20 കോടി യൂണിറ്റ് പിന്നിട്ട് റെഡ്മി നോട്ട് സീരീസ്
1 min readഷവോമി ഡാറ്റ സെന്ററില്‍നിന്നുള്ള കണക്കുകള്‍ റെഡ്മി ഇന്ത്യയുടെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്
ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ ഇതുവരെ 200 മില്യണ്‍ റെഡ്മി നോട്ട് സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഷിപ്‌മെന്റ് നടത്തിയതായി ഷവോമി. ഷവോമി ഡാറ്റ സെന്ററില്‍നിന്നുള്ള ഈ കണക്കുകള്‍ റെഡ്മി ഇന്ത്യയുടെ ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. 2014 ലാണ് ആദ്യ റെഡ്മി നോട്ട് സീരീസ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് റെഡ്മി നോട്ട് സീരീസ് ഫോണുകള്‍ നിരന്തരം പുറത്തിറക്കി. റെഡ്മി നോട്ട് 9 സീരീസാണ് ഏറ്റവും ഒടുവില്‍ വിപണിയിലെത്തിയത്. റെഡ്മി നോട്ട് 10 സീരീസ് വരുമെന്ന് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഈ മാസം അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കാം.
ലോകത്ത് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സീരീസാണ് റെഡ്മി നോട്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെന്ന് റെഡ്മി ഇന്ത്യ ട്വിറ്ററില്‍ കുറിച്ചു. ആകെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. റെഡ്മി നോട്ട് സീരീസിലെ ഓരോ തലമുറയിലെയും കണക്കുകള്‍ ലഭ്യമല്ല. നിലവില്‍ ഒമ്പതാം തലമുറയിലാണ്. റെഡ്മി നോട്ട് 10 സീരീസ് വൈകാതെ പുറത്തിറക്കും.
2014 മുതല്‍ ഓരോ വര്‍ഷവും റെഡ്മി നോട്ട് സീരീസില്‍ ഷവോമി ഫോണുകള്‍ പുറത്തിറക്കുന്നു. 2015 ല്‍ റെഡ്മി നോട്ട് 2, റെഡ്മി നോട്ട് 3 അരങ്ങേറ്റം കുറിച്ചു. 2016 ല്‍ റെഡ്മി നോട്ട് 4 പുറത്തിറക്കി. 2017 ല്‍ റെഡ്മി നോട്ട് 5എ, ഇതേതുടര്‍ന്ന് 2018 തുടക്കത്തില്‍ റെഡ്മി നോട്ട് 5 എന്നിവ വിപണിയിലെത്തിച്ചു. അതേവര്‍ഷംതന്നെ റെഡ്മി നോട്ട് 6 സീരീസ് പുറത്തിറക്കി. 2019 തുടക്കത്തില്‍ റെഡ്മി നോട്ട് 7 സീരീസ് പുറത്തുവന്നു. അതേവര്‍ഷം റെഡ്മി നോട്ട് 8 സീരീസ് അവതരിപ്പിച്ചു. 2020 ല്‍ റെഡ്മി നോട്ട് 9 സീരീസ് രംഗത്തെത്തി.