Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിസ്പെയ്സിന്‍റെ ഏഷ്യയിലെ ആദ്യ കോംപിറ്റന്‍സ് കേന്ദ്രം തലസ്ഥാനത്ത്

1 min read

തിരുവനന്തപുരം: സിമുലേഷന്‍ ആന്‍ഡ് വാലിഡേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തിലെ മുന്‍നിര കമ്പനിയായ ഡിസ്പെയ്സിന്‍റെ ഏഷ്യയിലെ ആദ്യത്തെ കോംപിറ്റന്‍സ് കേന്ദ്രം തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. മനുഷ്യവിഭവശേഷിയാല്‍ സമ്പന്നമായ സംസ്ഥാനത്തിന്‍റെ ആവാസവ്യവസ്ഥ കരുത്തുറ്റതാണെന്ന് തെളിയിക്കാന്‍ ഇതിലൂടെ സാധിച്ചതായി നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്പെയ്സ് പോലുള്ള സോഫ്റ്റ് വെയര്‍ അതികായന്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് ഡിസ്പേയ്സ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസിന്‍റെ ഉദ്യോഗസ്ഥരുമായി സംസാരിക്കവേ മന്ത്രി പറഞ്ഞു.

കണക്റ്റഡ്, ഓട്ടോണമസ്, ഇലക്ട്രിക്കല്‍ പവര്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ലോകമെമ്പാടുമുളള പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ണായക സേവനങ്ങള്‍ നല്‍കുന്ന ഡിസ്പേയ്സ് കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ഏഷ്യയിലെ ആദ്യത്തെ കോംപിറ്റന്‍സ് കേന്ദ്രമാണിത്. ജര്‍മ്മനിയിലും ക്രൊയേഷ്യയിലുമാണ് മറ്റ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

ഉയര്‍ന്നതോതില്‍ നൈപുണ്യമുള്ള മനുഷ്യവിഭവശേഷി ഇവിടെയുണ്ട് എന്നതാണ് കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും വിജ്ഞാനാധിഷ്ഠിതമാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍

ബഹിരാകാശ മേഖലയ്ക്കും ഐടിയ്ക്കും അനുബന്ധ വിഭാഗങ്ങള്‍ക്കും തലസ്ഥാനത്ത് മികച്ച ആവാസവ്യവസ്ഥയാണുള്ളത്. നിര്‍ദ്ദിഷ്ട ബഹിരാകാശ പാര്‍ക്ക് ഡിസ്പെയ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച് അവരെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തലസ്ഥാനത്ത് ലഭ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യതകള്‍ക്കൊപ്പം പ്രയോജനപ്പെടുത്താന്‍ ഡിസ്പേയ്സിന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വാഹന വ്യവസായത്തില്‍ പോര്‍ഷെ, ജാഗ്വാര്‍, ബിഎംഡബ്ല്യൂ, ഓഡി, വോള്‍വോ, എവിഎല്‍, ബോഷ്, ടാറ്റ മോട്ടോഴ്സ്, ഇസഡ്എഫ്, എംഎഎന്‍, ടൊയോട്ട, ഹോണ്ട, ഫോര്‍ഡ്, സ്റ്റെല്ലാന്‍റിസ്, ഹ്യൂണ്ടായ്, വിഡബ്ല്യൂ, ജിഎം, ഡെയ്ംലര്‍, ഡെന്‍സോ, റെനോ തുടങ്ങിയ വമ്പന്‍മാരുടെ പേരുകള്‍ ഡിസ്പെയ്സിന്‍റെ ഉപഭോക്താക്കളില്‍ ഉള്‍പ്പെടുന്നു.

കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി തന്നതിന് സംസ്ഥാന സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായി ഡിസ്പെയ്സ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ ആന്‍ഡ്രിയാസ് ഗൗ പറഞ്ഞു. പദ്ധതികളുടെയും ഉത്പന്നങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം കോംപിറ്റന്‍സ് കേന്ദ്രത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

രാജ്യത്തെ പല നഗരങ്ങളിലും അന്വേഷണം നടത്തിയെങ്കിലും സൗകര്യവും സാധ്യതയും കണക്കിലെടുത്താണ് സംസ്ഥാന തലസ്ഥാനം തിരഞ്ഞെടുത്തതെന്ന് ഡിസ്പെയ്സ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക്ളിന്‍ ജോര്‍ജ് പറഞ്ഞു. ഇവിടെ നിന്ന് പ്രതിഭാധനരായ യുവാക്കളെ റിക്രൂട്ട് ചെയ്ത് എല്ലാ ന്യൂജെന്‍ സാങ്കേതികവിദ്യയുമായി കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെപ്പോലുള്ള വലിയ വാഹന വിപണിയില്‍ ഈ കമ്പനിക്ക് മികച്ച സാധ്യതയാണുള്ളതെന്ന് ഡിസ്പേയ്സ് വൈസ് പ്രസിഡന്‍റ് എല്‍മര്‍ ഷ്മിറ്റ്സ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കൂടുതല്‍ ആളുകളെ ഇവിടെ നിയമിക്കുമെന്നും അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ്  കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കെഎസ്ഐഡിസി ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ജിഎം വര്‍ഗീസ് മാളക്കാരന്‍, കെഎസ്ഐഡിസി ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ എജിഎം സുനി പി എസ്, കെഎസ്ഐഡിസി ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ മാനേജര്‍ പ്രശാന്ത് പ്രതാപ്, ഡിസ്പെയ്സ് ഓഫ്ഷോറിംഗ് ഇന്ത്യന്‍ മേധാവി മഞ്ജു മേരി ജോര്‍ജ്, ഡിസ്പെയ്സ് ജര്‍മ്മനി സിഎഫ്ഒ ജെന്‍സ് ഗ്രോഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

1988 ല്‍ സ്ഥാപിതമായ ഡിസ്പെയ്സിന് ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, കൊമേഴ്സ്യല്‍, ഓഫ്-ഹൈവേ, ഇലക്ട്രിക് ഡ്രൈവുകള്‍, അക്കാദമിക്, മെഡിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ മേഖലകളിലായി മൂന്ന് പതിറ്റാണ്ടിലേറേ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. സോഫ്റ്റ് വെയര്‍ ഇന്‍-ദി-ലൂപ്പ് (എസ്ഐഎല്‍) ടെസ്റ്റിംഗ്, സെന്‍സര്‍ ഡാറ്റ മാനേജ്മെന്‍റ്, സിമുലേഷന്‍ മോഡലിംഗ്, ഡാറ്റ അന്നേട്ടേഷന്‍, ഡാറ്റ-ഡ്രൈവ് ഡെവലപ്മെന്‍റ്, പ്രോട്ടോടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ ഇന്‍-ദി-ലൂപ്പ് (എച്ച്ഐഎല്‍) ടെസ്റ്റിംഗ്, മോഡല്‍ ബേസ്ഡ് ഡെവലപ്മെന്‍റ്, പ്രൊഡക്ഷന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങി വിവിധ സേവനങ്ങള്‍ കമ്പനി ലഭ്യമാക്കുന്നു. ലോകമെമ്പാടുമായി 2,600 ലധികം ജീവക്കാര്‍ കമ്പനിക്കുണ്ട്.

Maintained By : Studio3