വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്: വനിതാ അംഗങ്ങള്‍ക്ക് പരിശീലനം
തൊടുപുഴ: പ്രളയത്തില്‍ കൈത്താങ്ങായ യുവജനങ്ങളെ പങ്കെടുപ്പിച്ച് ബോര്‍ഡ് രൂപീകരിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിലെ വനിതാ അംഗങ്ങള്‍ക്ക് ഇടുക്കി ദേവികുളം സാഹസിക അക്കാദമിയില്‍ പരിശീലനം തുടങ്ങി. ബോര്‍ഡിന്റെ ഈ പ്രവര്‍ത്തനം സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും പ്രാധാന്യം നല്‍കുന്നതാണ്. നാലുഘട്ടങ്ങളിലായി 80 വനിതകള്‍ക്കാണ് പരിശീലനം നല്‍കുക. സ്‌കൂബാഡൈവിംഗ്, നീന്തല്‍ പരിശീലനം, റിവര്‍ ക്രോസിംഗ്, റോക്ക് ക്ലൈംബിംഗ്, ഫസ്റ്റ് എയ്ഡ് എന്നിവയിലാണ് പ്രത്യേകം പരിശീലനം.
ദുരന്തമുഖങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും സേനാംഗങ്ങള്‍ക്കൊപ്പം ഇവരെയും സജ്ജമാക്കാന്‍ ബോര്‍ഡിന് പദ്ധതിയുണ്ട്. 14 ജില്ലകളില്‍ നിന്നും സേനാ അംഗങ്ങളുള്ളതിനാല്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ മേഖലയിലും ഇവരുടെ സേവനം ലഭ്യമാക്കാനാകും.
സമൂഹത്തില്‍ സര്‍വ മേഖലയിലും സ്ത്രീകളെകൂടി പങ്കാളികളാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് ബോര്‍ഡ് നടത്തുന്നത്.ശാരീരികമായ ആക്രമണങ്ങളില്‍ നിന്ന് സ്വയം രക്ഷനേടുന്നതിന് യുവതികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വനിതകള്‍ക്ക് സൗജന്യ മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലനം നല്‍കി യുവജന കമ്മീഷനും സജീവമാണ്.