വാക്സിനേഷന്‍: തേജസ്വിക്കെതിരെ വിമര്‍ശനവുമായി സുശീല്‍ മോദി
പാറ്റ്ന: കോവിഡ് വാക്സിനേഷന്‍ പദ്ധതിയെ ചോദ്യം ചെയ്തതിന് ബിജെപി രാജ്യസഭാ അംഗവും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്ത് വാക്സിനേഷന്‍ പരിപാടിയുടെ 70 ശതമാനം പൂര്‍ത്തിയായതിനുശേഷം മാത്രമേ താന്‍ വാക്സിന്‍ എടുക്കുകയുള്ളൂവെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു.ഇതിന് മറുപടിയായി, വാക്സിന്‍ പ്രസ്താവനയിലൂടെ തേജസ്വി യാദവ് തന്‍റെ രാഷ്ട്രീയ ലക്ഷ്യം പ്രകടിപ്പിച്ചതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെപ്പോലെ ഒരു രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തുകയാണെന്നും സുശീല്‍ മോദി ട്വീറ്റുകളില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയെ അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്‍റെ പിതാവ് ലാലു പ്രസാദും അമ്മ റാബ്രി ദേവിയും എന്തുകൊണ്ടാണ് കോവിഡ് വാക്സിന്‍ എടുക്കാതിരുന്നതെന്നും കഴിഞ്ഞ 6 മാസമായി വാക്സിനേഷന്‍ പരിപാടി നടന്നുകൊണ്ടിരിക്കെ, എന്തുകൊണ്ടാണ് തേജസ്വി ഒരു വാക്സിനേഷന്‍ കേന്ദ്രവും സന്ദര്‍ശിക്കാത്തതെന്നും സുശീല്‍ മോദി ചോദിച്ചു. ‘ചപ്രയിലെ പോലെ മനുഷ്യ പിശകുകളെക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രതിരോധ കുത്തിവയ്പ്പ് പ്രോഗ്രാം വളരെ സുഗമമായി നടക്കുന്നുണ്ട്’ അദ്ദേഹം പറഞ്ഞു. രാജ്യത്തെ 30 കോടി ജനങ്ങളും ബീഹാറില്‍ 1.5 കോടിയും ഇതുവരെ വാക്സിന്‍ എടുത്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ വാക്സിനേഷന്‍ ഗൗരവമായി എടുക്കാത്തത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു