ആദ്യ യോഗം : ക്വാഡ് ഒത്ത് കൂടുന്നു, ഉന്നം ചൈന
1 min readമോദിയും ബൈഡനും മോറിസണും സുഗയും യോഗം കൂടും
ക്വാഡ് സഖ്യത്തിന് പുത്തന്‍ ഉണര്‍വ് ലഭിക്കുന്നു
യോഗത്തിന് മുന്‍കൈയെടുത്ത് യുഎസ്
ന്യൂ ഡെല്‍ഹി: ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ് സജീവമാകുന്നു. ചൈനയെ ഉന്നമിട്ടുള്ള ചതുര്‍രാഷ്ട്ര സഖ്യത്തിന്‍റെ ആദ്യ യോഗം ഉടന്‍ നടന്നേക്കും. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ വിര്‍ച്വലായി യോഗം ചേരാന്‍ തീരുമാനിച്ചതായാണ് സൂചന.
അമേരിക്കയുടെ താല്‍പ്പര്യപ്രകാരമാണ് യോഗമെന്ന് വാര്‍ത്തയുണ്ട്. ക്വാഡ് യോഗം മാര്‍ച്ച് 12ന് നടന്നേക്കക്കുമെന്നാണ് ലഭ്യമായ വിവരം. സ്കോട്ട് മോറിസണ്‍ ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ക്വാഡ് നേതാക്കളുടെ ആദ്യ കൂട്ടായ്മയ്ക്കായി കാത്തിരിക്കുകയാണ് ഞാന്‍-മോറിസണ്‍ പറഞ്ഞു.
യുഎസിനും ഓസ്ട്രേലിയയ്ക്കും ജപ്പാനും താല്‍പ്പര്യം ഈ മാസം തന്നെ യോഗം വേണമെന്നാണ്. എന്നാല്‍ ഇന്ത്യ തിയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകറണം നല്‍കിയിട്ടില്ല. ഈ രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍ അനൗദ്യോഗികമായി ഫെബ്രുവരി 18ന് യോഗം ചേര്‍ന്നിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കണ്ടുമുട്ടുന്ന ആദ്യ യോഗം കൂടിയായിരിക്കും ഇത്. ജനുവരിയില്‍ ബൈഡന്‍ അധികാരമേറ്റ ശേഷം ഇത്തരമൊരു പരിപാടി നടന്നിട്ടില്ല.
ഇന്‍ഡോ പസിഫിക് മേഖലയില്‍ സമാധാനവും സമൃദ്ധിയും സ്ഥിരതയും ലക്ഷ്യമിട്ടാണ് ക്വാഡ് രാജ്യങ്ങളുടെ പ്രവര്‍ത്തനമെന്നാണ് മോറിസണ്‍ വ്യക്തമാക്കിയത്. എന്നാല്‍ ചൈനയുടെ ബഹുതല അധിനിവേശത്തിനെതിരെയുള്ള കൂട്ടായ്മ എന്ന നിലയിലാണ് ക്വാഡ് പ്രസക്തമാകുന്നത്. മേഖലയില്‍ ചൈനയുടെ കടന്നു കയറ്റം തടയുകയെന്ന രാഷ്ട്രീയ താല്‍പ്പര്യം കൂടി അതിനുണ്ട്.
യോഗം സംബന്ധിച്ച് മോദിയും മോറിസണും തമ്മില്‍ ഫെബ്രുവരി 18ന് സംസാരിച്ചിരുന്നു. ഇക്കാര്യം മോദി തന്‍റെ ട്വിറ്റര്‍ പേജില്‍ കുറിക്കുകയും ചെയ്തു. ഇന്‍ഡോ പസിഫിക് മേഖലയിലെ എല്ലാ വെല്ലുവിളികളെയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ഒരു നിര്‍ണായക പങ്കാളിയാണെന്ന് കഴിഞ്ഞ മാസം യുഎസ് പ്രസ്താവന ഇറക്കിയിരുന്നു. യുഎസ് നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ജേക്ക് സുള്ളിവന്‍ ഇത് സംബന്ധിച്ച് വ്യക്തമാക്കുകയും ചെയ്തു.
ക്വാഡിനെ വിമര്‍ശിക്കുന്ന സമീപനമാണ് ചൈന എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. നാറ്റോയുടെ ചെറുപതിപ്പ് (മിനി നാറ്റോ) എന്നാണ് ചൈന ഈ സംഘത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ക്വാഡ് പ്രവര്‍ത്തിക്കുന്ന ചൈനീസ് വിരുദ്ധ വികാരവുമായാണെന്നാണ് റഷ്യയുടെ നിലപാട്.
2020 നവംബറില്‍ ക്വാഡ് അംഗങ്ങളുടെ സംയുക്ത സൈനിക അഭ്യാസം മലബാര്‍ എക്സ്ര്‍സൈസിന്‍റെ ഭാഗമായി നടന്നിരുന്നു.