യമഹ എഫ്‌സെഡ് എക്‌സ് ഈ മാസം 18 ന് അവതരിപ്പിക്കും
നിയോ റെട്രോ സ്‌റ്റൈല്‍ ലഭിച്ച പ്രീമിയം കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് യമഹ എഫ്‌സെഡ് എക്‌സ്
ന്യൂഡെല്‍ഹി: യമഹ എഫ്‌സെഡ് എക്‌സ് ഈ മാസം 18 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. നിയോ റെട്രോ സ്‌റ്റൈല്‍ ലഭിച്ച പ്രീമിയം കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് യമഹ എഫ്‌സെഡ് എക്‌സ്. ഇതോടെ ഇന്ത്യയില്‍ എഫ്‌സെഡ് സീരീസ് വിപുലീകരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. യമഹയുടെ എഫ്‌സെഡ് എഫ്‌ഐ 150 സിസി പ്ലാറ്റ്‌ഫോമാണ് പുതിയ മോട്ടോര്‍സൈക്കിള്‍ അടിസ്ഥാനമാക്കുന്നത്. മോട്ടോര്‍സൈക്കിള്‍ പരീക്ഷണ ഓട്ടം നടത്തുന്നത് ഇതിനകം കണ്ടെത്തിയിരുന്നു.
യമഹയുടെ എഫ്‌സെഡ് എഫ്‌ഐ സീരീസിലെ മറ്റ് മോഡലുകള്‍ ഉപയോഗിക്കുന്നതുപോലെ 149 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും യമഹ എഫ്‌സെഡ് എക്‌സ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. അതേ സ്‌പെസിഫിക്കേഷനുകള്‍ പ്രതീക്ഷിക്കാം. അതായത്, 7,250 ആര്‍പിഎമ്മില്‍ 12.4 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 13.3 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിച്ചേക്കും. യമഹ എഫ്‌സെഡ് എഫ്‌ഐ മോട്ടോര്‍സൈക്കിളിന്റെ അതേ ഷാസിയും സൈക്കിള്‍ പാര്‍ട്ടുകളും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കും ഉള്‍പ്പെടുന്ന അതേ സിംഗിള്‍ ഡൗണ്‍ട്യൂബ് ഫ്രെയിം ഉപയോഗിക്കാന്‍ തന്നെയാണ് സാധ്യത.
രൂപകല്‍പ്പന പൂര്‍ണമായും വ്യത്യസ്തമായിരിക്കും. നിയോ റെട്രോ ലുക്ക്, നിവര്‍ന്ന റൈഡിംഗ് പൊസിഷന്‍ എന്നിവ നല്‍കും. ഹെഡ്‌ലൈറ്റിന് വൃത്താകൃതി ലഭിക്കും. ഫോര്‍ക്ക് ഗെയ്റ്ററുകളും ചെറിയ എന്‍ജിന്‍ ബാഷ് പ്ലേറ്റും നല്‍കുന്നതോടെ മോട്ടോര്‍സൈക്കിളിന് നിയോ റെട്രോ സ്‌ക്രാംബ്ലര്‍ സ്പര്‍ശം ലഭിക്കും. സീറ്റിന് നല്ല ഉയരമുണ്ടായിരിക്കും. ഇന്ധനം നിറയ്ക്കുന്നതിന് ഇടയ്ക്കിടെ നിര്‍ത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് വലിയ ഇന്ധന ടാങ്ക് നല്‍കും. ഇതോടെ ദീര്‍ഘദൂര യാത്രകള്‍ കുറേക്കൂടി സൗകര്യപ്രദമാകും.
യമഹ എഫ്‌സെഡ് മോട്ടോര്‍സൈക്കിളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാനമായും സൗന്ദര്യവര്‍ധക മാറ്റങ്ങളായിരിക്കും വരുത്തുന്നത്. അതുകൊണ്ടുതന്നെ എഫ്‌സെഡ്, എഫ്‌സെഡ് എസ് മോഡലുകളേക്കാള്‍ കാര്യമായ വില വര്‍ധന പ്രതീക്ഷിക്കുന്നില്ല. 1.15 ലക്ഷത്തിനും 1.20 ലക്ഷത്തിനുമിടയില്‍ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കാം.