യുഎഇ സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷം 3.5 ശതമാനം ജിഡിപി വളര്‍ച്ച നേടും: സിബിയുഎഇ
1 min readഉയര്‍ന്ന ചിലവിടലും വായ്പ, തൊഴില്‍ വിപണികളിലെ ഉണര്‍വും ജിഡിപി വളര്‍ച്ചയ്ക്ക് ശക്തി പകരും
ദുബായ്: യുഎഇ സമ്പദ് വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). കഴിഞ്ഞ വര്‍ഷം അവസാനപാദത്തിലും രാജ്യം സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകള്‍ നല്‍കിതായും 2021ലും 2022ലും യഥാക്രമം 2.5 ശതമാനം, 3.5 ശതമാനം വീതം ജിഡിപി വളര്‍ച്ച രാജ്യത്തുണ്ടാകുമെന്നും കേന്ദ്രബാങ്ക് പ്രവചിച്ചു. എണ്ണ-ഇതര മേഖലയിലെ ജിഡിപി വളര്‍ച്ച 2021ലും 2022ലും യഥാക്രമം 3.6 ശതമാനം, 3.9 ശതമാനം വീതമായിരിക്കുമെന്നും ബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതം മൂലമുള്ള അനിശ്ചിതത്വങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ വളര്‍ച്ചാ നിഗമനങ്ങളില്‍ മാറ്റമുണ്ടാകാമെന്നും 2020 നാലാംപാദത്തിലെ സാമ്പത്തിക വളര്‍ച്ച അവലോകന റിപ്പോര്‍ട്ടില്‍ സിബിയുഎഇ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജിഡിപി വളര്‍ച്ചയില്‍ 5.8 ശതമാനം തിരിച്ചടി നേരിട്ടതായാണ് ബാങ്ക് കണക്ക്കൂട്ടുന്നത്. എണ്ണ-ഇതര ജിഡിപിയില്‍ 5.7 ശതമാനം തകര്‍ച്ചയുണ്ടായി.
ധനകാര്യ ചിലവിടലിലെ വര്‍ധനയും വായ്പ, തൊഴില്‍ വിപണികളിലെ ഉണര്‍വും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ ആപേക്ഷികമായ സന്തുലിതാവസ്ഥയും എണ്ണ-ഇതര ജിഡിപി വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് സിബിയുഎഇയുടെ കണക്ക് കൂട്ടല്‍. വീണ്ടെടുപ്പ് സംബന്ധിച്ച ആത്മവിശ്വാസവും 2021ലെ ദുബായ് എക്‌സ്‌പോ സംബന്ധിച്ച പ്രതീക്ഷകളും സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്നാണ് കരുതുന്നത്.
മൊത്തത്തിലുള്ള ജിഡിപി വര്‍ധിക്കുന്നതിനാല്‍ 2022ഓടെ യുഎഇ സമ്പദ് വ്യവസ്ഥയുടെ പൂര്‍ണമായ തിരിച്ചുവരവാണ് സിബിയുഎഇ പ്രവചിക്കുന്നത്. ചിലവിടലിലെ വര്‍ധനവ്, ബാങ്കുകളിലെ വായ്പ വളര്‍ച്ച, തൊഴില്‍ വിപണിയുടെ ശക്തമായ മുന്നേറ്റം എന്നിവ 2022ലും തുടരുമെന്ന പ്രതീക്ഷയും ബിസിനസ് വികാരം മെച്ചപ്പെട്ടതും ദുബായ് എക്‌സ്‌പോയുമായി ബന്ധപ്പെട്ട പ്രതീക്ഷകളും പൂര്‍ണമായ സാമ്പത്തിക വീണ്ടെടുപ്പിന് യുഎഇയെ സഹായിക്കുമെന്നാണ് സിബിയുഎഇ കരുതുന്നത്. മാത്രമല്ല. 2020ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് മേഖലയിലെ പ്രധാന ടൂറിസം, വ്യാപാര, യാത്രാ ഹബ്ബായ യുഎഇക്ക് ഗുണം ചെയ്യുമെന്നും സിബിയുഎഇ പ്രതീക്ഷിക്കുന്നുണ്ട്.
ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിക്കുകയും യാത്രാനിരോധനങ്ങള്‍ നീക്കുകയും വാക്‌സിന്‍ വിതരണം ആരംഭിക്കുകയും ചെയ്തതോടെ 2020 നാലാംപാദത്തില്‍ എണ്ണ-ഇതര മേഖലകള്‍ സാമ്പത്തികമായി കൂടുതല്‍ മെച്ചപ്പെട്ടതായി സിബിയുഎഇ നിരീക്ഷിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും 2019 നാലാംപാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ യുഎഇയുടെ പിഎംഐയില്‍ (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ്)-0.9 ഇടിവ് മാത്രമാണ് ഉണ്ടായത്. ഡിസംബറോടെ പിഎംഐ വളര്‍ച്ചയെ സൂചിപ്പിക്കുന്ന 51.2ലേക്ക് ഉയര്‍ന്നു. ദുബായ് എക്‌സ്‌പോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ ആത്മവിശ്വാസത്തിന്റെ തെളിവാണിതെന്ന് സിബിയുഎഇ പറയുന്നു. അടുത്ത രണ്ട് വര്‍ഷവും അതിന് ശേഷവും യുഎഇ സമ്പദ് വ്യവസ്ഥയില്‍ സ്ഥിരതയുള്ള സാമ്പത്തിക വീണ്ടെടുപ്പ് തുടരുമെന്ന സൂചനയാണ് പ്രധാന സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കണക്കുകള്‍ നല്‍കുന്നതെന്നും കേന്ദ്രബാങ്ക് കൂട്ടിച്ചേര്‍ത്തു.
റിയല്‍ എസ്റ്റേറ്റ്: പാര്‍പ്പിടങ്ങളുടെ വിലയിടിവ് നാലാംപാദത്തില്‍ മന്ദഗതിയിലായതായി കേന്ദ്രബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. അബുദാബിയില്‍ വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ എല്ലാ മാസവും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേട്ടം രേഖപ്പെടുത്തി.മാത്രമല്ല ഇവിടുത്തെ തൊഴില്‍ വിപണി തുടര്‍ച്ചയായ നാലാംമാസവും നില മെച്ചപ്പെടുത്തി.
ടൂറിസം: നവംബറിലെയും ഡിസംബറിലെയും അബുദാബിയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഹോട്ടലുകളിലെ താമസ നിരക്കും വരുമാനവും നില മെച്ചപ്പെടുത്തിയെന്നാണ്. 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്. അന്താരാഷ്ട്ര യാത്രാ മേഖല സജീവമായതാണ് ഇതിന് കാരണം.
സാമ്പത്തിക നില: 2020 മൂന്നാംപാദത്തിലെ മൊത്തത്തിലുള്ള സാമ്പത്തിക നില അനുസരിച്ച്, വരവ്ചിലവുകളില്‍ 4.6 ബില്യണ്‍ ദിര്‍ഹത്തിന്റെ കമ്മിയാണ് കാണിക്കുന്നത്. വരുമാനം 38 ശതമാനം ഇടിഞ്ഞ് 67.8 ബില്യണ്‍ ദിര്‍ഹമായി കുറഞ്ഞതും ചിലവുകള്‍ 21.7 ശതമാനം ഇടിഞ്ഞ് 72.4 ബില്യണ്‍ ദിര്‍ഹമായതുമാണ് അതിനുള്ള കാരണം. സാമ്പത്തിക ഞെരുക്കം മൂലം മൊത്തത്തിലുള്ള നിക്ഷേപത്തിലും വായ്പയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
പണപ്പെരുപ്പം: ഉപഭോക്തൃവിലകളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ നാലാംപാദത്തിലും കുറവ് രേഖപ്പെടുത്തി. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ ഉള്‍പ്പെടാത്ത ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 3.5 ശതമാനം കുറവുണ്ടായതാണ് അതിനുള്ള കാരണം. അതേസമയം മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ ഉള്‍പ്പെടുന്നവയുടെ വിലയില്‍ 0.1 ശതമാനം വിലക്കയറ്റമുണ്ടായി. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള ഉപഭോഗത്തില്‍ 34 ശതമാനം വരുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന് കാരണം ഭക്ഷ്യ, പാനീയങ്ങളുടെയും പുകയിലയുടെയും തുണിത്തരങ്ങളുടെയും ചെരുപ്പുകളുടെയും വിലകളിലുണ്ടായ വര്‍ധനയാണ്.
സാമ്പത്തിക ഭദ്രത : സാമ്പത്തിക ഭദ്രത സൂചികകള്‍ മികച്ച നിലയിലാണ്. സാമ്പത്തിക ഉത്തേജന പദ്ധതികളും വായ്പ തിരിച്ചടവിലെ ഇളവുകള്‍ ജൂണ്‍ മാസം വരെ നീട്ടാനുള്ള തീരുമാനങ്ങളും യുഎഇയുടെ സാമ്പത്തിക സ്ഥിതിക്ക് ഗുണം ചെയ്തു.
എണ്ണയുടെ സ്വാധീനം: ഗതാഗതത്തിലും അന്താരാഷ്ട്ര സഞ്ചാരത്തിലുമടക്കം ലോകമെമ്പാടും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ ഉപഭോഗത്തിലുണ്ടായ കുറവ് എണ്ണക്കയറ്റുമതി രാജ്യമായ യുഎഇയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സിബിയുഎഇ നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാംപാദത്തില്‍ യുഎഇയുടെ എണ്ണ ഉല്‍പ്പാദനം 17.7 ശതമാനവും നാലാംപാദത്തില്‍ 18.2 ശതമാനവും ഇടിഞ്ഞിരുന്നു. ഒപെക് പ്ലസുമായുള്ള ഉല്‍പ്പാദന നിയന്ത്രണ കരാറിനെ തുടര്‍ന്നാണിത്.