ജ്യോതി മല്‍ഹോത്ര വോള്‍വോ ഇന്ത്യ എംഡി
ഇന്ത്യയില്‍ സ്വീഡിഷ് കാര്‍ നിര്‍മാതാക്കളെ നയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജ്യോതി മല്‍ഹോത്ര
ന്യൂഡെല്‍ഹി: വോള്‍വോ കാര്‍സ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്റ്ററായി ജ്യോതി മല്‍ഹോത്രയെ നിയമിച്ചു. ഇന്ത്യയില്‍ സ്വീഡിഷ് കാര്‍ നിര്‍മാതാക്കളെ നയിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറുകയാണ് ജ്യോതി മല്‍ഹോത്ര. ചാള്‍സ് ഫ്രംപിന് പകരമാണ് ജ്യോതി വരുന്നത്. 2017 ഒക്‌റ്റോബര്‍ മുതല്‍ ചാള്‍സ് ഫ്രംപ് ആയിരുന്നു വോള്‍വോ കാര്‍സ് ഇന്ത്യയുടെ മേധാവി. നിലവില്‍ വോള്‍വോ കാര്‍സ് ഇന്ത്യയുടെ വില്‍പ്പന, വിപണന വിഭാഗം ഡയറക്റ്ററാണ് മല്‍ഹോത്ര. മാര്‍ച്ച് ഒന്നിന് പുതിയ സ്ഥാനമേല്‍ക്കും.
ചാള്‍സ് ഫ്രംപിന്റെ കാലത്താണ് ഇന്ത്യയില്‍ വോള്‍വോ കാറുകള്‍ തദ്ദേശീയമായി നിര്‍മിച്ചുതുടങ്ങിയത്. ഈ കാലയളവില്‍ പുതു തലമുറ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. വോള്‍വോ എക്‌സ്‌സി 40 റീച്ചാര്‍ജ് ഇവി സമീപഭാവിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് ഇന്ത്യ പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് ഇപ്പോള്‍ തങ്ങളെന്നും ഈ കാലഘട്ടത്തെ മികച്ച രീതിയില്‍ നയിക്കാന്‍ ജ്യോതിക്ക് കഴിയുമെന്നും ചാള്‍സ് ഫ്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ വോള്‍വോ കാര്‍സിനെ നയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ജ്യോതിയെന്ന് പ്രഖ്യാപിക്കുന്നതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് ഫ്രംപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ വോള്‍വോയെ ഇന്നത്തെ നിലയില്‍ വളര്‍ത്തുന്നതില്‍ ചാള്‍സ് പ്രധാന പങ്ക് വഹിച്ചെന്നും അദ്ദേഹത്തില്‍നിന്ന് പുതിയ ചുമതലയേല്‍ക്കുന്നത് തീര്‍ച്ചയായും വെല്ലുവിളിയാണെന്നും ജ്യോതി മല്‍ഹോത്ര പ്രതികരിച്ചു. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ വില്‍പ്പന, വിപണന മേഖലകളിലായി 24 വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് ജ്യോതി മല്‍ഹോത്ര. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ഫിയറ്റ് ഓട്ടോ ഇന്ത്യ ഉള്‍പ്പെടെയുള്ള ഓട്ടോമോട്ടീവ് കമ്പനികളില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.