യുഎസ് സൈനിക പിന്മാറ്റം; കാബൂളില്‍ സമ്മിശ്ര പ്രതികരണം
1 min readകാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്നും യുഎസ് സൈനികരുടെ പൂര്‍ണമായ പിന്മാറ്റം സംബന്ധിച്ച പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനത്തോട് കാബൂളിലെ ജനങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണം. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം അനുസരിച്ച് മെയ് ഒന്നിന് സൈനിക പിന്മാറ്റം ആരംഭിക്കും. അല്‍-ക്വായ്ദ അമേരിക്കയില്‍ ആക്രമണം നടത്തിയതിന്‍റെ വാര്‍ഷികമായ സെപ്റ്റംബര്‍ 11നകം ഇത് പൂര്‍ത്തിയാക്കും. ഇതോടെ യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിനാണ് അവസാനമാകുകയെന്നും ബൈഡന്‍ പറഞ്ഞിരുന്നു.
താലിബാന്‍ സംഘടനയും അല്‍-ക്വായ്ദ ശൃംഖലയും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും സജീവമായിരിക്കുന്ന ഈ ഘട്ടത്തില്‍ യുഎസ് സേന പിന്മാറുന്നത് യുക്തിസഹമല്ലെന്ന് കാബൂള്‍ നിവാസിയായ ഫറാഖ് ഷാ പറയുന്നു. തീവ്രവാദികളെ കുറയ്ക്കുന്നതിനായാണ് യുഎസ് അഫ്ഗാനിലിറങ്ങിയത്. എന്നാല്‍ തീവ്രവാദ ഗ്രൂപ്പുകള്‍ മുന്‍കാലത്തേക്കാള്‍ ഇന്ന് ശക്തമാണ്-ഷാ പറയുന്നു. നിരവധി സായുധ സംഘങ്ങളും സായുധ യുദ്ധപ്രഭുക്കളും ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നതിനാല്‍ യുഎസിന്‍റെ നേതൃത്വത്തിലുള്ള സേന പിന്മാറുന്നത് അഫ്ഗാനിസ്ഥാനില്‍ വിഭാഗീയ പോരാട്ടത്തിന് കാരണമാകുമെന്ന് മറ്റൊരു കാബൂള്‍ നിവാസിയായ മുഹമ്മദ് അയ്യൂബ് ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മുന്‍ താലിബാന്‍ വിരുദ്ധ കമാന്‍ഡറുമായ അബ്ദുല്‍ ബസീര്‍ സലങ്കി സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.”വിദേശ സേനയെ പിന്‍വലിക്കുന്നത് അഫ്ഗാന്‍ സേനയ്ക്ക് സ്വതന്ത്ര പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് സഹായിക്കും. ഇത് വിമതഗ്രൂപ്പുകളെ നേരിടാന്‍ സഹായിക്കും” സലങ്കി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. “ഒരു വലിയ ശക്തിയെന്ന നിലയില്‍ യുഎസ് വിശ്വസനീയമായ ഒരു സുഹൃത്തല്ല, കാരണം കഴിഞ്ഞ 20 വര്‍ഷമായി തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ വിജയിക്കുന്നതില്‍ പരാജയപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് യുഎസ് അഫ്ഗാനിസ്ഥാനുമായി ഉഭയകക്ഷി സുരക്ഷാ കരാര്‍ (ബിഎസ്എ) ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഈ കരാര്‍ പ്രകാരം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ യുഎസ് പരാജയപ്പെട്ടു. ഇപ്പോള്‍ യുഎസ് ഭീകരതക്കെതിരായ യുദ്ധത്തില്‍ അഫ്ഗാനിസ്ഥാനെ തനിച്ചാക്കി പിന്മാറുകയാണ്” മറ്റൊരു അഫ്ഗാന്‍ നിവാസിയായ മുഹമ്മദ് ഇക്ബാല്‍ പറയുന്നു.
യുഎസ് തീരുമാനത്തോട് അഫ്ഗാന്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഘനി ആദരവ് പ്രകടിപ്പിച്ചു. സുഗമമായ മാറ്റം ഉറപ്പാക്കാന്‍ യുഎസ് പങ്കാളികളുമായി തന്‍റെ സര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ദേശീയ അനുരഞ്ജനത്തിനായുള്ള ഹൈ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ലയുടെ അഭിപ്രായത്തില്‍, വിദേശശക്തികളുടെ പിന്‍മാറ്റത്തിലൂടെ അധികാരം വീണ്ടെടുക്കാന്‍ കഴിയുമെന്ന താലിബാന്‍ വിശ്വാസം തെറ്റായ കണക്കുകൂട്ടലാണ് എന്നാണ്. എങ്കിലും നാറ്റോ സൈന്യത്തിന്‍റെ പിന്‍മാറ്റത്തിലൂടെ അഫ്ഗാന്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിന്‍റെ പടുകുഴിയിലേക്ക് പതിക്കാനുള്ള സാധ്യത വളരെയേറെയാണ് എന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.