2030ഓടെ ഫ്ളിപ്കാര്‍ട്ടിന്‍റെ ലക്ഷ്യം 25,000 ഇലക്ട്രോണിക് വാഹനങ്ങള്‍
1 min read2025 ഓടെ തങ്ങളുടെ ഡെലിവറി വാഹനങ്ങളില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് 2020ല്‍ ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു
ബെംഗളൂരു: വിതരണ ശൃംഖലയില്‍ നൂറോളം മഹീന്ദ്ര ട്രിയോ സോര്‍ ത്രീ വീലറുകളെ വിന്യസിച്ചതായി ആമസോണ്‍ ഇന്ത്യ പറഞ്ഞതിന് തൊട്ടുപിന്നാലെ, 2030 ഓടെ 25,000 ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ച് എതിരാളികളായ ഫ്ലിപ്കാര്‍ട്ട്.
ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ഗുവാഹത്തി, പൂനെ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ ടു വീലര്‍, ത്രീ-വീലര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് ഫ്ലിപ്കാര്‍ട്ട് പറഞ്ഞു. 2025 ഓടെ തങ്ങളുടെ ഡെലിവറി വാഹനങ്ങളില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് 2020ല്‍ ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ഇരുചക്ര വാഹനങ്ങള്‍, ത്രീ-വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങള്‍ എന്നിവയെല്ലാം ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്നത് ആഭ്യന്തര തലത്തില്‍ ഇന്നൊവേഷനെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയ്ക്കും കരുത്തേകുമെന്ന് ഫ്ളിപ്കാര്‍ട്ട് പറയുന്നു. പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക്, മഹീന്ദ്ര ഇലക്ട്രിക്, പിയാജിയോ എന്നിവയുമായി ഫ്ളിപ്കാര്‍ട്ട് ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു.
‘2030ഓടെ ഞങ്ങളുടെ ലോജിസ്റ്റിക് ഫ്ളീറ്റ് പൂര്‍ണ്ണമായും വൈദ്യുതീകരിക്കാനുള്ള ഈ യാത്രയില്‍, ആവശ്യമായ അടിസ്ഥാന സൗകര്യവികസനത്തിന് സഹായിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ സജ്ജമാക്കുന്നതിനും വിന്യസിക്കുന്നതിനുമായി പ്രമുഖ ആഭ്യന്തര കമ്പനികളുമായി ഞങ്ങള്‍ സഹകരിക്കും,” ഫ്ലിപ്പ്കാര്‍ട്ടിലെ ഇകാര്‍ട്ട്, മാര്‍ക്കറ്റ് പ്ലേസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് അമിതേഷ് ഝാ പറഞ്ഞു. ഒരു പ്രസ്താവനയില്‍.