യുഎസില്‍ ‘വോള്‍ട്ട്‌സ്‌വാഗണ്‍’ പേര് സ്വീകരിക്കും
ഐഡി.4 ഇലക്ട്രിക് എസ്‌യുവി ആയിരിക്കും വോള്‍ട്ട്‌സ്‌വാഗണ്‍ പേര് ആദ്യമായി ഉപയോഗിക്കുന്നത്
ന്യൂയോര്‍ക്ക്: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് യുഎസില്‍ ‘വോള്‍ട്ട്‌സ്‌വാഗണ്‍’ പേര് സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പേരുമാറ്റം. മാത്രമല്ല, ഡീസല്‍ഗേറ്റ് തട്ടിപ്പ് വരുത്തിവെച്ച മാനഹാനി ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി കണക്കുകൂട്ടുന്നു. പേരുമാറ്റവുമായി ബന്ധപ്പെട്ട് കമ്പനി തങ്ങളുടെ വെബ്‌സൈറ്റില്‍ ഒരു പ്രസ്താവന ചെറുതായി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിച്ചു. പുതിയ പേര് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, യുഎസില്‍ ഫോക്‌സ്‌വാഗണ്‍ ഐഡി.4 ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചുവരികയാണ്. ഐഡി.4 ഇലക്ട്രിക് എസ്‌യുവി ആയിരിക്കും വോള്‍ട്ട്‌സ്‌വാഗണ്‍ പേര് ആദ്യമായി ഉപയോഗിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ ‘വോള്‍ട്ട്‌സ്‌വാഗണ്‍’ ബാഡ്ജ് നല്‍കുമ്പോള്‍ ഗ്യാസോലിന്‍ വാഹനങ്ങള്‍ തുടര്‍ന്നും വിഡബ്ല്യു ബാഡ്ജ് ഉപയോഗിക്കും. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡ് പേരിലെ ‘കെ’ ഒഴിവാക്കി ‘ടി’ ചേര്‍ക്കും. അതേസമയം, ഔഡി, ബെന്റ്‌ലി, ബുഗാട്ടി, ലംബോര്‍ഗിനി ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ‘ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഓഫ് അമേരിക്ക’ പേരില്‍ മാറ്റം വരുത്തില്ല.
സമീപ ഭാവിയില്‍ യുഎസില്‍ വില്‍ക്കുന്ന പെട്രോള്‍ എന്‍ജിന്‍ കാറുകള്‍ ഫോക്‌സ്‌വാഗണ്‍ പേര് തന്നെ തുടര്‍ന്നും ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷം 3.26 ലക്ഷത്തോളം ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡ് വാഹനങ്ങളാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ യുഎസില്‍ വിറ്റത്. ബഹിര്‍ഗമന പരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഡീസല്‍ വാഹനങ്ങളില്‍ കൃത്രിമം കാണിച്ചതായി 2015 ലാണ് യുഎസ് അധികൃതര്‍ കണ്ടെത്തിയത്.