യുഎസ്‍ടി ഗ്ലോബല്‍ ഇനിമുതല്‍ യുഎസ്‍ടി
1 min readതിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്‍ടി ഗ്ലോബല്‍ അതിന്‍റെ പേര് യുഎസ്‍ടി എന്ന് മാറ്റി. വ്യവസായ രംഗത്തെ നേതൃപദവി, അതുല്യരായ വ്യക്തിത്വങ്ങള്‍, ഇന്നൊവേഷന്‍, ഊര്‍ജ്വസ്വലത, ഉപയോക്താക്കളോടുള്ള പ്രതിബദ്ധത തുടങ്ങിയവയില്‍ കമ്പനിയുടെ പദവിയെ ആവര്‍ത്തിച്ചുറപ്പിക്കുന്ന മാറ്റങ്ങളാണ് റീബ്രാന്‍ഡിങ്ങിലൂടെ കൊണ്ടുവരുന്നതെന്ന് യുഎസ്‍ടി വ്യക്തമാക്കുന്നു. പുതിയ ലോഗോയും അവതരിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ നിരന്തരം വികസിച്ചുവരുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതും നിലവിലെ സാഹചര്യങ്ങളെ മറികടക്കുന്നതും ഭാവിയിലേക്ക് പരുവപ്പെടുന്നതുമായ നൂതന പരിഹാരങ്ങളും വാഗ്ദാനങ്ങളുമാണ് റീബ്രാന്‍ഡിങ്ങില്‍ പ്രതിഫലിപ്പിക്കുന്നത്. ust.com എന്ന കമ്പനിയുടെ പുതിയ കോര്‍പ്പറേറ്റ് വെബ്സൈറ്റ് ഈ പരിവര്‍ത്തനത്തെ വെളിപ്പെടുത്തുന്നു.
സുപ്രധാനമായ ഉപ-ബ്രാന്‍ഡുകളെയും അനുബന്ധ സ്ഥാപനങ്ങളെയും ഒരു ഏകീകൃത ബ്രാന്‍ഡിന് കീഴിലാക്കുന്ന വിധത്തിലാണ് യുഎസ്‍ടി എന്ന ആഗോള ബ്രാന്‍ഡ് ഐഡന്റിറ്റി പ്രവര്‍ത്തിക്കുക. ലോകത്തെ ഏറ്റവും മികച്ച കമ്പനികള്‍ക്ക്, അവരുടെ ഏറ്റവും വലിയ വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് മുന്നേറാനുളള മാര്‍ഗദര്‍ശനമാണ് യുഎസ്‍ടി നല്‍കുന്നത്.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും നവീകരണത്തിലുമുള്ള യുഎസ്ടി-യുടെ നേതൃപദവിക്ക് കരുത്തുപകരുന്നതാണ് റീബ്രാന്‍ഡിംഗ് എന്ന് യുഎസ്‍ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു. കമ്പനിയുടെ തുടക്കം മുതല്‍ ഇങ്ങോട്ടുള്ള വളര്‍ച്ചയും വികാസവും പ്രതിഫലിപ്പിക്കാനുള്ള അഭിലാഷമാണ് റീബ്രാന്‍ഡിംഗിന്റെ കാതലെന്ന് യുഎസ്‍ടി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ലെസ്ലി ഷുള്‍സ് അഭിപ്രായപ്പെട്ടു. 25 രാജ്യങ്ങളിലെ 35 ഓഫീസുകളിലായി 26,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. സാങ്കേതികവിദ്യയ്‌ക്കൊത്ത് ചുവടുമാറ്റാനുള്ള ഉപയോക്താക്കളുടെ പരിശ്രമത്തില്‍ കമ്പനി ഭാഗഭാക്കാവുന്നു. മികച്ച മാറ്റങ്ങള്‍ക്കൊപ്പം ലാഭകരമായ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്ന അത്യാധുനിക പരിഹാരങ്ങളാണ് കമ്പനി രൂപകല്‍പ്പന ചെയ്യുന്നത്.