പകര്‍ച്ചവ്യാധിക്കാലത്ത് വായ്പകള്‍ കുന്നുകൂടി; പശ്ചിമേഷ്യയുടെ സ്ഥിതി മോശമെന്ന് ലോകബാങ്ക്
പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയുടെ കടബാധ്യത ജിഡിപിയുടെ 55 ശതമാനമായി ഉയര്‍ന്നു
വാഷിംഗ്ടണ്‍: പകര്‍ച്ചവ്യാധിക്കാലത്തെ ഉത്തേജന നടപടികള്‍ക്കായി വന്‍തോതില്‍ വായ്പകള്‍ എടുത്ത പശ്ചിമേഷ്യ, വടക്കാന്‍ ആഫ്രിക്ക മേഖല രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തീര്‍ത്തും പരിതാപകരമായതായി ലോകബാങ്ക്. പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുപ്പിന് വേണ്ടി നിക്ഷേപിക്കാന്‍ ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലാണ് മേഖലയിലെ രാജ്യങ്ങളെന്നും ലോകബാങ്ക് നിരീക്ഷിച്ചു.
ജിഡിപിയിലെ ശരാശരി കടബാധ്യത 2019 അവസാനത്തിന് ശേഷം 9 ശതമാനം വര്‍ധിച്ച് 2021ല്‍ 55 ശതമാനത്തില്‍ എത്തിയതായി പശ്ചിമേഷ്യയുടെ സാമ്പത്തിക വീണ്ടെടുപ്പ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടില്‍ ലോകബാങ്ക് വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ മേഖലയിലെ എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ വായ്പ ജിഡിപിയുടെ ശരാശരി 93 ശതമാനമായി അധികരിക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. 2020ലെ 3.8 ശതമാനം സാമ്പത്തിക ഞെരുക്കത്തിന് ശേഷം 2021ല്‍ പശ്ചിമേഷ്യ വടക്കന്‍ ആഫ്രിക്ക മേഖല 2.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും എന്നാല്‍ പകര്‍ച്ചവ്യാധി സംഭവിച്ചിരുന്നില്ലെങ്കില്‍ മേഖലയിലുണ്ടാകേണ്ടിയിരുന്ന സാമ്പത്തിക വളര്‍ച്ചയേക്കാള്‍ 7.2 ശതമാനം അല്ലെങ്കില്‍ 227 ബില്യണ്‍ ഡോളര്‍ കുറവാണ് അതെന്നും ലോകബാങ്ക് അഭിപ്രായപ്പെട്ടു. 2019നെ അപേക്ഷിച്ച് മേഖലയുടെ ആളോഹരി ജിഡിപിയില്‍ ഈ വര്‍ഷം 4.7 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും ലോകബാങ്ക് പ്രവചിച്ചു.
പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖല ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എന്നാല്‍ വാക്‌സിന്‍ വിതരണത്തിന്റെ പശ്ചാത്തലത്തില്‍ നേരിയ തോതിലുള്ള പ്രതീക്ഷ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് ലോകബാങ്കിലെ പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക പ്രാദേശിക വൈസ് പ്രസിഡന്റ് ഫെരീദ് ബെല്‍ഹജ് പറഞ്ഞു. നിര്‍ണായകമായ ആരോഗ്യസംരക്ഷണ നടപടികള്‍ക്കും സാമൂഹ്യ സംരക്ഷണ നടപടികള്‍ക്കുമായി മേഖലയിലെ സര്‍ക്കാരുകള്‍ വന്‍തോതിലാണ് വായ്പകള്‍ എടുത്തത്. നിരവധി ജീവനുകളും ജീവിതകളും രക്ഷിക്കാന്‍ അതിലൂടെ സാധിച്ചെങ്കിലും വായ്പകളും കുന്നുകൂടി. മാര്‍ച്ച് ആദ്യവാരം വരെയുള്ള കണക്കനുസരിച്ച്, മേഖലയില്‍ യുഎഇയാണ് ഏറ്റവുമധികം ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കിയത്. 63.5 ശതമാനം യുഎഇ നിവാസികളും വാക്‌സിനെടുത്തു. 30 ശതമാനം വാക്‌സിനേഷന്‍ നിരക്കുമായി ബഹ്‌റൈനും 12.2 ശതമാനം നിരക്കുമായി മൊറോക്കോയും 11.4 ശതമാനം നിരക്കുമായി ഖത്തറുമാണ് തുടര്‍സ്ഥാനങ്ങളില്‍. സൗദി അറേബ്യയില്‍ 2.2 ശതമാനമാണ് വാക്‌സിനേഷന്‍ നിരക്ക്.
പൗരന്മാരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ വര്‍ഷവും മേഖലയിലെ രാജ്യങ്ങള്‍ക്ക് കടമെടുപ്പ് തുടരേണ്ടി വരും. എന്നാല്‍ ഇതിനായി നല്‍കേണ്ടി വരുന്ന ചിലവ് വളരെ വലുതായിരിക്കുമെന്നും ഉയര്‍ന്ന കടബാധ്യതയും കുറഞ്ഞ വളര്‍ച്ചയുമുള്ള രാജ്യങ്ങള്‍ക്കാണ് കടമെടുപ്പ് മൂലം കൂടുതല്‍ ക്ഷീണമനുഭവപ്പെടുകയെന്നും റിപ്പോര്‍ട്ടില്‍ ലോകബാങ്ക് നിരീക്ഷിച്ചു. എന്നാല്‍ സൗദി അറേബ്യ, ഖത്തര്‍, മൊറോക്കോ തുടങ്ങി വിദേശ വായ്പകള്‍ കുറഞ്ഞ രാജ്യങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാകും. അതിവേഗ വളര്‍ച്ചയിലൂടെ മാത്രമേ അനിശ്ചിതത്വം നിറഞ്ഞ നിലവിലെ അവസ്ഥ മറികടക്കാനും വായ്പബാധ്യത കുറയ്ക്കാനും മേഖലയിലെ സമ്പദ് വ്യവസ്ഥകള്‍ക്ക് കഴിയൂ. അതിന് കഴിയാത്ത രാജ്യങ്ങള്‍ ഒട്ടും സ്വീകാര്യമല്ലാത്ത സാമ്പത്തിക പുനഃസംഘടനയ്ക്ക് വിധേയരാകേണ്ടി വരുമെന്നും വായ്പാദാതാക്കളുമായി വിലപേശലുകള്‍ നടത്തേണ്ടി വരുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.
വായ്പകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സുതാര്യത പുലര്‍ത്തുന്നതും ധനകാര്യ വിപണികളിലെ ഭീഷണികള്‍ നിരന്തരമായി നിരീക്ഷിക്കുന്നതും മേഖലയ്ക്ക് മൊത്തത്തില്‍ ഗുണം ചെയ്യുമെന്ന് ലോകബാങ്ക് അഭിപ്രായപ്പെട്ടു. ചൈനയില്‍ നിന്നടക്കം സ്വീകരിച്ചിട്ടുള്ള വായ്പ വിവരങ്ങള്‍ രാജ്യങ്ങള്‍ വെളിപ്പെടുത്തണം. പ്രതിസന്ധികാലത്തെ ഇത്തരം വെളിപ്പെടുത്തലുകള്‍ വായ്പാദാതാക്കളുമായുള്ള വിലപേശലുകള്‍ക്ക് നേട്ടമാകും. സാമ്പത്തിക വളര്‍ച്ചയാണ് വായ്പ ബാധ്യത കുറയ്ക്കാനുള്ള ഏറ്റവും സ്ഥിരതയുള്ള മാര്‍ഗം. സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും നിഷ്‌ക്രിയരായവരെ ജോലികളില്‍ നിയമിക്കുന്നതിനും ആഴത്തിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം. കാര്യക്ഷമമല്ലാത്ത സാമ്പത്തിക ഉത്തേജന പാക്കേജുകള്‍, ഉയര്‍ന്ന കടബാധ്യത, കാര്യക്ഷമമല്ലാത്ത ഭരണം തുടങ്ങിയ സ്വഭാവ സവിശേഷതകളുള്ള മിക്ക പശ്ചിമേഷ്യന്‍ രാജ്യങ്ങളും പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള വീണ്ടെടുപ്പിന്റെ തുടക്കത്തില്‍ തന്നെ അത്തരം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.