയും ലക്ഷ്യമിട്ടാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് തീവ്രവാദ സംഘടന പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഈ അവകാശവാദം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ പരിക്കേറ്റവരെ പരിക്കേറ്റവരെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വക്താവ് വസീം ബെയ്ഗ് പറഞ്ഞു.

പ്രഥമിക അന്വേഷണത്തില്‍ 40 കിലോ സ്ഫോടകവസ്തുക്കള്‍ ആക്രമണത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബലൂചിസ്ഥാന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ പോലീസ് മുഹമ്മദ് താഹിര്‍ റായ് പറഞ്ഞു.സ്ഫോടനത്തെത്തുടര്‍ന്ന് നിരവധി വാഹനങ്ങളില്‍ തീ പടര്‍ന്നു. തുടര്‍ന്ന് ഇവിടെ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.സ്ഫോടന സ്ഥലത്ത് നിന്ന് നിരവധി മൈല്‍ അകലെവരെ ഉച്ചത്തിലുള്ള സ്ഫോടനം കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. ഹോട്ടലിന്‍റെ പാര്‍ക്കിംഗിലാകെ തീപടരുകയും ചെയ്തു.സ്ഥോടനത്തെത്തുടര്‍ന്ന് ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളില്‍ വര്‍ധിച്ച സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാനൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് പാക്കിസാഥാനിലുള്ളത്. ഈ സാഹചര്യത്തില്‍ പ്രാദേശിക താലിബാന്‍ ഗ്രൂപ്പായ തെഹ്രിക്-ഇ-താലിബാന്‍ എന്തിന് പാക്കിസ്ഥാനില്‍ ആക്രമണം നടത്തണം എന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.നിരവധി ഭീകരസംഘടനകളെ പണവും മറ്റ് സഹായവും നല്‍കി പരിശീലിപ്പിച്ചെടുക്കുന്നത് ഇസ്ലാബാദാണ്. അതിനുള്ള വിമര്‍ശനങ്ങള്‍ അവര്‍ ആഗോളതലത്തില്‍ നേരിടുകയും ചെയ്യുന്നു. ബലൂചിസ്ഥാന്‍ മേഖലയിലാണ് സ്ഥോടനം എന്നതിനാല്‍ ആദ്യം ഇതിനുപിന്നില്‍ ബലൂച് പ്രക്ഷോഭകരായിരിക്കാം എന്നാണ് അധികൃതര്‍ കരുതിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരാതിരിക്കുന്നത് സംശയത്തിനിട നല്‍കുന്നുണ്ട്.

ബലൂചിസ്ഥാനില്‍ പ്രദേശവാസികളെ അടിച്ചമര്‍ത്തുന്ന നയമാണ് പാക്കിസ്ഥാന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. അവിടെയുള്ള ജനങ്ങള്‍ ‘അപ്രത്യക്ഷമാകുന്നതിന്‍റെ’ ഇരകളാണ്. സുരക്ഷാസേന സേന അവരെ പിടികൂടി തടങ്കലിലാക്കുകയോ കൊന്നുതള്ളുകയോ ആണ് ചെയ്യുന്നതെന്നാണ് വിവിധ ബലൂച് സംഘടകള്‍ ആരോപിക്കുന്നത്. സംഘടകളുടെ നേതാക്കളെ തന്നെ കാണാതായ സംഭവും ഉണ്ടായിട്ടുണ്ട്.

പാക്കിസ്ഥാന്‍ ഇന്നുവരെ ബലൂച് പ്രദേശത്തെ സ്വന്തം സ്ഥലമായി കാണുന്നില്ല. പകരം അവിടെ പിടിച്ചെടുത്തതാണ്. അതിനാല്‍ അവിടെയുള്ള ജനങ്ങളെ അടിമകളേപ്പോലെ കണക്കാക്കുന്നു. ബലൂചിസ്ഥാനിലെ പ്രകൃതിവിഭവങ്ങള്‍ ഇസ്ലാമബാദും ചൈനയും ചേര്‍ന്ന് ചൂഷണം ചെയ്യുന്നു. തദ്ദേശീയര്‍ക്ക് ജോലിപോലും നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. അതിനാല്‍ ബലൂച് സംഘടനകള്‍ തിരിച്ചടിക്ക് മുതിരാറുണ്ട്. ഇക്കുറിയും ക്വറ്റയിലെ ആക്രമണം ഈ സംഘടനകള്‍ നടത്തിയാതാകാമെന്ന് അധികൃതര്‍ കരുതുന്നു. എന്നാല്‍ തെഹ്രിക്-ഇ-താലിബാന്‍ നടത്തിയ അവകാശവാദം ഇസ്ലാമബാദിനെ ഞെട്ടിച്ചിട്ടുണ്ട്.ഭീകരര്‍ക്ക് അഭയം നല്‍കിയാല്‍ പിന്നീട് അവര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കേണ്ട സ്ഥിതി ആ രാജ്യത്തിനുണ്ടാകും . ഇതാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Maintained By : Studio3