പാരമ്പര്യ വൈദ്യം: ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും കരാറില്‍ ഒപ്പുവെച്ചു
1 min readപാരമ്പര്യ വൈദ്യ മേഖലകളെ പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നേരിടുന്ന വിവിധ വെല്ലുവികള്‍ കണ്ടെത്തുന്നതിന് പ്രത്യേക ഊന്നല്‍
ന്യഡെല്‍ഹി: പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയില്‍ സഹകരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കന്‍ ഏഷ്യ പ്രാദേശിക ഓഫീസും (ഡബ്ല്യൂഎച്ച്ഒ-സീറോ) ആയുഷ് മന്ത്രാലയവും കരാറില്‍ ഒപ്പുവെച്ചു. ലോകാരോഗ്യ സംഘടനയുടെ ന്യൂഡെല്‍ഹിയിലുള്ള പ്രാദേശിക പാരമ്പദ്യ വൈദ്യ പരിപാടിയില്‍ ആയുഷ് വിദഗ്ധനെ നിയോഗിക്കുന്നതിനാണ് കരാറ്. ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊട്ടേച്ചയും ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കന്‍ ഏഷ്യ പ്രാദേശിക ഡയറക്ടര്‍ പൂനം ഖേദ്രപാല്‍ സിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ആയുര്‍വേദവും മറ്റ് പരമ്പരാഗത ഇന്ത്യന്‍ ചികിത്സാരീതികളും സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ ഉപയോഗിക്കുന്നതിനും ദേശീയ ആരോഗ്യ സംവിധാനങ്ങളിലേക്ക് അവ വേണ്ട രീതിയില്‍ സംയോജിപ്പിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് പ്രാദേശിക പാരമ്പര്യ വൈദ്യ കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നതിന് ഡബ്ല്യൂഎച്ച്ഒ-സീറോയ്ക്ക് പിന്തുണ നല്‍കുക എന്നതാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയിലുള്ള ശേഷികള്‍ ശക്തിപ്പെടുത്താന്‍ തെക്ക് കിഴക്കന്‍ ഏഷ്യ മേഖലയിലുള്ള രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള നടപടികളും ഈ കൂട്ടായ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മേഖലയില്‍ പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയ്ക്കുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വേണ്ട നയങ്ങള്‍ വികസിപ്പിക്കാനും കര്‍മ പദ്ധതികള്‍ നടപ്പിലാക്കാനും രാജ്യങ്ങളെ സഹായിക്കുന്നതിനായി ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കന്‍ ഏഷ്യ പ്രാദേശിക വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമാണ് പുതിയ സഹകരണ കരാര്‍. ഇന്ത്യാ ഗവണ്‍മെന്റും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള അടുത്ത ബന്ധത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെന്നും 1952 ജൂലൈയിലാണ് ഇരുകൂട്ടരും തമ്മിലുള്ള സൗഹൃദത്തിന് തുടക്കമിടുന്ന ആദ്യ കരാര്‍ നിലവില്‍ വന്നതെന്നും ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു. ഈ സഹകരണം പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ് പുതിയ കരാറെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആയുര്‍വേദം, യോഗ തുടങ്ങി നിരവധി പരമ്പരാഗത ഇന്ത്യന്‍ സംവിധാനങ്ങളില്‍ ഇതിനോടകം തന്നെ ആയുഷ് മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുന്നുണ്ടെന്നും ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെയും തെക്ക് കിഴക്കന്‍ ഏഷ്യ േേമഖലയിലെയും ആരോഗ്യ മേഖലകളില്‍ അംഗീകാരം കിട്ടുന്നതോടെ ഇന്ത്യയുടെ ഇത്തരം സംവിധാനങ്ങളുടെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുമെന്നും ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊട്ടേച്ച പറഞ്ഞു.
പാരമ്പര്യ വൈദ്യ മേഖലകളെ ആരോഗ്യ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നേരിടുന്ന വിവിധ വെല്ലുവികള്‍ തിരിച്ചറിയുകയെന്നതായിരിക്കും ലോകാരോഗ്യ സംഘടനയുടെയും ആയുഷ് മന്ത്രാലയത്തിന്റെയും പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. പാരമ്പര്യ വൈദ്യശാസ്ത്രത്തെ പൊതുജനാരോഗ്യസംവിധാനത്തിലേക്ക് സംയോജിപ്പിക്കുന്നതിനായി വേണ്ട നയങ്ങള്‍ വികസിപ്പിക്കാനും നിയന്ത്രണ ചട്ടക്കൂടുകള്‍ക്ക് രൂപം നല്‍കാനും വിവരങ്ങള്‍ കൈമാറാനും അംഗ രാജ്യങ്ങള്‍ക്ക് ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയും പിന്തുണ നല്‍കും. കോവിഡ്-19യുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ ഗവേഷണ പ്രൊജക്ട് അവതരിപ്പിക്കാനും ലോകാരോഗ്യ സംഘനടനയുടെ പ്രാദേശിക ഓഫീസും ആയുഷ് മന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്.