ഡെല്‍റ്റ വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി ജോ ബൈഡനും ആന്റണി ഫൗചിയും
1 min readകഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ എന്ന കോവിഡ്-19 വൈറസ് വകഭേദം ഇതിനോടകം 62ഓളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു
ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ നോവല്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവായ ഡോ. ആന്റണി ഫൗചിയും. യുകെയിലെ മുഖ്യ വകഭേദമായി മാറിയ ഡെല്‍റ്റ വകഭേദത്തിന് രോഗ വ്യാപന ശേഷി വളരെ കൂടുതലാണെന്നും 12നും 20നും ഇടയില്‍ പ്രായമുള്ളവരില്‍ അതിവേഗത്തിലാണ് ഈ വൈറസ് വ്യാപിക്കുന്നതെന്നും ഇരുവരും മുന്നറിയിപ്പ് നല്‍കി.
B1.617.2 എന്ന കോവിഡ്-19 വൈറസിന്റെ ഡെല്‍റ്റ വകഭേദം കഴിഞ്ഞ ഒക്‌റ്റോബറില്‍ ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ഇതുവരെ 62ഓളം രാജ്യങ്ങളിലേക്ക് ഈ വൈറസ് വ്യാപിച്ചതായി ലോകാരോഗ്യ സംഘടന കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു.
കോവിഡ്-19നെതിരെ വാക്‌സിനെടുക്കാത്ത യുവാക്കള്‍ എത്രയും വേഗം വാക്‌സിനെടുക്കണമെന്നും സ്വന്തം സുരക്ഷയ്ക്കും പിയപ്പെട്ടവരുടെ സുരക്ഷയ്ക്കുമായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം അതാണെന്നും ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. അമേരിക്കയിലെ ദേശീയ അലര്‍ജി, സാംക്രമിക രോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഡോ. ഫൗചിയും ഡെല്‍റ്റ വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കയില്‍ സീക്വന്‍സിംഗ് നടത്തുന്ന ആറ് ശതമാനം കേസുകളിലും ഡെല്‍റ്റ വകഭേദമാണ് രോഗകാരിയെന്നും ചുരുക്കം കേസുകളില്‍ മാത്രമാണ് യുഎസ് ജനിറ്റിക് സീക്വന്‍സ് നടത്തുന്നത് എന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും അധികമായിരിക്കുമെന്നും ഫൗചി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുകെയിലെ പ്രബല വകഭേദമായി ഡെല്‍റ്റ മാറിയിരുന്നു. നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 60 ശതമാനം കേസുകളിലും രോഗകാരി കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദമാണ്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ ആല്‍ഫ വകഭേദത്തേക്കാളും രാജ്യത്ത് ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ കൂടുതലായും ഉള്ളത്. പന്ത്രണ്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ വൈറസിന്റെ വ്യാപനം കൂടുതല്‍.അമേരിക്കയില്‍ ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ ഇടവരുത്തരുതെന്ന് ഫൗചി പറഞ്ഞു. ജൂലൈ നാലോടെ രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കെങ്കിലും കുറഞ്ഞത് ഒരു വാക്‌സിന്‍ ഡോസെങ്കിലും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. ഡെല്‍റ്റ വകഭേദം രാജ്യത്ത് ആശങ്കപ്പെടേണ്ട വകഭേദമായി മാറിയിരിക്കുന്നുവെന്നും കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും ബ്രിട്ടനിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.