ട്വിറ്ററിന് ബദല്‍ ‘കൂ’ വാദവുമായി പീയൂഷ് ഗോയല്‍
1 min read‘കൂ’വില്‍ ചേര്‍ന്നതായി കാബിനറ്റ് മന്ത്രി
ന്യൂഡെല്‍ഹി: ട്വിറ്ററിന് ബദലായി മാറിയേക്കാവുന്ന തദ്ദേശീയ കൂ ആപ്പിന് പ്രചാരണവുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ രംഗത്ത്. ഡെല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ ഉടലെടുത്ത ഭിന്നതകള്‍ക്കിടെയാണ് താന്‍ ‘കൂ’വില്‍ ചേര്‍ന്നതായി കാബിനറ്റ് മന്ത്രി പ്രഖ്യാപിച്ചത്. കൂ എന്ന ഇന്ത്യന്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ നമുക്ക് ചിന്തകളും ആശയങ്ങളും പങ്കുവെയ്ക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ട്വിറ്ററിന് സമാനമായി ഇന്ത്യന്‍ ഭാഷകളില്‍ മൈക്രോബ്ലോഗിംഗ് സൗകര്യമൊരുക്കുന്ന കൂ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അവതരിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ചാലഞ്ചില്‍ കൂ വിജയം കരസ്ഥമാക്കിയിരുന്നു. ട്വിറ്റര്‍ പോലെ മറ്റ് വ്യക്തികളെ ഫോളോ ചെയ്യാനുള്ള സൗകര്യം കൂവില്‍ ലഭ്യമാണ്. ടെക്സ്റ്റ്, ഓഡിയോ, വീഡിയോ വകഭേദങ്ങളില്‍ മെസേജുകള്‍ പങ്കുവെയ്ക്കാന്‍ കൂവില്‍ കഴിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍ കീ ബാത്ത് റേഡിയോ പ്രഭാഷണ പരമ്പരയില്‍ പരാമര്‍ശിച്ച നാല് ആപ്പുകളിലൊന്നാണ് കൂ. മോദിയുടെ ആരാധകരും മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവരുമായ നിരവധി പേര്‍ കൂ വില്‍ ചേര്‍ന്നിരുന്നു. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ എന്നിവരും കൂവില്‍ അംഗങ്ങളാണ്. വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കൂവില്‍ എക്കൗണ്ടുകളുണ്ട്.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചില ഉള്ളടക്കങ്ങളും എക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന ഉത്തരവ് പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂവിനുവേണ്ടി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബാറ്റ് ചെയ്യുന്നതിന് പ്രാധാന്യം വര്‍ധിക്കുകയാണ്. ട്വിറ്ററിന് ഒരു ഇന്ത്യന്‍ ബദല്‍ വേണമെന്നും പ്രധാനമന്ത്രിയും മറ്റും ട്വിറ്റര്‍ വിടണമെന്നും ആവശ്യം ശക്തമാണ്.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മറാത്തി, തമിഴ്, തെലുഗു ഭാഷകളിലും കൂ ആപ്പ് ലഭ്യമാണ്. 400 അക്ഷരങ്ങളില്‍ കവിയാതെ സന്ദേശങ്ങള്‍ എഴുതി അയയ്ക്കാന്‍ കഴിയും. ഇത്തരം സന്ദേശങ്ങളെ കൂ എന്നാണ് വിളിക്കുന്നത്. ലിങ്കുകള്‍ പങ്കുവെയ്ക്കുന്നതിനും ഓഡിയോ, വീഡിയോ മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും പങ്കുവെയ്ക്കുന്നതിനും കഴിയും.