വിദഗ്ധര്‍ പറയുന്നു സാമ്പത്തിക പാക്കേജ് കുതിപ്പേകില്ല…
1 min read- പുതിയ ഉത്തേജന പാക്കേജ് താല്‍ക്കാലിക ആശ്വാസം മാത്രമെന്ന് വിദഗ്ധര്‍
- സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇത് മതിയാകില്ല
- ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് പണമെത്തുന്നതല്ല പദ്ധതികള്‍
മുംബൈ: ചെറുകിട ബിസിനസുകള്‍ക്ക് ബാങ്ക് ലോണുകള്‍ നല്‍കുന്നതിന് ഗ്യാരന്‍റി നല്‍കുന്നതടക്കമുള്ള നിരവധി പദ്ധതികളാണ് കോവിഡ് ആഘാതം ലഘൂകരിക്കാനുള്ള ഉത്തേജന പാക്കേജിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ആരോഗ്യം, ടൂറിസം മേഖലകളുടെ പുനരുജ്ജീവനം ഉന്നമിട്ടുള്ള പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഏകദേശം 35 ബില്യണ്‍ ഡോളറിന്‍റെ വായ്പാ ഗ്യാരന്‍റി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുകൊണ്ട് താല്‍ക്കാലിക ആശ്വാസം മാത്രമേ ലഭിക്കൂവെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഉത്തേജന പാക്കേജിന് സാധിക്കില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍.
വികസിത രാജ്യങ്ങള്‍ പലതും കുടുംബങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കുന്ന രീതിയിലുള്ള സാമ്പത്തിക പാക്കേജുകളാണ് നടപ്പിലാക്കിയത്. എന്നാല്‍ ഇന്ത്യ കൂടുതലും നടപ്പിലാക്കിയത് കേന്ദ്ര ഫണ്ടുകള്‍ അടിസ്ഥാനസൗകര്യ പദ്ധതികളിലേക്ക് നല്‍കിയും ബാങ്ക് വായ്പകള്‍ക്ക് ഗ്യാരന്‍റി നല്‍കിയും പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കിയും എല്ലാമുള്ള പദ്ധതികളായിരുന്നു.
പ്രതീക്ഷിച്ചതിനേക്കാളും താഴെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിക്ക പദ്ധതികളും. നേരിട്ടുള്ള സ്റ്റിമുലസ് പാക്കേജായി ഇതിനെ കാണാന്‍ സാധിക്കില്ല-എംകെ ഗ്ലോബര്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസിലെ ലീഡ് ഇക്കണോമിസ്റ്റായ മാധവി അറോറ പറഞ്ഞു.
സര്‍ക്കാര്‍ ചെലവിടലില്‍ 8.08 ബില്യണ്‍ ഡോളറിന്‍റെ ആഘാതമുണ്ടാക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങളെന്ന് ഐക്രയിലെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നയാര്‍ പറഞ്ഞു.
പെട്രോള്‍, ഡീസല്‍ നികുതികളിലെ ഇളവും പാവപ്പെട്ടവരിലേക്ക് നേരിട്ട് പണമെത്തിക്കലുമാണ് ഈ അവസരത്തില്‍ വേണ്ടതെന്ന് വ്യവസായരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ജനങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഉതകുന്ന നടപടികളാണ് ആവശ്യമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സീനിയര്‍ വൈസ് പ്രസിഡന്‍റ് സഞ്ജീവ് മെഹ്ത പറയുന്നു.
സാമ്പത്തിക, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് സര്‍ക്കാര്‍ തിങ്കളാഴ്ച്ച പ്രഖ്യാപിച്ച പദ്ധതികള്‍. കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പാ ഗ്യാരന്‍റി പ്രഖ്യാപിച്ചതാണ് ഏറ്റവും ശ്രദ്ധേയമായത്. ആരോഗ്യ മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടി രൂപയും മറ്റ് മേഖലകള്‍ക്കായി 60,000 കോടി രൂപയും പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റ് മേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്. ക്രഡിറ്റ് ഗ്യാരന്‍റി സ്കീമിന് കീഴില്‍ 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൂടെയാകും ഇവര്‍ക്ക് വായ്പ ലഭ്യമാക്കുക. പരമാവധി 1.25 ലക്ഷം രൂപ വരെയാകും വായ്പയായി ലഭിക്കുക. എല്ലാ തരത്തിലുള്ള ഉപഭോക്താക്കള്‍ക്കും ഇത് ലഭ്യമാകും. 89 ദിവസം വരെ വായ്പാ തിരിച്ചടവ് വരുത്തിയവര്‍ക്കും വായ്പ ലഭിക്കുമെന്നത് ശ്രദ്ധേയമായി.
11,000ത്തിലധികം റെജിസ്റ്റേര്‍ഡ് ടൂറിസ്റ്റ് ഗൈഡുകള്‍ക്കും മറ്റും സാമ്പത്തികപരമായി പിന്തുണ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിസ ഇഷ്യു ചെയ്യുന്നത് പുനരാരംഭിച്ചാല്‍ ആദ്യ അഞ്ച് ലക്ഷം ടൂറിസ്റ്റ് വിസകള്‍ക്ക് സൗജന്യമായിരിക്കും വിസയെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ടൂറിസത്തിന് ഉണര്‍വേകാനുള്ള പദ്ധതികളുടെ ഭാഗമായിരുന്നു അത്.