യമഹ എഫ്‌സെഡ് എക്‌സ് പുറത്തിറക്കി
ഡെല്‍ഹി എക്‌സ് ഷോറൂം വില 1,16,800 രൂപ മുതല്‍
കൊച്ചി: യമഹ എഫ്‌സെഡ് എക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,16,800 രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിച്ച വകഭേദത്തിന് 1,19,800 രൂപയാണ് വില. ഇന്ത്യയില്‍ യമഹയുടെ എഫ്‌സെഡ് സീരീസിലെ പുതിയ മോഡലാണ് എഫ്‌സെഡ് എക്‌സ്. മാറ്റ് കോപ്പര്‍, മെറ്റാലിക് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
യമഹയുടെ വൈ കണക്റ്റ് ആപ്പ് ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി മോട്ടോര്‍സൈക്കിളിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാന്‍ കഴിയും. രൂപകല്‍പ്പനയുടെ കാര്യത്തില്‍, എക്‌സ്എസ്ആര്‍ ബൈക്കുകളുടെ അതേ സ്റ്റൈലിംഗ് സൂചകങ്ങള്‍ ലഭിച്ചു. വൃത്താകൃതിയുള്ള എല്‍ഇഡി ഹെഡ്‌ലാംപ്, അലുമിനിയം ഫിനിഷ്ഡ് ബ്രാക്കറ്റുകള്‍, ഉയരമേറിയ ഹാന്‍ഡില്‍ബാര്‍, യുഎസ്ബി ചാര്‍ജര്‍, ചതുരാകൃതിയുള്ള ഇന്ധന ടാങ്ക് എന്നിവ നല്‍കി.
എഫ്‌സെഡ് എഫ്‌ഐ സീരീസ് ബൈക്കുകള്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനാണ് യമഹ എഫ്‌സെഡ് എക്‌സ് എന്ന പുതിയ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 149 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7,250 ആര്‍പിഎമ്മില്‍ 12.2 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 13.6 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.
നിലവിലെ എഫ്‌സെഡ് സീരീസ് ബൈക്കുകള്‍ക്ക് സമാനമായ ഹാര്‍ഡ്‌വെയര്‍ ലഭിച്ചു. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വഹിക്കുന്നത്. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.