ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്കൻ പദ്ധതി
വാഷിംഗ്ടൺ പരമ്പരാഗത ആയുധങ്ങൾ, ലോഹ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട് ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്. ഇറാൻ സമ്പദ് വ്യവസ്ഥയിൽ പരമാവധി സമ്മർദ്ദം ചെലുത്തി ആണവ, മിസൈൽ പദ്ധതികളിൽ കൂടുതൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ അവരെ നിർബന്ധിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അധികാരമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്.
ഇറാൻ: സമ്പദ് വ്യവസ്ഥയെ തകർച്ചയിലേക്ക് തള്ളിവിട്ട യുഎസ്, അന്താരാഷ്ട്ര ഉപരോധങ്ങളിൽ നിന്ന് കരകയറുന്നതിന് വേണ്ടി ലോകശക്തികളുമായി ഇറാൻ ഒപ്പുവെച്ച 2015ലെ ആണവ കരാറിൽ നിന്നും 2018ൽ പിന്മാറിയതിന് ശേഷമാണ് ട്രംപ് ഭരണകൂടം ഇറാനെതിരെ വീണ്ടും ഉപരോധങ്ങൾ കൊണ്ടുവന്നത്. ആണവ പദ്ധതികളിൽ നിന്നും ഇറാൻ പിന്മാറുകയെന്നതായിരുന്നു ഈ കരാറിന്റെ കാതൽ. ഇറാന്റെ ആണവ പദ്ധതികളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും ബാലിസ്റ്റിക് മിസൈൽ നിർമാണത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതും ഇറാഖ്, ലെബനൻ,സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഭീകര സംഘടനകൾക്ക് പിന്തുണ നൽകുന്നതിൽ നിന്ന് അവരെ തടയുന്നതുമായ പുതിയ കരാറിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ട്രംപ് ഭരണകൂടം 2015ലെ കരാറിൽ നിന്നും പിന്മാറിയത്.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡന് അധികാരമൊഴിഞ്ഞ് നൽകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി. നിബന്ധനകൾ പൂർണമായും പാലിച്ചാൽ അധികാരമേറ്റതിന് ശേഷം 2015ലെ ആണവ കരാറിലേക്ക് തിരിച്ചുവരുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.