November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൂട്ടുകെട്ടുകളും തയ്യാറെടുപ്പുകളും – ഇന്ന് പശ്ചിമ ബംഗാളില്‍ സഭവിക്കുന്നത്…

1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടുന്നതിനായി സിപിഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നു. ഇതിനായി കഴിഞ്ഞദിവസം ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്നിരുന്നു. സീറ്റ് പങ്കിടലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് തന്ത്രങ്ങളും ഇവിടെ നേതാക്കള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ മാസാവസാനത്തോടെ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ സ്ഥാനാര്‍ത്ഥിപട്ടിക അന്തിമരൂപത്തിലാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക അന്തിമമാക്കുന്നതിനായി ഇനിയും കൂടുതല്‍ യോഗങ്ങള്‍ ചേരേണ്ടതുണ്ടെന്നും കോണ്‍ഗ്രസ്, ഇടതുപക്ഷ നേതാക്കള്‍ പറയുന്നു.

സീറ്റ് പങ്കിടല്‍ പ്രശ്‌നവും വോട്ടെടുപ്പുമായി ബന്ധപ്പെട്ട മറ്റ് തന്ത്രങ്ങളും ചര്‍ച്ചചെയ്യുന്നതിനായി ഇരുപാര്‍ട്ടികളും ഈ മാസം 25,26തീയതികളില്‍ വീണ്ടും യോഗം ചേരുന്നുണ്ട്. 2016 പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കിയിരുന്നു. അന്ന് 294 അംഗ നിയമസഭയില്‍ 76 സീറ്റുകള്‍ ഈ സഖ്യം നേടിയിരുന്നു. ഇക്കുറി ഈ മികവ് വര്‍ധിപ്പിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇരു പാര്‍ട്ടികളും.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

എന്നാല്‍ ബംഗാളില്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അന്ന് ബംഗാളില്‍ ബിജെപി ഒരു ശക്തിയായിരുന്നില്ല. ഇന്ന് കാര്യങ്ങള്‍ മാറി മറിഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ സൂചനകള്‍ വ്യക്തമായതാണ്. അന്ന് മൃഗീയ ഭൂരിപക്ഷം നേടുമെന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ അമ്പരിപ്പിച്ച വിജയം ബിജെപി പശ്ചിമ ബംഗാളില്‍ നേടിയെടുത്തിരുന്നു. അതിനുശേഷം ടിഎംസിയിലെ പല പ്രമുഖരും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഏകാധിപത്യ പ്രവണതകളിലും സംസ്ഥാനത്തെ ഭരണത്തെയും വിമര്‍ശിച്ച് ബിജെപി പാളയത്തിലേക്കെത്തി. തുടര്‍ന്ന് വലിയ ഒഴുക്കുതന്നെ ടിഎംസിയില്‍നിന്നും ഉണ്ടായി. ഇന്ന് തൃണമൂല്‍ തീരെ ശോഷിച്ചിരിക്കുന്നു. ഇതിന് കാരണമായത് മമതയുടെ നടപടികള്‍ മാത്രമാണ്. പ്രധാനമന്ത്രിയെ സ്ഥിരം വെല്ലുവിളിച്ചുകൊണ്ട് ഭരണം തുടര്‍ന്നിരുന്ന മമതമയെ ഇന്ത്യയിലെ മറ്റ് പ്രദേശിക കക്ഷികള്‍ ഒരു ദേശീയ നേതാവായാണ് കണ്ടിരുന്നത്. അന്ന് മറ്റു പാര്‍ട്ടികളുമായി സംസ്ഥാനത്ത് ഒരു സഖ്യത്തിന് അവര്‍ തയ്യാറായിരുന്നുമില്ല. എന്നാല്‍ ഇന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റുള്ളവരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് ബംഗാള്‍ മുഖ്യമന്ത്രി.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

അതേസമയം സാമുദായിക ശക്തിയായ ബിജെപിയെയും ഫാസിസ്റ്റ് കക്ഷിയായ ടിഎംസിയെയും പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്-ഇടതുപക്ഷ പാര്‍ട്ടികളുടെ സഖ്യം അനിവാര്യമാണെന്നാണ് ഇടതുമുന്നണി ചെയര്‍മാനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബിമാന്‍ ബോസ് പറയുന്നത്. കോണ്‍ഗ്രസുമായി ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ എല്ലാംതന്നെ സൗഹാര്‍ദ്ദപരവും ഫലപ്രദവുമാമായിരുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 130 സീറ്റുകളില്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.എന്നാല്‍ ഇക്കാര്യം ഇടതുപക്ഷ നേതാക്കള്‍ അംഗീകരിച്ചിട്ടില്ല. ഇതില്‍ വ്യക്തമാകുന്നത് തുടക്കത്തില്‍തന്നെ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നു എന്നാണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനാണ് ഒരു മാസത്തിനുള്ളില്‍ നിരവധി യോഗങ്ങള്‍ ചേരാന്‍ ഇരുപാര്‍ട്ടി നേതൃത്വങ്ങളും തീരുമാനിച്ചത്. സിപിഐ-എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, കോണ്‍ഗ്രസ് നേതാക്കളായ അബ്ദുള്‍ മന്നന്‍, പ്രദീപ് ഭട്ടാചാര്‍ജി എന്നിവരാണ് കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. ഇരു പാര്‍ട്ടികളും ചേര്‍ന്ന് കൊല്‍ക്കത്തയില്‍ മെഗാ റാലി നടത്തുന്ന കാര്യവും പരിഗണനയിലാണ്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

അസം, തമിഴ്നാട്, കേരളം എന്നിവയ്ക്കൊപ്പമാണ് പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കുന്നത്. 2016 ലെ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ 211 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ ഭൂരിപക്ഷം നിലനിര്‍ത്തിയത്. ഭാരതീയ ജനതാ പാര്‍ട്ടി മൂന്ന് സീറ്റുകള്‍ അന്ന് നേടിയിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും വെവ്വേറെയാണ് മത്സരിച്ചിരുന്നത്. അന്ന് കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ നേടിയിരുന്നു. ഇന്ന് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം ആര്‍ക്കൊപ്പമാകും എന്നതിന്റെ ആശങ്ക മുന്നണികളില്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

 

Maintained By : Studio3