ടര്‍ബോ എഡിഷനില്‍ ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ
യഥാക്രമം 6.99 ലക്ഷം രൂപയും 8.69 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില
ന്യൂഡെല്‍ഹി: ഫോക്സ്വാഗണ്‍ പോളോ, വെന്റോ മോഡലുകളുടെ ടര്‍ബോ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 6.99 ലക്ഷം രൂപയും 8.69 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില. താങ്ങാവുന്ന വിലയില്‍ വര്‍ധിത സ്പോര്‍ട്ടി ഭാവത്തോടെയാണ് ടിഎസ്‌ഐ എന്‍ജിനില്‍ ഇരു കാറുകളുടെയും പ്രത്യേക പതിപ്പ് വരുന്നത്. അതാത് മോഡലുകളുടെ കംഫര്‍ട്ട്ലൈന്‍ എന്ന മിഡ് സ്‌പെക് വേരിയന്റിലാണ് സ്പെഷല്‍ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഡീലര്‍ഷിപ്പുകളില്‍ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് ബുക്ക് ചെയ്യാം.
ഗ്ലോസി ബ്ലാക്ക് സ്പോയ്ലര്‍, ഒആര്‍വിഎം ക്യാപ്പുകള്‍, ഫെന്‍ഡര്‍ ബാഡ്ജ്, സ്പോര്‍ട്ടി സീറ്റ് കവറുകള്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോളോ, വെന്റോ ടര്‍ബോ എഡിഷനില്‍ നല്‍കിയ മാറ്റങ്ങള്‍. ക്ലൈമട്രോണിക് എയര്‍ കണ്ടീഷണിംഗ് സിസ്റ്റം മറ്റൊരു സവിശേഷതയാണ്. ബിഎസ് 6 വേര്‍ഷന്‍ അവതരിപ്പിച്ചപ്പോള്‍ പോളോ, വെന്റോ മോഡലുകളില്‍ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ ടിഎസ്ഐ എന്‍ജിന്‍ നല്‍കിയിരുന്നു.
ടര്‍ബോചാര്‍ജ്ഡ് സ്ട്രാറ്റിഫൈഡ് ഇന്‍ജെക്ഷന്‍ (ടിഎസ്ഐ) സാങ്കേതികവിദ്യ നല്‍കിയതോടെ രണ്ട് മോഡലുകള്‍ക്കും അധിക കരുത്ത് ലഭിച്ചിരുന്നു. ഈ മോട്ടോര്‍ 108 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ടര്‍ബോ എഡിഷനില്‍ 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്. നിലവിലെ എല്ലാ കളര്‍ ഓപ്ഷനുകളിലും ടര്‍ബോ എഡിഷന്‍ ലഭിക്കും.
തങ്ങളുടെ ജനപ്രിയ ഉല്‍പ്പന്നങ്ങളായ പോളോ, വെന്റോ മോഡലുകളില്‍ ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്റ്റര്‍ ആശിഷ് ഗുപ്ത പറഞ്ഞു.