വാട്‌സ്ആപ്പില്‍ ചാറ്റ് ഹിസ്റ്ററി മൈഗ്രേഷന്‍ സാധ്യമായേക്കും
ഭാവിയിലെ അപ്‌ഡേറ്റില്‍ ചാറ്റ് ഹിസ്റ്ററി മൈഗ്രേഷന്‍ ഫീച്ചര്‍ ലഭിക്കും
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ആന്‍ഡ്രോയ്ഡ് ഡിവൈസില്‍നിന്ന് ഐഒഎസിലേക്കും തിരിച്ചും മാറുമ്പോള്‍ തങ്ങളുടെ ചാറ്റ് ഹിസ്റ്ററി കൂടെ കൊണ്ടുപോകാനുള്ള പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി മൈഗ്രേഷന് സഹായിക്കുമെന്ന് അവകാശപ്പെടുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ തങ്ങളുടെ സേവന നിബന്ധനകള്‍ ലംഘിക്കുകയാണെന്ന് വാട്‌സ്ആപ്പ് നേരത്തെ പരാതിപ്പെട്ടിരുന്നു. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് വിട്ടുകൊടുക്കാതെ ഈ സൗകര്യം വാട്‌സ്ആപ്പ് തന്നെ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭാവിയിലെ അപ്‌ഡേറ്റില്‍ വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി മൈഗ്രേഷന്‍ ഫീച്ചര്‍ ലഭിക്കുമെന്ന് ഡബ്ല്യുഎബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഐഒഎസിലെ വാട്‌സ്ആപ്പിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഡബ്ല്യുഎബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഡിവൈസിലേക്ക് ചാറ്റ് ഹിസ്റ്ററി മൂവ് ചെയ്യുന്നതിന് ഏറ്റവും പുതിയ വേര്‍ഷനിലേക്ക് വാട്‌സ്ആപ്പ് അപ്‌ഗ്രേഡ് ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന പോപ്അപ്പിന്റെ സ്‌ക്രീന്‍ഷോട്ടാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡില്‍നിന്ന് തിരിച്ച് ഐഒഎസിലേക്കും ഇതുപോലെ ചാറ്റ് ഹിസ്റ്ററി മൈഗ്രേഷന്‍ സാധ്യമാകും.
വ്യത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന ഡിവൈസുകള്‍ക്കിടയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പമാകും. വാട്‌സ്ആപ്പ് കുറച്ചുകാലമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മള്‍ട്ടി ഡിവൈസ് സൗകര്യങ്ങളുടെ ഭാഗമാണ് പുതിയ ചാറ്റ് ഹിസ്റ്ററി മൈഗ്രേഷന്‍ ഫീച്ചര്‍.