വെസ്പ, അപ്രീലിയ ഷോറൂമുകള്‍ തുറന്നു
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ വെസ്പയും അപ്രീലിയയും വീട്ടില്‍ എത്തിച്ചുതരും
പുണെ: ലോക്ഡൗണ്‍ കാരണം അടച്ചിടേണ്ടി വന്ന പിയാജിയോയുടെ വെസ്പ, അപ്രീലിയ ഷോറൂമുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന ഡീലര്‍ഷിപ്പുകള്‍ അണുനശീകരണം നടത്തിയ ശേഷമാണ് തുറന്നത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം നിര്‍ബന്ധമാക്കിയും പ്രവര്‍ത്തിക്കുന്ന ഷോറൂമുകളില്‍, അധികൃതര്‍ അനുവദിക്കുമെങ്കില്‍ സന്ദര്‍ശനം നടത്താവുന്നതാണ്. അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ വെസ്പയും അപ്രീലിയയും വീട്ടില്‍ എത്തിച്ചുതരും.
ലോക്ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ നേരിട്ട പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് ഈ കാലയളവില്‍ അവസാനിച്ച വാറന്റിയും സൗജന്യ സര്‍വീസും നീട്ടാന്‍ തീരുമാനിച്ചതായി പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ഡിയഗോ ഗ്രാഫി പറഞ്ഞു. വില്‍പ്പനയും സര്‍വീസും ഉറപ്പാക്കുന്നതിന് ഇപ്പോള്‍ ഡീലര്‍മാര്‍ വലിയ തോതില്‍ പരിശ്രമിക്കുകയാണ്. പിയാജിയോയുടെ ഇരുചക്ര വാഹനങ്ങള്‍ സ്വന്തമാക്കുന്നതിലുള്ള തടസ്സം നീക്കുകയാണ് ഇപ്പോള്‍ കമ്പനി ചെയ്യുന്നതെന്ന് ഇരുചക്ര വാഹന വിഭാഗം മേധാവി സുധാംശു അഗര്‍വാള്‍ പറഞ്ഞു.
വെസ്പയും അപ്രീലിയയും സ്വന്തമാക്കുമ്പോഴും സര്‍വീസ് സമയങ്ങളിലും സവിശേഷ ഓഫറുകള്‍ ലഭ്യമാണ്. ഷോറൂമുകള്‍ തുറന്ന സ്ഥിതിക്ക് ഈയിടെ വിപണിയിലെത്തിയ അപ്രീലിയ എസ്എക്‌സ്ആര്‍ 125 ഉള്‍പ്പെടെയുള്ള സ്‌കൂട്ടറുകള്‍ കാണാനും ടെസ്റ്റ് റൈഡ് നടത്താനും സൗകര്യമുണ്ടായിരിക്കും.